ADVERTISEMENT

നീറ്റ്–യുജി ദേശീയ റാങ്കിങ് ആധാരമാക്കി, ‌കേരളത്തിൽ മെഡിക്കൽ ബിരുദ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന റാങ്ക്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (www.cee.kerala.gov.in വെബ്‌സൈറ്റിലെ KEAM - 2022 – RANK LIST ലിങ്ക്).

ഉദാഹരണത്തിന് ദേശീയതലത്തിലെ 47, 79, 88, 97, 112 റാങ്കുകളാണ് കേരളത്തിലെ 1, 2, 3, 4, 5 റാങ്കുകൾ. ഈ റാങ്ക്‌ലിസ്റ്റ് അടിസ്ഥാനമാക്കി, എംബിബിഎസ്, ബി‍‍ഡിഎസ് പ്രവേശനം നടത്താനുള്ള ഓപ്ഷനുകൾ നാളെ വൈകിട്ടു 4 മണി വരെ www.cee.kerala.gov.in സൈറ്റിലെ KEAM - 2022 ലിങ്കിൽ ഓൺലൈനായി സമർപ്പിക്കാം. 24നു താൽക്കാലിക അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും; 26നു ഫൈനൽ അലോട്മെന്റും.

 

സർക്കാർ, സ്വകാര്യ സ്വാശ്രയ മെ‍ഡിക്കൽ / ‍‍‍ഡെന്റൽ കോളജുകൾ ഈ പ്രവേശനത്തിൽപെടും. കേരള സർക്കാരിലെ പ്രഫഷനൽ കോളജ് സംവരണക്രമം പാലിക്കും. സംസ്ഥാന മെറിറ്റ് 50%, സാമ്പത്തികപിന്നാക്കം 10%, ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കാ / ആംഗ്ലോ ഇന്ത്യൻ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2%.

 

വിശേഷ സംവരണക്രമമുള്ള 2 കോളജുകളുണ്ട്. (1) പാലക്കാട് സർക്കാർ മെഡിക്കൽ കോളജ്: പട്ടികജാതി 70%, പട്ടികവർഗം 2%. ജനറൽ മെറിറ്റ് 13%, ഓൾ ഇന്ത്യ ക്വോട്ട 15%. (2) സർക്കാർ മെഡിക്കൽ കോളജ്, പാരിപ്പള്ളി, കൊല്ലം: സംസ്ഥാന ക്വോട്ട 50%, ഇഎസ്ഐസി ക്വോട്ട 35% (ഇതിലേക്കു കേരള എൻട്രൻസ് കമ്മിഷണറല്ല അലോട്ട് ചെയ്യുന്നത്), ഓൾ ഇന്ത്യ ക്വോട്ട 15% സ്വാശ്രയ മെ‍ഡിക്കൽ / ‍‍‍ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ, എൻആർഐ സീറ്റുകളിലേക്കും ഇവിടെത്തന്നെ 22ന് വൈകിട്ടു നാലിനകം ഓപ്ഷൻ സമർപ്പിക്കണം. (ആ വിഭാഗങ്ങളിൽപെട്ട സീറ്റുകളുള്ള കോളജുകൾ ഏതെല്ലാമെന്ന് ആദ്യം ഉറപ്പാക്കുക). 

 

കമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ എൻആർഐ കാറ്റഗറി ലിസ്റ്റിലുള്ളവരെ മാ‌ത്രമേ പരിഗണിക്കൂ. കേരളീയർ, ‘കേരളീയരല്ലാത്തവർ 1’ എന്നീ വിഭാഗങ്ങളിൽ എൻആർഐ ഇല്ലെങ്കിൽ മാത്രമേ ‘കേരളീയരല്ലാത്തവർ 2’ വിഭാഗക്കാർക്ക് അവസരമുള്ളൂ. (ഈ വിഭജനത്തിന്റെ വിവരങ്ങൾക്ക് പ്രോസ്പെക്ടസിലെ ആറാം ഖണ്ഡിക നോക്കുക). സ്വദേശമേതായാലും സംസ്ഥാന മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് സ്വാശ്രയ കോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് ഓപ്ഷൻ സമർപ്പിക്കാം.

 

∙ പൊതുവിവരങ്ങൾ

keam-option-registration
Representative Image. Photo Credit: AjayTvm/Shutterstock.

 

ഓരോ കോഴ്സും നടത്തുന്ന കോളജുകളുടെ പൂർണ ലിസ്റ്റ്, ഫീസ് സഹിതം വിജ്ഞാപനത്തിലുണ്ട്. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് പ്രോസ്പെക്ടസിലെ ഖണ്ഡിക 11 (പുറം 68–79) നന്നായി പഠിക്കുക.

