ജോലി കിട്ടിയില്ല, പക്ഷേ റെസ്യുമെ വൈറലായി; കാരണം വെളിപ്പെടുത്തി തൊഴിൽ അന്വേഷക

HIGHLIGHTS
  • ഈ റെസ്യൂമെ ഭക്ഷിക്കാൻ കഴിയും.
  • ആശയങ്ങളാണല്ലോ എല്ലാവർക്കും വേണ്ടത്.
karly-pavlinac-blackburn
Photo Credit: Karly Pavlinac Blackburn
SHARE

മികച്ച ജോലിയുടെ തുടക്കം വ്യക്തിവിവരങ്ങൾ അടങ്ങിയ മികച്ച റെസ്യുമെ കുറിപ്പിലാണെന്നു പറയാറുണ്ട്. ഏറ്റവും ആകർഷകമായ റെസ്യുമെ തയാറാക്കുക എന്നതാണ് ഉഗ്യോഗാർഥികളുടെ ആദ്യത്തെ വെല്ലുവിളിയും. ഒട്ടേറെ മാതൃകകൾ നിലവിലുണ്ടെങ്കിലും ഏറ്റവും വ്യത്യസ്തമായി, ആകർഷകമായി, ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ എഴുതി ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഒട്ടേറെപ്പേർ ഒരേ ജോലിക്കു വേണ്ടി ശ്രമിക്കുമ്പോൾ ആകെ ചെയ്യാനുള്ളത്. വ്യക്തിവിവരങ്ങൾ ആകർഷകവും സമഗ്രവുമല്ലെങ്കിൽ ഒരുപക്ഷേ സ്വപ്ന ജോലി അകന്നുപോകുകയും ചെയ്യാം. 

യുവതലമുറ പഠനം കഴിയുന്നതോടെ ആദ്യം തന്നെ സ്വന്തമാക്കുക ഈ കഴിവായിരിക്കും– ഇഷ്ടപ്പെട്ട സ്ഥാപനത്തിലേക്ക് അയയ്ക്കാൻ തയാറാക്കുന്ന കുറിപ്പ്. പലരും പല രീതിയിലുള്ള കുറിപ്പ് തയാറാക്കുകയും അയയ്ക്കുകയും ജോലി സമ്പാദിക്കുകയുമൊക്കെ ചെയ്തിട്ടിട്ടുണ്ടെങ്കിലും ഭക്ഷണസാധനത്തിൽ റെസ്യൂമെ തയാറാക്കി അയച്ച സംഭവം ഒരുപക്ഷേ ആരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു. 

കാർലി പാവ്‌ലിൻ ബ്ലാക്ക്‌ബേൺ എന്ന യുവതിയാണ് റെസ്യൂമെ അയയ്ക്കുന്നതിൽ ധീരമായ പരീക്ഷണം നടത്തിയത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ കാർലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നൈക്കി എന്ന പ്രശസ്ത കമ്പനിക്കാണ് റെസ്യൂമെ അയച്ചത്. അതും രുചികരമായ ഒരു കേക്കിൽ പ്രിന്റ് ചെയ്ത്. 

വ്യത്യസ്തമായ രീതിയിൽ റെസ്യൂമെ തയാറാക്കിയതിനെക്കുറിച്ച് കാർലി പറയുന്നതിങ്ങനെ :- ‘‘നൈക്കിയുടെ പുതിയ വിഭാഗമായ, ആശയങ്ങൾക്കുവേണ്ടിയുള്ള സ്റ്റാർട്ടപ്പിൽ ആണ് ഞാൻ ജോലി തേടിയത്. അവിടെ എന്തെങ്കിലും പുതുതായി ചെയ്യണമെന്ന് എനിക്കു തോന്നി. അതിന് ആദ്യം വേണ്ടത് ഇതുവരെ ആരും നടത്തിയിട്ടില്ലാത്ത പരീക്ഷണമാണ്. എന്റെ ഒരു സുഹൃത്താണ് ഇത്തരമൊരു ആശയത്തിന്റെ വിത്ത് പാകിയത്. പുതുതായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് അവൾ എന്നോടു പറഞ്ഞു. അതോടെ കേക്ക് ലഭിക്കുന്ന കടകളിൽ എനിക്കു പറ്റുന്ന കേക്കിനുവേണ്ടി  അന്വേഷണവും തുടങ്ങി- കാർലി പറയുന്നു.

റെസ്യൂമെ കേക്ക് തയാറാക്കിയതിനു ശേഷം ഒരു ഡെലിവറി സ്ഥാപനത്തിന്റെ സഹായം തേടി. ഡെനിസ് എന്നു പേരുള്ള ഒരു ഡെലിവറി ഏജന്റാണ് കേക്ക്റെസ്യൂമെ പരുക്ക് പറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ഡെനിസിനും സംഭവം ഇഷ്ടപ്പെട്ടു’’.

‘‘നിങ്ങളുടെ പ്രവൃത്തി അങ്ങേയറ്റം പ്രചോദനം നൽകുന്നതാണ്. ഇത് ഇങ്ങനെതന്നെയാണ് വേണ്ടത് എന്നെനിക്കും തോന്നുന്നു. ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയേക്കാളും മികച്ച ജോലി ലഭിക്കാൻ എനിക്ക് എല്ലാ അർഹതയുമുണ്ട്. എന്നാലും ജീവിക്കാൻ വേണ്ടി ഞാൻ ഈ ജോലി ചെയ്യുകയാണ്. നിങ്ങൾ വ്യത്യസ്തമായ കാര്യമാണല്ലോ ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ’’ കാർലിയെ അഭിനന്ദിച്ചുകൊൺ് ഡെനിസ് പറഞ്ഞതിങ്ങനെ.

അഭിനന്ദനങ്ങളും പ്രശംസയും ലഭിച്ചെങ്കിലും കാർലിക്ക് നൈക്കിയിൽ ജോലി കിട്ടിയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ഒട്ടേറെപ്പേർ അഭിനന്ദനവുമായി രംഗത്തെത്തി. ‘ആശയം ഗംഭീരമായി. നിങ്ങൾക്ക് ഒരിക്കൽ സ്വന്തം സ്ഥാപനം തുടങ്ങാൻ ശേഷിയുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്’ – ഒരാൾ കുറിച്ചു. ‘നൈക്കി നിങ്ങളുടെ റെസ്യൂമെ പരിഗണിച്ചില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. അതിലും മികച്ച സ്ഥാപനം തീർച്ചയായും നിങ്ങളെ പരിഗണിക്കും എന്നുറപ്പുണ്ട്’ എന്നും ചിലർ കുറിച്ചു. എന്നാൽ മറ്റു ചിലർ വിമർശനവുമായും രംഗത്തെത്തി. അപരിചിതർ നൽകുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ ആരും കഴിക്കില്ല എന്നിരിക്കെ കേക്ക് അപരിചിതമായ സ്ഥാപനത്തിലേക്ക് അയച്ചിട്ട് എന്തു കാര്യം എന്നാണ് അവരുടെ ചോദ്യം. സ്ഥാപനം കേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുണ്ടാകും എന്നാണ് തോന്നുന്നത് എന്നും അവർ പറയുന്നു. ഇത് മോശം തീരുമാനമാണ് എന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.

എന്തായാലും ഇതുവരെ സംഭവത്തെക്കുറിച്ച് നൈക്കിയോ മറ്റേതെങ്കിലും സ്ഥാപനമോ പ്രതികരിച്ചിട്ടില്ലെങ്കിലും കാർലി പ്രതീക്ഷയിലാണ്. ആശയങ്ങളാണല്ലോ എല്ലാവർക്കും വേണ്ടത്. പുതിയൊരു ആശയമായിരുന്നു, പരീക്ഷണമായിരുന്നു. ആ രീതിയിലെങ്കിലും ആ പ്രവൃത്തി അംഗീകരിക്കപ്പെട്ടല്ലോ. ബാക്കിയൊക്കെ പിന്നാലെ വരും എന്നാണ് പ്രതീക്ഷ. കാത്തിരിക്കാം, സ്വപ്‌നജോലിക്കു വേണ്ടി പ്രതീക്ഷയോടെ.

Content Summary : Job Searcher Sends Creative 'Cake Resume' To Nike, Doesn't Get The Job But Wins The Internet

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}