ADVERTISEMENT

പാലക്കാട് ∙ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം. ഇഷ്ടമുള്ള വിഷയവും ഇഷ്ടമുള്ള സ്കൂളും ലഭിക്കണമെങ്കിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധയുണ്ടാകണം. പാലക്കാട് ജില്ലയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 28,267 സീറ്റുകളാണുള്ളത്. ഓരോ വിഷയത്തിനും 20 ശതമാനം സീറ്റ് കഴിഞ്ഞ വർഷം വർധിപ്പിച്ചിരുന്നു. 32,926 സീറ്റുകളിലാണ് കഴിഞ്ഞ വർഷം പ്രവേശനം നടന്നത്. ജില്ലയിൽ 38,972 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടിയിട്ടുണ്ട്. വിഷയവും സ്കൂളും ഉറപ്പിച്ചതിനു ശേഷം അപേക്ഷ സമർപ്പിച്ചാൽ മതി.

 

പോയിന്റ് കണക്കാക്കുന്നത് ഇങ്ങനെ

 

A+ 9, D+ 3 എന്ന രീതിയിലാണ് ഓരോ ഗ്രേഡിനും കിട്ടുന്ന പോയിന്റ്. കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക (TGP). തിരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ് (GSW) കണക്കാക്കുന്നത് തിരഞ്ഞെടുത്ത കോമ്പിനേഷന് പ്രാധാന്യം നൽകിയിരിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്. ബയോ മാത്‌സ് തിരഞ്ഞെടുക്കുന്ന കുട്ടിയുടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ വെയ്റ്റേജാണ് പ്രവേശനത്തിന് പരിഗണിക്കുന്നത്.

 

ബോണസ് പോയിന്റ് ഇതിനെല്ലാം (പോയിന്റ് ബ്രാക്കറ്റിൽ)

 

പത്താം തരം കേരള സിലബസിൽ പഠിച്ചവർക്ക് (3)

എസ്എസ്എൽസിക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിച്ചാൽ (2)

താമസിക്കുന്ന അതേ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനിലുള്ള സ്‌കൂളുകളിൽ അപേക്ഷിച്ചാൽ (2)

താമസിക്കുന്ന അതേ താലൂക്കിലുള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിന്റ് ലഭിക്കും.

എൻസിസിയിൽ ഉണ്ടായിരുന്നവർ 75 ശതമാനത്തിൽ കുറയാത്ത ഹാജർ കെഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ ഉള്ളവരിൽ രാജ്യ പുരസ്കാർ നേടിയവർക്കും ബോണസ് പോയിന്റ് കിട്ടും.

സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ (2)

കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് (5)

ജവാൻമാരുടെയും ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് (3)

കായിക താരങ്ങൾക്കും ബോണസ് പോയിന്റ് ലഭിക്കും. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവർക്കാണു പോയിന്റ്

 

ഭാവി മുന്നിൽ കണ്ട് തീരുമാനമെടുക്കണം

 

പ്ലസ് വൺ പ്രവേശനം നേടുന്നതിനു മുൻപ് വിദ്യാർഥികൾ ഹ്രസ്വകാല കോഴ്സുകളാണോ ദീർഘകാല കോഴ്സുകളോ തിരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണം. പ്രൊഫഷനൽ വിദ്യാഭ്യാസമാണ് ലക്ഷ്യമെങ്കിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനം നേടണം. ഇതിനു രണ്ടിനും തുല്യ മൂല്യമാണുള്ളത്. മെഡിക്കൽ രംഗമാണ് താൽപര്യമെങ്കിൽ ബയോളജി പഠിച്ചിരിക്കണം. എൻജിനീയറിങ് മതിയെന്നു തീരുമാനിക്കുന്നവർക്കു വേണമെങ്കിൽ ബയോളജി ഒഴിവാക്കാം. ഡൽഹി യൂണിവേഴ്സിറ്റിയിലും കേന്ദ്ര സർവകലാശാലകളിലോ ഇക്കണോമിക്സ് പഠിക്കാനാണ് താൽപര്യമെങ്കിൽ ഹയർസെക്കൻഡറിയിൽ കണക്ക് പഠിച്ചിരിക്കണം.

ഉന്നത പഠനത്തിന് എല്ലാം പ്രവേശന പരീക്ഷയുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയെന്നു കരുതി ഈ കടമ്പ വിദ്യാർഥികൾ കടക്കണമെന്നില്ല. മികവിന്റെ മാനദണ്ഡം മാർക്ക് മാത്രമല്ല. ദേശീയ മത്സര പരീക്ഷകളെക്കുറിച്ച് മനസ്സിലാക്കുകയും അതിന്റെ സിലബസ് മനസ്സിലാക്കി പരിശീലനം ആരംഭിക്കുകയും വേണം. കുട്ടികളുടെ കഴിവിന് അനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികളുടെ അഭിരുചിക്കാണ് പ്രാധാന്യം നൽകേണ്ടത്.

 

വിവരങ്ങൾക്ക് കടപ്പാട്:

സാനു സുഗതൻ
പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ, കരിയർ ഗൈഡൻസ് ആൻ‍ഡ് അഡോളസന്റ് കൗൺസലിങ് സെൽ, ഹയർ സെക്കൻഡറി വിഭാഗം

Content Summary : Plus One Admission - Single Window System for Higher Secondary Admissions Guideline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com