ADVERTISEMENT

കോട്ടയം. സംസ്ഥാനത്ത് ആദ്യമായി അക്കാദമിക് ടൂറിസത്തിനായി അടുത്ത മാസം മുതൽ വാതിൽ തുറന്നിടാൻ കോട്ടയം സിഎംസ് കോളജ് ഒരുങ്ങുമ്പോൾ കാണാനും അറിയാനും ഏറെ കാഴ്ചകൾ. ഒക്ടോബറിൽ സന്ദർശകർക്ക്  ഉൾപ്പെടെ കോളജിൽ പ്രവേശനം അനുവദിക്കുമെന്നും  വൈജ്ഞാനിക വിനോദസഞ്ചാരം എന്ന നവ ആശയം ആദ്യമായി കേരളത്തിൽ നടപ്പാകുന്ന കലാലയം സിഎംഎസ് കോളജാകുന്നതിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പൽ ഡോ.വർഗീസ് സി. ജോഷ്വാ പറഞ്ഞു.

 

കോളജ് ക്യാംപസിലുള്ള എഴുന്നൂറിലധികം തരത്തിലുള്ള സസ്യജാലങ്ങളും അന്യം നിന്നു പോകുന്നതടക്കമുള്ള ജന്തുജാലങ്ങളും കൗതുക കാഴ്ചകളാണ്. ഏഴു വർഷം കൊണ്ടാണ് ഇവയെല്ലാം കണ്ടെത്തി വർഗീകരിച്ച് ക്യുആർ കോഡ് ഉൾപ്പടെ നൽകിയിരിക്കുന്നത്. ഗവേഷക വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്. റജിസ്ട്രേഷനുള്ള ആപും തയാറാകുന്നു.

 

എന്തിന് അക്കാദമിക് ടൂറിസം, എന്തെല്ലാം കാഴ്ചകൾ

 

പാശ്ചാത്യ മാതൃകയിൽ ഇന്ത്യയിൽ ആദ്യമായി തുടങ്ങിയ കോളജുകളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ സിഎംസ്. കോളജിന്റെ പൗരാണികതയും, സാംസ്കാരിക, സാഹിത്യ, പരിസ്ഥിതി മേഖലകളിലെ അപൂർവതയും അനന്യം. കണ്ടാലും തീരാത്ത കാഴ്ചകളും അറിഞ്ഞാലും മതിവരാത്ത വിവരങ്ങളുമാണ് ഈ കലാലയത്തിലുള്ളത്.

 

കണ്ടാലും തീരാത്ത കാഴ്ചകളും അറിഞ്ഞാലും മതിവരാത്ത വിവരങ്ങളുമാണ് ഈ കലാലയത്തിലുള്ളത്.
കണ്ടാലും തീരാത്ത കാഴ്ചകളും അറിഞ്ഞാലും മതിവരാത്ത വിവരങ്ങളുമാണ് ഈ കലാലയത്തിലുള്ളത്.

പൗരാണികം

 

1817 ജനുവരി 20ന് കൊൽക്കൊത്തയിൽ ഹിന്ദു കോളജാണ് ആദ്യം ആരംഭിച്ചതെങ്കിലും ഇടക്കാലത്ത് അതിന്റെ പ്രവർത്തനം നിലയ്ക്കുകയും പിന്നീട് പ്രസിഡൻസി കോളജായി പരിണമിക്കുകയും ചെയ്തു. എന്നാൽ 1817ൽ മാർച്ചിൽ ഓക്സഫഡ്, കേംബ്രിഡ്ജ് മാതൃകയിൽ ചർച്ച് മിഷൻ സൊസൈറ്റി ആരംഭിച്ച സിഎംസ് കോളജ് ഇപ്പോഴും സജീവം. കേണൽ മൺറോയുടെ രക്ഷകർതൃത്വത്തിൽ ആരംഭിച്ച കോളജിന്റെ ആദ്യ പ്രിൻസിപ്പൽ റവ.ബഞ്ചമിൻ ബെയ് ലിയായിരുന്നു. കോളജിനുള്ളിൽ പ്രിൻസിപ്പലിന് താമസയിടമുള്ള കേരളത്തിലെ ഏക കോളജും സിഎംസ് ആണ്. കേന്ദ്ര സർക്കാരിന്റെ പൈതൃക പദവിയും കോളജിനുണ്ട്. ആധുനിക മലയാള ലിപി, ആദ്യ നിഘണ്ടു, ആദ്യ വ്യാകരണ പുസ്തകം, ആദ്യ ദിനപ്പത്രം(ജ്ഞാനനിക്ഷേപം), ഇന്ത്യയിലെ ആദ്യ കോളജ് മാഗസിൻ(വിദ്യാസംഗ്രഹം എന്ന ആദ്യ മാഗസിന്റെ പേരു തന്നെ ഇപ്പോഴും ഉപയോഗിക്കുന്നു) തുടങ്ങിയവയെല്ലാം കോളജിന്റെ സംഭാവനകളാണ്. ഇവയെല്ലാം ഇവിടെ പ്രദർശിപ്പിക്കും.

 

ഗാന്ധിജി തള്ളിപ്പറഞ്ഞ സമരം

 

സർക്കാരിന്റെ രണ്ടു കോടി രൂപ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന ബഞ്ചമിൻ ബെയ് ലി മ്യൂസിയത്തിൽ അച്ചടിയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വൻ ശേഖരം പ്രദർശിപ്പിക്കും.
സർക്കാരിന്റെ രണ്ടു കോടി രൂപ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന ബഞ്ചമിൻ ബെയ് ലി മ്യൂസിയത്തിൽ അച്ചടിയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വൻ ശേഖരം പ്രദർശിപ്പിക്കും.

കോളജിലെ വിദ്യാർഥികൾ നടത്തിയ സമരം സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിച്ചെങ്കിലും അത് പ്രാദേശികമായി നടന്ന സമരം മാത്രമാണെന്ന് മനസ്സിലാക്കി ഗാന്ധിജി കോളജ് അധികൃതർക്ക് കത്ത് അയച്ച സംഭവവും ഉണ്ട്. ഇത് ഉൾപ്പടെ കോളജിന്റെ പ്രധാന നാൾവഴികളെല്ലാം ത്രിമാന സിമന്റ് ചിത്രങ്ങളായി ക്യാംപസിന്റെ മതിൽക്കെട്ട് അലങ്കരിക്കുന്നുണ്ട്. ആറായിരം ചതുരശ്ര അടിയാണ് ഇവയുടെ ആകെ വിസ്തൃതി. ഇതിനു പുറമേ ക്യാംപസിനുള്ളിൽ പ്രശസ്ത ശിൽപികൾ കൃഷ്ണശിലയിൽ കൊത്തിയ ആറു വലിയ ശിൽപങ്ങളുമുണ്ട്.

 

അലങ്കാര മത്സ്യങ്ങൾ

നഗരത്തിലെ മൊത്തക്കച്ചവടക്കാർക്ക് അലങ്കാര മത്സ്യങ്ങൾ നൽകുന്ന കേന്ദ്രമാണ് കോളജ്. അതിന്റെ പ്രജനന-പരിപാലന രീതികൾ കാണാം. അലങ്കാര മത്സ്യങ്ങളുടെ വിപുലമായ പ്രദർശനത്തിനാണ് ക്യാംപസിൽ പുതിയതായി കെട്ടിടം സജ്ജമാക്കുന്നത്. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് അക്വേറിയം നിർമിക്കുന്നത്. ഇതിനുള്ളിൽ തുമ്പൂർമൂഴി മാതൃകയിൽ മാലിന്യ സംസ്കരണ പ്ലാന്റും നിർമിക്കുന്നുണ്ട്. ഇതിനു പുറമേ കോളജിന്റെ 40 ഏക്കറോളം വരുന്ന ക്യാംപസിനുള്ളിൽ സർക്കാർ സഹായത്തോടെ മ്യൂസിയവും നിർമിക്കുന്നു. 8500 ചതുരശ്ര അടി വിസ്തൃതിയിൽ പണിയുന്ന കെട്ടിടത്തിന് രണ്ടു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

 

പച്ചക്കറി കൃഷി, സോളർ പ്ലാന്റ്

ജൈവ പച്ചക്കറി കൃഷി, ജൈവ മാലിന്യ സംസ്കരണം , സോളർ വൈദ്യുതോത്പാദനം എന്നിവ നേരിട്ട് അറിയാം. ഏഴു വർഷം കൊണ്ട് തരംതിരിച്ച എഴുന്നൂറിലധികം ഇനം സസ്യങ്ങളെ തൊട്ടറിയാം. അവയുടെ സകല വിവരങ്ങളും ക്യൂ ആർ കോഡ് വഴി മനസ്സിലാക്കാം. അപൂർവയിനം ജന്തുജാലങ്ങളെക്കുറിച്ചും അറിയാം. എപ്പോഴും ചിത്രശലഭങ്ങൾ വട്ടമിട്ടു പറക്കുന്ന കാഴ്ച ക്യാംപസിലെ മറ്റൊരു പ്രത്യേകതയാണ്. പ്രിൻസിപ്പലിന്റെ താമസയിടത്തിന് സമീപം ഈ മനോഹര ദൃശ്യം കാണാം. 

 

വൻ ഡിജിറ്റൽ ലൈബ്രറി

വിരൽത്തുമ്പിൽ വിവരമെത്താൻ ആറായിരം ചതുരശ്ര അടി വിസ്തൃതിയിൽ വമ്പൻ ഡിജിറ്റൽ ലൈബ്രറിയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ കോളജ് ക്യാംപസുകളിലെ ആദ്യ എജ്യുക്കേഷൻ തീയറ്ററും സജ്ജം. ഇതിനുള്ളിലെ സൗകര്യങ്ങളും ശബ്ദ-വെളിച്ച സംവിധാനങ്ങളും ഗംഭീരം. 

 

ബഞ്ചമിൻ ബെയ് ലി പൈതൃക മ്യൂസിയം

സർക്കാരിന്റെ രണ്ടു കോടി രൂപ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന ബഞ്ചമിൻ ബെയ് ലി മ്യൂസിയത്തിൽ അച്ചടിയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വൻ ശേഖരം പ്രദർശിപ്പിക്കും. 

 

Content Summary : CMS college opens its gates for academic tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com