വിപ്രോയുടെ നടപടി കൂട്ടപ്പിരിച്ചുവിടലിൽ അവസാനിക്കുമോ?: വിവാദങ്ങൾക്കു തിരികൊളുത്തി മൂൺലൈറ്റിങ്

HIGHLIGHTS
  • 300 ജീവനക്കാരെയാണ് വിപ്രോ പിരിച്ചുവിട്ടത്.
  • റിഷാദ് പ്രേംജിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണു കേട്ടത്.
PTI2_16_2017_000071A
റിഷാദ് പ്രേംജി : Photo Credit: PTI
SHARE

കോവിഡ് മനുഷ്യരാശിക്ക് ഏറെ തടസ്സങ്ങൾ സൃഷ്ടിക്കുകയും വലിയ നഷ്ടങ്ങൾക്കു കാരണമാകുകയും ചെയ്‌തെങ്കിലും ജോലിയുടെ സ്വഭാവത്തെ പുനർനിർവചിച്ചു എന്നൊരു യാഥാർഥ്യം കൂടിയുണ്ട്. ജോലിത്തിരക്കു മൂലം വീട്ടിലിരിക്കാൻ സമയമില്ലെന്നു പരാതി പറഞ്ഞ പലർക്കും വീട്ടിൽനിന്നു പുറത്തിറങ്ങാൻ സമയമില്ലെന്നു പറയേണ്ടിവന്നു എന്നതാണ് ഒരു മാറ്റം. വർക് ഫ്രം ഹോം വ്യാപകമായതോടെയാണ് തുടർച്ചയായ മണിക്കൂറുകൾ ഓഫിസുകളിൽ ഇരിക്കേണ്ടിവന്ന, യാത്രയ്ക്ക് ഏറെ സമയം ചെലവഴിക്കേണ്ടിവന്ന ആളുകൾക്ക് വീട്ടിൽത്തന്നെയിരുന്നു ജോലി ചെയ്യാൻ അവസരമൊരുങ്ങിയത്. നേരത്തേതന്നെ വിദേശ കമ്പനികൾക്കുവേണ്ടി ഇന്ത്യയിലിരുന്നും മറ്റും ഒരു ന്യൂനപക്ഷം ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും അധ്യാപകരും ഐടി ജോലിക്കാരും ഉൾപ്പെടെയുള്ളവർ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് പുതുമയായിരുന്നു. 

ഈ മാറ്റത്തെ ആവേശത്തോടെ പലരും ഏറ്റെടുത്തതോടെ ജോലിയിലെ കാര്യക്ഷമത കൂടിയെന്ന് ചില കമ്പനി അധികൃതരും സാക്ഷ്യപ്പെടുത്തി. ഓഫിസിലെ വൈദ്യുതിച്ചെലവും മറ്റും കാര്യമായി ലാഭിക്കാമെന്നതും വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിച്ചു. കോവിഡ് മാറിയാലും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലേക്കും പല കമ്പനികളും എത്തി. എന്നാൽ, വർക് ഫ്രം ഹോമിന്റെ മറവിൽ ചില മോശം പ്രവണതകളും വളർന്നുവന്നതായി ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. പ്രമുഖ ഐടി കമ്പനി വിപ്രോയാണ് ഇത്തരം ചില പ്രവണതകളെ വെളിച്ചത്തുകൊണ്ടുവരികയും കർശന നടപടിയെടുക്കുകയും ചെയ്തത്. ഇതോടെ, ജോലി ചെയ്യുന്നവരുടെ ധാർമികത എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

300 ജീവനക്കാരെയാണ് ‘അധാർമിക പ്രവണത’യുടെ പേരിൽ വിപ്രോ പിരിച്ചുവിട്ടത്. ഇതേക്കുറിച്ച് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണു കേട്ടത്. വിപ്രോയിൽ ജോലി ചെയ്യുമ്പോൾത്തന്നെ എതിരാളികളായ കമ്പനിക്കു വേണ്ടിയും ജോലി ചെയ്തു എന്നു കണ്ടെത്തിയതിനാലാണ് അപൂർവമായ പിരിച്ചുവിടൽ വേണ്ടിവന്നതെന്നും റിഷാദ് പറഞ്ഞു. എന്നാൽ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ഉൾപ്പെടെ പല കമ്പനികളും തങ്ങളുടെ ജീവനക്കാർ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. വിപ്രോയുടെ നടപടി ഈ കൂട്ടപ്പിരിച്ചുവിടലിൽ അവസാനിക്കുമോ അതോ തുടരുമോയെന്ന ഭീതിയും ഉയർന്നിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളും ഇതേ നിലപാട് സ്വീകരിച്ചാൽ ഒട്ടേറെപ്പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

