കേരള മെഡിക്കൽ – അനുബന്ധ കോഴ്സുകൾ : ഓപ്ഷൻ 22നു രാവിലെ 10 വരെ; ആർക്കെല്ലാം സമർപ്പിക്കാം?

HIGHLIGHTS
  • ആദ്യഘട്ടത്തിലെ താൽക്കാലിക അലോട്മെന്റ് 24നും അന്തിമ അലോട്മെന്റ് 25നും പ്രസിദ്ധപ്പെടുത്തും
  • 29 മുതൽ ഡിസംബർ രണ്ടിനു വൈകിട്ടു 4 വരെ ഫീസടച്ച് കോളജിൽ ചേരാം
  • വിശദവിവരങ്ങൾക്ക് ഹെൽപ്‌ലൈൻ : 0471 – 2525300
KEAM 2022 - Kerala Medical & Allied Courses - Allotment Details
Representative Image. Photo Credit : Olga Rolenko / Shutterstock.com
SHARE

നീറ്റ് ദേശീയ റാങ്കിങ് ആധാരമാക്കി, ‌കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ / ആയുർവേദ റാങ്ക്‌ലിസ്റ്റുകൾ വെവ്വേറെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (www.cee.kerala.gov.in സൈറ്റിലെ KEAM - 2022 – RANK LIST ലിങ്ക്). അവ നോക്കി മെഡിക്കൽ – അനുബന്ധ ബാച്‌ലർ കോഴ്സുകളിലെ പ്രവേശനം നടത്തും. അതിനുള്ള ഓപ്ഷനുകൾ 22നു രാവിലെ 10 വരെ ഓൺലൈനായി സമർപ്പിക്കാം. ആദ്യഘട്ടത്തിലെ താൽക്കാലിക അലോട്മെന്റ് 24നും അന്തിമ അലോട്മെന്റ് 25നും പ്രസിദ്ധപ്പെടുത്തും. 29 മുതൽ ഡിസംബർ രണ്ടിനു വൈകിട്ടു 4 വരെ ഫീസടച്ച് കോളജിൽ ചേരാം.

കോഴ്സുകൾ ഇവ

1) മെഡിക്കൽ ബിരുദ കോഴ്സുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി (എംബിബിഎസ്, ബിഡിഎസ് എന്നിവ ഇതിലില്ല)

2) മറ്റു ബിരുദ കോഴ്സുകൾ: അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡ്രി, കോ–ഓപ്പറേഷൻ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി

3) ബിഫാം

ഓരോ കോഴ്സും നടത്തുന്ന കോളജുകളുടെ പൂർണ ലിസ്റ്റ്, ഓരോന്നിലെയും ഫീസ് സഹിതം വിജ്ഞാപനത്തിലുണ്ട്. കോഴ്സുകളുടെയും ചേരാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെയും കോഡ് നോക്കിവയ്ക്കാം. ഉദാ: BA–ആയുർവേദം, AF–ഫിഷറീസ്, BP–ഫാർമസി; TVB–സർക്കാർ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് തിരുവനന്തപുരം, KTL–ആയുർവേദ കോളജ് കോട്ടയ്ക്കൽ, COH–കോളജ് ഓഫ് അഗ്രികൾചർ വെള്ളാനിക്കര.

keam-2022-kerala-medical-and-allied-courses-allotment-statistics

www.cee.kerala.gov.in സൈറ്റിലെ KEAM 2022 – കാൻഡിഡേറ്റ് പോർട്ടലിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സൈറ്റിൽ കാണുന്ന അക്സസ് കോഡ് എന്നിവ നൽകി ക്രമേണ ഓപ്ഷൻ റജിസ്ട്രേഷൻ പേജിലെത്താം. അവിടെ നിങ്ങൾക്ക് അർഹതയുള്ള എല്ലാ ഓപ്ഷനുകളും കാണും. നിങ്ങൾക്കു താൽപര്യമുള്ള ഓപ്ഷനുകൾ മുൻഗണനാക്രമമനുസരിച്ച് സൈറ്റിലെ നിർദേശങ്ങൾ പാലിച്ച് സമർപ്പിച്ച് സേവ് ചെയ്താൽ മതി. 22നു രാവിലെ 10 വരെ ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും തിരുത്തി നൽകാം. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് പ്രോസ്പെക്ടസിലെ ഖണ്ഡിക 11 (പുറം 68–79) നന്നായി പഠിക്കുക.

ആർക്കെല്ലാം ഓപ്ഷൻ സമർപ്പിക്കാം?

∙ ആയുർവേദ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് ആയുർവേദത്തിന് (സംസ്കൃതത്തിനുള്ള 8 മാർക്ക് കൂടി പരിഗണിച്ചത്)

∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ളവരിൽ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയ്ക്ക് നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈൽ മതി. ഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും

∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ള എല്ലാവർക്കും ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയൊഴികെ എല്ലാ കോഴ്സുകൾക്കും. (ഇവയിലെ അർഹതയ്ക്ക് നീറ്റിൽ 20 മാർക്ക് മതി. ഇത്രയും മാർക്കുള്ളവർ മാത്രമേ റാങ്ക്‌ലിസ്റ്റിലുള്ളൂ. പട്ടികവിഭാഗക്കാർക്ക് ഇതിൽ മിനിമം മാർക്ക് വ്യവസ്ഥയില്ല)

സ്വാശ്രയ കോളജുകളിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലെ 15% അഖിലേന്ത്യാ ക്വോട്ട സീറ്റിലേക്ക് സ്വദേശം നോക്കാതെ എൻട്രൻസ് കമ്മിഷണർ അലോട്മെന്റ് നടത്തും. ഏതു പ്രദേശത്തെ ഇന്ത്യക്കാർക്കും അർഹതയുണ്ട്.

സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്വാശ്രയ കോളജുകൾ ഈ പ്രവേശനത്തിൽപെടും. കേരള പ്രഫഷനൽ കോളജുകൾക്കുള്ള സംവരണതത്വം പാലിക്കും. സർക്കാർ, സ്വാശ്രയ കോളജുകളിലേക്ക് അലോട്മെന്റ് കിട്ടുന്നവർ അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക മുഴുവനും പ്രവേശനവേളയിൽ അതതു കോളജിൽ അടയ്ക്കണം.

പട്ടിക, മറ്റ് അർഹ (ഒഇസി) വിഭാഗക്കാർ, ഒഇസി–ആനുകൂല്യങ്ങൾക്ക് അർഹതയുള്ള സമുദായക്കാർ, മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ, ശ്രീചിത്ര / ജുവനൈൽ / നിർഭയ ഹോം നിവാസികൾ എന്നിവർ ഫീസടയ്ക്കേണ്ട.

സ്വാശ്രയ ആയുർവേദ, സിദ്ധ,‌ യൂനാനി, ഫാർമസി കോഴ്സുകളുടെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 2021–22ലെ നിരക്കിൽ താൽക്കാലികമായി ഫീസടച്ചാൽ മതി. തുക അലോട്മെന്റ് മെമ്മോയിലുണ്ടാവും. ഫീസ് കൂട്ടുന്ന പക്ഷം അധികത്തുക പിന്നീട് അടയ്ക്കാം.

അലോട്ട് െചയ്തു കിട്ടിയ കോളജിൽ ഡിസംബർ രണ്ടിന് വൈകിട്ടു 4 മണിക്കകം ചേർന്നില്ലെങ്കിൽ അലോട്മെന്റ് റദ്ദാകും. കൂടാതെ ഈ സ്ട്രീമിലെ അവസരം നഷ്ടപ്പെടുകയും ചെയ്യും. പക്ഷേ എംബിബിഎസ്, ബിഡിഎസ് അവസരം നിലനിൽക്കും. ചേരുമെന്ന് ഉറപ്പുള്ള കോളജ്–കോഴ്സ് കോംബിനേഷനുകളിലേക്കു മാത്രം ഓപ്ഷൻ നൽകുന്നതു നന്ന്.

റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. നാളെ വൈകിട്ടു മൂന്നിനകം രേഖകൾ സമർപ്പിച്ച് പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും.

keam-2022-kerala-medical-and-allied-courses-allotment-fees-structure

ഓപ്ഷൻ തീരുമാനിക്കുമ്പോൾ

സ്വന്തം റാങ്കും പ്രവേശനസാധ്യതയും മനസ്സിൽ വച്ച് വിവിധ കോഴ്സുകളിലും സ്ഥാപനങ്ങളിലുംനിന്ന് തനിക്ക് ഏറ്റവും പറ്റിയവ മുൻഗണനാക്രമത്തിൽ അടുക്കി സമർപ്പിക്കുന്നത് ശ്രദ്ധയോടെ ചെയ്യുക. തീരുമാനത്തിൽ രക്ഷിതാക്കൾ പങ്കെടുക്കണം; ഫീസ് പ്രധാന ഘടകമാണ്.

ഉയർന്ന ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചു കിട്ടിയാൽ പിന്നെ അതിൽത്താഴ്ന്ന മറ്റേതെങ്കിലും ഓപ്‌ഷനിലേക്കു മാറ്റം കിട്ടില്ല; സീറ്റൊഴിവുണ്ടെങ്കിൽപോലും. താങ്ങാനാവാത്ത ഫീസ് നൽകേണ്ട ഓപ്ഷൻ മുകളിലെവിടെയങ്കിലും കൊടുത്ത്, അതിൽ അലോട്മെന്റ് കിട്ടിക്കഴിഞ്ഞ് പിന്നീടു മാറാനാകാതെവരുന്ന പ്രയാസം ഒഴിവാക്കണം. കാര്യങ്ങൾ നന്നായി മനസ്സിലാക്കി ശ്രദ്ധയോടെ ഓപ്ഷൻ സമർപ്പിക്കുക.

പ്രവേശനസാധ്യതയുടെ ഏകദേശരൂപം കിട്ടാൻ സഹായകമായി കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയ അവസാന റാങ്കുകൾ നോക്കാം. ഓരോ അലോട്മെന്റിലെയും കോഴ്സും കോളജും കാറ്റഗറിയും തിരിച്ചുള്ള റാങ്കുകളറിയാൻ www.cee-kerala.org എന്ന സൈറ്റിലെ KEAM - 2021 – LAST RANK ലിങ്കുകൾ വഴി പോകാം. ഹെൽപ്‌ലൈൻ: 0471 2525300

keam-2022-kerala-medical-and-allied-courses-allotment-college-details

Content Summary : KEAM 2022 - Kerala Medical & Allied Courses - Allotment Details

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS