ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ സിപിഎം സംഘടനകളും ഒരു വിഭാഗം ജീവനക്കാരും നടത്തുന്ന പ്രതിഷേധം മൂലം വിദ്യാർഥികൾ വലയുന്നതിനിടെ, ഒരു പ്രശ്നവുമില്ലെന്ന വിശദീകരണവുമായി സിൻഡിക്കറ്റിന്റെ പരീക്ഷാ വിഭാഗം സ്ഥിരസമിതി രംഗത്തെത്തി. സർവകലാശാലയിലെ കാര്യങ്ങൾ വിശദീകരിക്കാൻ വിസി, റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവർ ഉണ്ടായിരിക്കെയാണ് സ്ഥിരസമിതി ആ ജോലി ഏറ്റെടുത്തത്.

 

ബിടെക് പാസായ 90% വിദ്യാർഥികളും ഓഗസ്റ്റ് ആദ്യ വാരംതന്നെ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ് പോർട്ടലിൽനിന്നു നേരിട്ടു ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും ഇതിന് 6 മാസം സാധുതയുണ്ടെന്നുമാണ് പ്രധാന വിശദീകരണം. പ്രൊവിഷനൽ സർട്ടിഫിക്കറ്റിനു സംസ്ഥാനത്തിനു പുറത്തോ വിദേശത്തോ വിലയില്ലെന്നിരിക്കെയാണ് ഈ വാദം.

 

അപേക്ഷിച്ച് 45 ദിവസത്തിനകം ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് സർവകലാശാല തീരുമാനിച്ചതെന്നു സമിതി അറിയിച്ചു. ഡോ. എം.എസ്.രാജശ്രീ വിസി ആയിരുന്ന കാലത്ത് അപേക്ഷിച്ച 4158 പേർക്കു ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി. ക്യാംപസ് പ്ലേസ്മെന്റ് നേടിയവരും വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരുമായ വിദ്യാർഥികൾക്ക് ഈ കാലയളവിൽ 45 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

 

എന്നാൽ ഇതിനുശേഷം അപേക്ഷിച്ചവരുടെ സൂക്ഷ്മപരിശോധന വിവിധ ഘട്ടങ്ങളിലായി നടന്നുവരികയാണെന്നാണ് വിശദീകരണം. സപ്ലിമെന്ററി പരീക്ഷകളിലൂടെ അർഹത നേടിയവർക്ക് ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ അംഗീകാരം ലഭിച്ച ശേഷമേ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനാകൂ എന്നും അറിയിച്ചു. ഈ വർഷം പരീക്ഷ നടത്തിയ അവസാന വർഷ എംസിഎ കോഴ്സിന്റെ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ് അക്കാദമിക് കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലുടൻ പോർട്ടലിൽ ലഭ്യമാക്കും.

 

സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം 80% പൂർത്തിയായതായും ഈ മാസാവസാനം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സമിതിയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.

 

Content Summary : KTU Syndicate Standing Committee on Degree Certificate Distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com