‘‘ഇത് വളരെ ലളിതമായ കാര്യമാണ്. ജീവനക്കാർ പുലർത്തേണ്ട അടിസ്ഥാന ധാർമികതയുടെ ലംഘനമാണ്. അങ്ങനെയുള്ളവരെ പിരിച്ചുവിടുക എന്നതല്ലാതെ ഞങ്ങൾക്കു മുന്നിൽ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല’’- റിഷാദ് വ്യക്തമാക്കി. വർക് ഫ്രം ഹോം വ്യാപകമാക്കിയതോടെയാണ് ഒരേ സമയം പല കമ്പനികൾക്കു വേണ്ടി ജോലി ചെയ്യാൻ അവസരവും ഒരുങ്ങിയത്. ഒരിക്കലും പിടിക്കപ്പെടില്ല എന്ന ധൈര്യം കൂടിയായതോടെ ഒട്ടേറെപ്പേർ കൂടുതൽ വരുമാനമുണ്ടാക്കുക എന്ന അതു ചെയ്യാൻ തുടങ്ങി. അന്യോന്യം മത്സരിക്കുന്ന സ്ഥാപനങ്ങൾക്കുവേണ്ടിപ്പോലും ജോലി ചെയ്യാനും പലരും മടി കാണിച്ചില്ല. എന്നാൽ ജീവനക്കാർ പുലർത്തേണ്ട മര്യാദയെ ഇതു ലംഘിക്കുന്നു എന്നാണ് റിഷാദ് ചൂണ്ടിക്കാട്ടുന്നത്.

WIPRO-RESULTS/
Photo Credit: Abhishek chinnappa

വികസനവും വിപുലീകരണവും പുതിയ പ്രോജക്ടുകളും ഉൾപ്പെടെ ഓരോ കമ്പനിയും രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങളുണ്ടായിരിക്കും. ഒരേ സമയം പല കമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ തുടങ്ങിയാൽ ഇത്തരം രഹസ്യങ്ങൾ ചോരുകയും അതു സ്ഥാപനങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കുകയും ചെയ്യും. റിഷാദ് ഇക്കാര്യം വ്യക്തമാക്കിയില്ലെങ്കിലും കമ്പനിയെ കർശന നടപടിക്കു പ്രേരിപ്പിച്ചതിൽ ഇതും കാരണമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ പിരിച്ചുവിടപ്പെട്ട ജീവനക്കാർ എതിരാളികൾക്കുവേണ്ടിയും ജോലി ചെയ്തു എന്നത് എങ്ങനെയാണ് കണ്ടെത്തിയതെന്നു പുറത്തുവിട്ടിട്ടില്ല. 

ചിലർ ഒരേ സമയം രണ്ടു പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പണം സ്വീകരിച്ചതിനെത്തുടർന്നാണ് തട്ടിപ്പ് പുറത്തായതെന്നു ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതു നിരീക്ഷിച്ചാണ് തട്ടിപ്പ് കണ്ടെത്തിയതെന്നു വാദിക്കുന്നവരും ഉണ്ട്. എത്ര ദൂരെയിരുന്ന് ജോലി ചെയ്യുന്നവരുടെയും ലാപ്ടോപ് പ്രവർത്തനം കമ്പനിയിലിരുന്ന് മനസ്സിലാക്കിയാണ് ഇത് ചെയ്തതെന്നും ചിലർ പറയുന്നു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട്, അക്കൗണ്ടിലേക്ക് പല മാർഗങ്ങളിൽനിന്ന് പണം എത്തുന്നത് കണ്ടെത്തിയാണ് തട്ടിപ്പ് കണ്ടുപിടിച്ചതെന്നു വാദിക്കുന്നവരും ഉണ്ട്. സാധാരണ ഗതിയിൽ ഒരു വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ബാങ്കുകൾ മറ്റാരോടും വെളിപ്പെടുത്തില്ലെങ്കിലും സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ട് വിവരങ്ങൾ ചോർത്തിക്കൊടുത്തതാകും എന്നും പറയുന്നുണ്ട്.

