ADVERTISEMENT

ഹോം വർക്കോ പുസ്തകങ്ങളോ ഇല്ലാത്ത ഒരു സ്‌കൂൾ. സ്‌കൂളിൽനിന്ന് വീട്ടിൽ വരുന്ന കുട്ടികൾ ഒരു സമ്മർദവുമില്ലാതെ കളിക്കുന്നു. പെയ്‌ന്റിങ് പോലെ ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടുന്നു. അങ്ങനെയൊരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് ആർക്കും സംശയവും ആശങ്കകളും തോന്നാം. മറ്റെല്ലാ സ്‌കൂളുകളിൽനിന്നും വ്യത്യസ്തം. പഠിക്കാത്ത കുട്ടികൾക്കു മാർക്ക് കിട്ടുമോ? എന്നാൽ റിസൽറ്റ് വന്നപ്പോൾ, പഠിക്കാതെ നടന്ന കുട്ടികൾ ഉയർന്ന മാർക്ക് നേടി വിജയിച്ചു. അതൊരു അദ്ഭുതമായിരുന്നു. ഊട്ടിയിലെ ഒരു ബ്രിട്ടിഷ് സ്‌കൂളിൽനിന്ന് മനസ്സിലാക്കിയ ഈ മാതൃകയിൽ നിന്നാണ് പള്ളിക്കൂടം ഉയർന്നത്. കോട്ടയത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം. ആഗോളതലത്തിൽത്തന്നെ പ്രശസ്തിയാർജിച്ച മലയാളി വിജയത്തിന്റെ ഉദാത്ത മാതൃക. അത്ര പെട്ടെന്നൊന്നും ആർക്കും അനുകരിക്കാനോ നടപ്പാക്കാനോ കഴിയാത്ത ഈ മാതൃക വിജയകരമായി നടപ്പാക്കിയതിന്റെ എല്ലാം ക്രെഡിറ്റും ഒരാൾക്കുള്ളതാണ്. സ്‌കൂളിന്റെ സ്ഥാപകയായ, നാലു പതിറ്റാണ്ടിലധികം പ്രിൻസിപ്പലായും മരണം വരെയും മാർഗദീപമായും ജ്വലിച്ച മേരി റോയിക്ക്. ഒരുപക്ഷേ ഇനിയും പള്ളിക്കൂടത്തെ നയിക്കുന്നതും മേരി റോയ് എന്ന അസാധാരണ വിദ്യാഭ്യാസ വിദഗ്ധ അവശേഷിപ്പിച്ച ആശയങ്ങളായിരിക്കും. തലമുറകളിലേക്കു പടരുന്ന, പകരുന്ന പ്രതിഭയുടെ കെടാവിളക്ക്.

 

Mary Roy
മേരി റോയ്

തുടക്കത്തിൽ കോർപസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്റെ പേര്. പിന്നീടാണ് പള്ളിക്കൂടമായി മാറിയത്. 42 വർഷം പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു മേരി റോയ് നയിച്ച, ഒട്ടേറെത്തവണ മികച്ച സ്‌കൂളിനുള്ള അംഗീകാരം നേടിയ പള്ളിക്കൂടം. വിദ്യാഭ്യാസ രീതി മാത്രമല്ല കാഴ്ചയിൽ പോലും വ്യത്യസ്തമായിരുന്നു സ്‌കൂൾ. ബദൽ വാസ്തുശിൽപ മാതൃകയിലൂടെ കേരളത്തിന്റെ സ്വന്തമായ ലാറി ബേക്കറാണ് സ്‌കൂൾ ഡിസൈൻ ചെയ്തത്. വൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന ഒരു കുന്നിൽ ഉയർന്നുനിൽക്കുന്ന മനോഹര സ്ഥാപനം. അവിടെ പഠിച്ചവർക്കൊന്നും അവിടം വിടാനേ തോന്നില്ല. കണ്ടവർക്കുപോലും വീണ്ടും കാണാനും ഭാഗമാകാനും തോന്നും. പഠനത്തിന്റെ പ്രത്യേതകൾ വേറെ. കലാകായിക രംഗത്തെ മികവുകൾ എത്ര പറഞ്ഞാലും തീരില്ല. അറിവു സ്വന്തമാക്കുക മാത്രമല്ല, വ്യക്തി എന്ന നിലയിൽ സമഗ്ര വളർച്ചയിലേക്കുള്ള ആദ്യത്തെ പടവുകളിലേക്ക് ധീരമായി നയിക്കുന്ന യഥാർഥ വിദ്യാഭ്യാസ സ്ഥാപനം.

 

ഊട്ടിയിലെ ജീവിതം മടുത്ത് കോട്ടയത്തെത്തിയ മേരി റോയിക്ക് ജീവിക്കാനും ജോലി ചെയ്യാനും വളരാനും ആരും സുവർണ പരവതാനി വിരിച്ചിരുന്നില്ല. സാഹചര്യങ്ങളോട് പടവെട്ടിയാണ് അവർ വളർന്നത്. അങ്ങനെ തന്നെയാണ് സ്‌കൂളും ഉയർത്തിയതെന്ന് ആദ്യകാല ചരിത്രം അറിയുന്നവർക്കൊക്കെ മനസ്സിലാകും. റോട്ടറി ക്ലബിന്റെ വാടയ്‌ക്കെടുത്ത ഹാളിലായിരുന്നു ഇന്നത്തെ പള്ളിക്കൂടത്തിന്റെ എളിയ തുടക്കം. 1969 ൽ സ്‌കൂൾ തുടങ്ങി. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ. എല്ലാവരെയും ഒന്നിച്ചിരുത്തി പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മേരി റോയ് ആദ്യത്തെ ചുവടുവച്ചു. ധനികരായ ബന്ധുക്കൾ പുച്ഛിച്ചു. നഴ്‌സറി ടീച്ചർ എന്നു വിളിച്ചു കളിയാക്കി. മേരി റോയ് തളർന്നില്ല. നഴ്‌സറി ടീച്ചർ എന്ന പദവി ഒരു കുറവല്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതു സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും തീരുമാനിച്ചു. ആ ദൃഢനിശ്ചയം പിന്നീട് അവരുടെ ഓരോ ചുവടിലും കരുത്ത് പകർന്നു. കുട്ടികൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതോടെ രക്ഷകർത്താക്കൾക്കും സംഭവം ഇഷ്ടപ്പെട്ടു. ഇന്നലെ വരെ പഠിച്ച രീതിയിൽനിന്നു വ്യത്യസ്തമായി മികച്ച ഒരു അധ്യാപിക പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതിയൊരു തലമുറയെ പുത്തൻ ഭാവിയിലേക്കു നയിക്കുന്നു. അതാണു പിന്നീട് ലോകം കണ്ടത്. മേരി റോയ് പകർന്ന ബദൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പിൽക്കാലത്ത് ഒട്ടേറെപ്പേർ ഏറിയും കുറഞ്ഞും പകർത്തി. അപ്പോഴും ഉയർന്നുതന്നെ നിന്നു പള്ളിക്കൂടം; ശിൽപിയായ മേരി റോയിയും.

 

കുട്ടികൾ കൂടാൻ തുടങ്ങി. സ്ഥലം തികയാതെ വന്നു. കോട്ടയത്ത് കളത്തിപ്പടിയിൽ കുന്നിൽ അഞ്ചേക്കർ സ്ഥലം സ്വന്തമാക്കി. നിയോഗം പോലെ ലാറി ബേക്കർ എത്തി. സ്‌കൂൾ ഉയർന്നു. (പിന്നീടത് 10 ഏക്കറിലായി).

Mary Roy
മേരി റോയ്

 

ഒട്ടേറെ പ്രത്യേകതകളുണ്ട് പള്ളിക്കൂടത്തിന്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ മാത്രമാണ്. ജനിച്ചു വീഴുമ്പോൾ മുതൽ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്ന കേരളത്തിൽ മേരി റോയ് സ്വീകരിച്ചത് സാഹസികതയുടെ വഴി. എന്നാൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ വിദഗ്ധർ പകർന്ന പാഠങ്ങൾ അവരുടെ മനസ്സിലുണ്ടായിരുന്നു. നാലാം ക്ലാസ് വരെ ഇംഗ്ലിഷ് പഠിക്കാത്ത പള്ളിക്കൂടത്തിലെ കുട്ടികൾ മുതിരുന്നതോടെ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നവരായി മാറുന്നു.

 

എട്ടാം ക്ലാസ് വരെ കുട്ടികൾക്ക് പരീക്ഷയുമില്ല. വർഷാവസാനം പരീക്ഷ നടത്തി അളക്കേണ്ടതല്ല കുട്ടികളുടെ നിലവാരം എന്നതായിരുന്നു മേരി റോയിയുടെ നിലപാട്. എല്ലാ ദിവസവും കുട്ടികളെ കാണുന്ന, അവരുടെ നിലവാരം നന്നായി അറിയാവുന്ന അധ്യാപകർക്ക് പരീക്ഷ ഇല്ലാതെ തന്നെ മനസ്സിലാകില്ലേ ഓരോ കുട്ടിയും എന്തു പഠിച്ചു, എന്തൊക്കെ മനസ്സിലാക്കി എന്നത്.

 

താഴന്ന ക്ലാസ് മുതലേ ഏറ്റവും മികച്ച അധ്യാപകരാണ് കുട്ടികളെ നയിക്കുന്നത്. താഴ്ന്ന ക്ലാസ്സിൽ നിലവാരം കുറഞ്ഞ അധ്യാപകർ എന്ന രീതിയില്ല. അടിസ്ഥാനം നന്നായാൽ കെട്ടിടം ഉറപ്പോടെ നിൽക്കും എന്നതുപോലെ തുടക്കം നന്നാകുന്ന കുട്ടികൾ മികച്ച ഭാവിലേക്കു മുന്നേറും എന്ന് അവർക്ക് ഉറപ്പായിരുന്നു. പള്ളിക്കൂടത്തിൽനിന്ന് മികച്ച നിലയിൽ പുറത്തിറങ്ങുകയും ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലൂടെ മുന്നേറുകയും ചെയ്ത ഓരോ കുട്ടിയും ഈ വിദ്യാഭ്യാസ രീതിയുടെ ഗുണഭോക്താവാണ്. അവർ ഒരിക്കലും അറച്ചു നിൽക്കുന്നില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഉയർന്ന നിലകളിൽ എത്തി ജീവിക്കുന്നുണ്ട്. അവരുടെ മക്കൾ പള്ളിക്കൂടത്തിലേക്കു തന്നെ വരുന്നുമുണ്ട്.

 

പള്ളിക്കൂടത്തിൽനിന്ന് പുറത്തിറങ്ങുന്ന എല്ലാ കുട്ടികളും ഉന്നത നിലയിൽ ജീവിക്കുന്നു എന്നതിനേക്കാൾ മനസ്സ് നയിക്കുന്ന വഴിയിലൂടെയാണ് മുന്നോട്ടു പോയത് എന്നതാണ് യാഥാർഥ്യം. ഉന്നത ജോലി ലഭിച്ചിട്ടും അതു വേണ്ടെന്നുവച്ച് ശാന്തമായ ജീവിതം നയിക്കുന്നവരും അവരിലുണ്ട്. അതിനു വേണ്ട മാനസിക പക്വത കൂടി അവർ പള്ളിക്കൂടത്തിൽനിന്നു നേടിയിട്ടുണ്ട്. അുതതന്നെയാണ് മേരി റോയ് ആഗ്രഹിച്ചും.

 

കോർപസ് ക്രിസ്റ്റി എന്ന ആദ്യ പേരിൽനിന്ന് പിന്നീട് മലയാളം പേരിലേക്ക് മാറി. പുതിയ പേര് തിരഞ്ഞെടുത്തത് ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിലൂടെ ബുക്കർ സമ്മാനം നേടിയ അരുന്ധതി റോയ് ആണ്. പേരിലുമുണ്ട് പ്രതിഭാസ്പർശം വേണ്ടുവോളം. അരുന്ധതി ആറാം ക്ലാസ് വരെ പഠിച്ചതും പള്ളിക്കൂടത്തിൽ തന്നെയാണ്. അക്കാലത്ത് ആറാം ക്ലാസ് വരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ.

 

പള്ളിക്കൂടത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയിട്ടാണ് മേരി റോയ് വിടവാങ്ങുന്നത്. സ്‌കൂൾ മുന്നോട്ട് നടത്താൻ സൊസൈറ്റിയുണ്ട്. കൂട്ടായ്മയുടെ ഒരു ടീം. ആ കൈകളിൽ ഭാവി ഭദ്രമാണ്. ഒപ്പം ആ ആശയങ്ങളുടെ മങ്ങാത്ത വെളിച്ചവും. അറിവിനെ ചങ്ങലയ്ക്കിടാൻ ആർക്കും കഴിയില്ലല്ലോ. അറിവിന്റെ വെളിച്ചത്തിൽ ജീവിച്ച മേരി റോയിയെയും. പള്ളിക്കൂടം പകരുന്ന വെളിച്ചം ഇന്നും ഇനിയെന്നും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെളിച്ചം പകരുമ്പോൾ അതു മേരി റോയ് എന്ന വിദ്യാഭ്യാസ വിദഗ്ധയുടെ വിജയമാണ്. ഒപ്പം വേറിട്ട വഴിയിൽ പഠിപ്പിക്കാൻ തീരുമാനിച്ച അധ്യാപികയുടെയും.

 

Content Summary : Remembering Mary Roy and her Contributions in Education Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com