22ന് 4 മണി വരെ ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും തിരുത്തി നൽകാം. പക്ഷേ, ഈ സമയത്തിനു ശേഷം പുതിയ കോളജുകളോ സീറ്റുകളോ വരാത്തപക്ഷം ഓപ്ഷൻ മാറ്റാൻ കഴിയില്ല. അക്കാരണത്താൽ ചേരുമെന്നു തീർച്ചയുള്ള സീറ്റുകളിലേക്കു മാത്രം ഓപ്ഷൻ സമർപ്പിക്കുക. നിർദിഷ്ട സമയത്തിനകം കോളജിൽ ചേരാത്തവർക്ക് തുടർന്ന് അവസരം കിട്ടില്ല. റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കകം രേഖകൾ സമർപ്പിച്ച് പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും. ഹെൽപ്‌ലൈൻ: 0471 2525300

 

∙ഓപ്ഷൻ തീരുമാനിക്കുമ്പോൾ

 

ഒരു കോഴ്സും കോളജും ചേർന്നതാണ് ഒരു ഓപ്ഷൻ. സ്വന്തം റാങ്കും പ്രവേശനസാധ്യതയും മനസ്സിൽവച്ച് 2 കോഴ്സുകളിലും വിവിധ സ്‌ഥാപനങ്ങളിലും നിന്ന് തനിക്ക് ഏറ്റവും പറ്റിയ ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ അടുക്കി സമർപ്പിക്കുന്നത് ശ്രദ്ധയോടെ ചെയ്യുക. തീരുമാനത്തിൽ രക്ഷിതാക്കൾ പങ്കെടുക്കണം; ഫീസ് പ്രധാന ഘടകമാണ്. ഉയർന്ന ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചു കിട്ടിയാൽപിന്നെ അതിലും താഴ്ന്ന മറ്റേതെങ്കിലും ഓപ്‌ഷനിലേക്ക്‌ ഒരിക്കലും മാറ്റം കിട്ടില്ല; സീറ്റൊഴിവുണ്ടെങ്കിൽപോലും. താങ്ങാനാകാത്ത ഫീസ് നൽകേണ്ട ഓപ്ഷൻ മുകളിലെവിടെയെങ്കിലും കൊടുത്ത്, അതിൽ അലോട്മെന്റ് കിട്ടിക്കഴിഞ്ഞ്, പിന്നീടു മാറാനാകാതെ വരുന്ന പ്രയാസം ഒഴിവാക്കണം. കാര്യങ്ങൾ നന്നായി മനസ്സിലാക്കി ശ്രദ്ധയോടെ ഓപ്ഷൻ സമർപ്പിക്കുക.

 

സർക്കാർ മെഡിക്കൽ കോളജ്: 22,050 രൂപ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ നിരക്കുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഉദ്ദേശം 7 ലക്ഷം രൂപ. എൻആർഐ വിദ്യാർഥികൾക്ക് എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 20 ലക്ഷം രൂപ.

സർക്കാർ ഡെന്റൽ കോളജ്: 19,850 രൂപ. സ്വാശ്രയ ഡെന്റൽ കോളജ്: ജനറൽ സീറ്റ് (85%) – 3,30,940 രൂപ. എൻആർഐ (15%) – 6 ലക്ഷം രൂപ. ഇപ്പറഞ്ഞ നിരക്കുകൾക്ക് കോടതിവിധി മൂലം മാറ്റം വരാം.

 

സ്വാശ്രയ മെ‍ഡിക്കൽ / ‍‍‍ഡെന്റൽ കോളജിൽ അലോട്മെന്റുള്ളവർ കമ്മിഷണറുടെ പേരിൽ ഒരു ലക്ഷം രൂപ ടോക്കൺ ഫീയായും ബാക്കി കോളജിലും അടയ്ക്കണം. പക്ഷേ, സ്വാശ്രയ മെഡിക്കൽ കോളജിൽ എൻആർഐ അലോട്മെന്റുള്ളവർ മാത്രം 5 ലക്ഷം രൂപ കമ്മിഷണറുടെ പേരിലടയ്ക്കേണ്ടതുണ്ട്.

 

സർക്കാർ മെ‍ഡിക്കൽ / ‍‍‍ഡെന്റൽ കോളജുകളിലേക്ക് അലോട്മെന്റ് കിട്ടുന്നവർ നിർദിഷ്ട ട്യൂഷൻ ഫീ മുഴുവനും പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിലടയ്ക്കണം. പട്ടിക, മറ്റർഹ (ഒഇസി) വിഭാഗക്കാർ, ശ്രീചിത്ര / ജുവനൈൽ / നിർഭയ ഹോം നിവാസികൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ഒഇസി ആനുകൂല്യങ്ങൾക്ക് അർഹതയുള്ള സമുദായക്കാർ എന്നിവർ 1000 രൂപ ടോക്കൺഫീ അടയ്ക്കണം. പക്ഷേ, ഇവർക്കു സ്വാശ്രയ കോളജിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയിലേക്കാണ് അലോട്മെന്റെങ്കിൽ മറ്റുള്ളവർക്കുള്ള നിരക്കിൽത്തന്നെ ടോക്കൺ ഫീ അടയ്ക്കണം; ഫീസിളവു കിട്ടുകയുമില്ല.

 

അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക 28 മുതൽ നവംബർ 4ന് ഉച്ചകഴിഞ്ഞ് 3 വരെ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായോ, കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടയ്ക്കാം. ഫീസ് അടച്ചവർക്കേ കോളജിൽ ചേരാൻ കഴിയൂ.

 

Content Summary : KEAM 2022: Option registration for MBBS/BDS Courses till 4 pm on 22.10.2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com