49-ാമത് ഓൾ ഇന്ത്യാ മാനേജ്‌മെന്റ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് റിഷാദ് പ്രേംജി തങ്ങളുടെ കമ്പനിയിലെ ചില ജീവനക്കാരുടെ അധാർമിക പ്രവണതകളെക്കുറിച്ചു സംസാരിച്ചതും കൂട്ടപ്പിരിച്ചുവിടലിനു തങ്ങൾ നിർബന്ധിക്കപ്പെടുകയായിരുന്നു എന്നു വെളിപ്പെടുത്തിയതും. എതിരാളികളായ കമ്പനികൾക്കു വേണ്ടി ഒരേസമയം ജോലി ചെയ്യുന്ന പ്രവണത മൂൺലൈറ്റിങ് എന്നാണ് അറിയപ്പെടുന്നത്. ടെക്‌നോളജി, സോഫ്റ്റ് വെയർ സ്ഥാപനങ്ങളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നതും.

വിപ്രോ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമ്പോൾത്തന്നെ ടെക് മഹീന്ദ്ര ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സി.പി.ഗുർനാനി വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ജീവനക്കാർ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്നതിനോട് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എതിർപ്പുകളും വിമർശനങ്ങളും ഉയരുന്നത് കാണുന്നുണ്ടെങ്കിലും പിരിച്ചുവിടലിൽ ഉറച്ചുനിൽക്കുകയാണെന്നും മോശം പ്രവണതകൾ കണ്ടെത്തിയാൽ ഇനിയും കർശന നടപടിയുണ്ടാകുമെന്നുമാണ് റിഷാദ് പറയുന്നത്. മൂൺലൈറ്റിങ് എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതും പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നതും വിപ്രോ തന്നെയാണ്.

സ്ഥിരമായി ജോലി ചെയ്യുന്നതിനിടെ, രണ്ടാമതൊരു ജോലി രഹസ്യമായി ചെയ്യുന്നതാണ് മൂൺലൈറ്റിങ്. സുതാര്യതയുടെ ഭാഗമായി, ജീവനക്കാരോട് സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ എന്തൊക്കെ ജോലികളാണ് ചെയ്യേണ്ടതെന്ന് പറയാറുണ്ട്. രണ്ടു മുതിർന്ന വ്യക്തികൾ തമ്മിലുള്ള സംസാരം പോലെതന്നെയാണത്. പരസ്പര വിശ്വാസം കൂടി അതിലുണ്ട്. അത് നഷ്ടപ്പെട്ടാൽ വ്യക്തികൾ തമ്മിലുള്ള ബന്ധം തകരും. അതുതന്നെയാണ് വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിലും സംഭവിക്കുന്നതെന്നാണ് റിഷാദ് വിശദീകരിക്കുന്നത്.

ഏതു സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്യണം എന്നത് വ്യക്തികളുടെ തീരുമാനമാണ്. അതിൽ മറ്റാരും ഇടപെടുന്നില്ല. എന്നാൽ ഒരു പ്രത്യേക മേഖലയിൽ പരസ്പരം മത്സരിക്കുന്ന രണ്ടു സ്ഥാപനങ്ങൾക്കുവേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് എങ്ങനെ അനുവദിക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു. ഏറ്റവും വലിയ ചതിയും കബളിപ്പിക്കലുമാണ് തങ്ങളുടെ ചില ജീവനക്കാർ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൂൺലൈറ്റിങ് എത്ര വ്യാപകമായാലും ശരി തങ്ങൾ അത് അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. 

റിഷാദിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർതന്നെ, ജീവനക്കാർ എങ്ങനെയാണ് രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്യുന്നതായി കണ്ടെത്തിയതെന്നു കമ്പനി വ്യക്തമാക്കാത്തത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. അധാർമികതയെക്കുറിച്ചുള്ള മറ്റൊരു ചർച്ചയ്ക്കാണ് ഇതു തുടക്കം കുറിച്ചിരിക്കുന്നത്. ഇ–മെയിലുകൾ നിരീക്ഷിച്ചാണോ ലാപ്ടോപ് പ്രവർത്തനം രഹസ്യമായി മനസ്സിലാക്കിയാണോ എന്നതൊന്നും വ്യക്തമാക്കാത്തത് ജീവനക്കാരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ചിലർ പറയുന്നു. വർക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരെയും മറ്റും നിരീക്ഷിക്കാൻ ഭാവിയിൽ കമ്പനികൾക്ക് വ്യത്യസ്ത മാർഗങ്ങൾ കണ്ടുപിടിക്കേണ്ടിവരുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്ന ലാപ്ടോപ്പും മറ്റും വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ കമ്പനിയുമായി സ്ഥിരമായി ബന്ധിപ്പിക്കുക എന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ചില സ്ഥാപനങ്ങളെങ്കിലും സ്വീകരിച്ചേക്കാം.

ജീവനക്കാർ വ്യത്യസ്ത സ്ഥാപനങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നത് പിഎഫ് അക്കൗണ്ട് പരിശോധനയിലൂടെ കണ്ടെത്താമെന്നാണ് ടീം ലീസ് ഡിജിറ്റൽ എന്ന സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സി.സുനിൽ പറയുന്നത്. ഉപയോഗിക്കുന്നത് ഒരേ ഐടി ഉപകരണങ്ങളാണെങ്കിൽ എച്ച്ആർ ടീമിന് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പൊതുവെ ബുദ്ധിയും കാര്യക്ഷമതയും കൂടുതലുള്ള ടെക് കമ്പനി ജീവനക്കാർ വ്യത്യസ്ത പേരുകളിലായിരിക്കും പലർക്കുവേണ്ടി ജോലി ചെയ്യുന്നത്. ഒന്നിലധികം അക്കൗണ്ടുകളും ഇവർക്ക് ഉണ്ടായിരിക്കും. എന്നാൽ അവയൊന്നും സുരക്ഷിതമല്ലെന്നാണ് വിപ്രോയുടെ, അസാധാരണവും ടെക് കമ്പനികളുടെ ചരിത്രത്തിലെ ഇത്തരത്തിലെ ആദ്യത്തേതുമായ കൂട്ടപ്പിരിച്ചുവിടൽ നടപടിയിലൂടെ തെളിഞ്ഞിരിക്കുന്നത്.

job-cheating
Representative Image. Photo Credit: Wasan Tita/Shutterstock

പഴയ തലമുറയ്ക്ക് ജോലിയോട് ആത്മാർഥതയും സ്ഥാപനത്തോട് വിശ്വസ്തതയും കൂടുതലായിരുന്നു. എന്നാൽ പുതുതലമുറ ജീവനക്കാർ ഇവയൊന്നും വലിയ കാര്യമായി കാണുന്നില്ല. ഒരു ജോലിയിൽത്തന്നെ മിക്കവരും സ്ഥിരമായി നിൽക്കുന്നുമില്ല. ഇടയ്ക്കിടെ ജോലി മാറുന്നതാണ് പലരുടെയും പ്രവണത. എന്നാൽ പഴയ തലമുറ ജീവനക്കാർ മിക്കവരും തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ജീവിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ ജീവിക്കും എന്ന ആശങ്കയും അവരെ വേട്ടയാടിയിരുന്നു. പുതിയ തലമുറ ഇത്തരം ആശങ്കകൾ കൊണ്ടുനടക്കുന്നില്ലെന്നാണ് പല സർവേകളും പറയുന്നത്. ഒരു ജോലി വിട്ട് വേഗം മറ്റൊന്നിലേക്കു മാറാൻ പലർക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

തങ്ങളുടെ ജീവനക്കാർ എതിരാളി കമ്പനികൾക്കുവേണ്ടിയാണോ അവരുടെ കഴിവുകൾ പൂർണമായി ഉപയോഗിക്കുന്നത് എന്ന ഭീതിയും വിപ്രോയുടെ നടപടിക്കു പിന്നിലുണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സ്ഥിരമായ ജോലിയിൽ വലിയ ഉത്സാഹം കാണിക്കാതെ ഉദാസീന സമീപനം തുടരുകയും മറ്റൊരു സ്ഥാപനത്തിനുവേണ്ടി ആവേശത്തോടെ ജോലി ചെയ്യുകയും ചെയ്താൽ അതു വ്യക്തിയുടെ കാര്യക്ഷമതയെ ബാധിക്കുന്നതുപോലെതന്നെ സ്ഥാപനത്തിന്റെ ഭാവിയെയും ബാധിച്ചേക്കും. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനും പിടിച്ചുനിൽക്കാനും ശ്രമിക്കുന്ന ഒരു സ്ഥാനപത്തിന് അതുകൊണ്ടുതന്നെ മോശം പ്രവണതകൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം സ്ഥാപന മേധാവികളുടെയും നിലപാട്.

വിപ്രോയുടെ അസാധാരണ നടപടി ചൂടുപിടിച്ച ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കുകയാണെങ്കിൽ മൂൺലൈറ്റിങ് കൂടുതൽ ചർച്ചകൾക്കു വഴി തെളിച്ചേക്കാം. എന്തായാലും ധാർമികത എന്നതിലേക്കും സ്വഭാവ വൈശിഷ്ട്യത്തിലേക്കും ചർച്ചകൾ വഴി തിരിയുന്നത് നല്ലതാണെന്നും അത് ജോലിയുടെ കാര്യക്ഷമത കൂട്ടട്ടെ എന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.  

Content Summary : Moonlighting Dispute in IT sector- Will Wipro stop further procedures after sacking employees

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA