ADVERTISEMENT

ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി അച്ഛനോ അമ്മയോ മുത്തശ്ശിയോ മുത്തച്ഛനോ ആയിരിക്കാം. ഇവരെക്കാളൊക്കെ ഉപരിയായി ഒരു അധ്യാപികയോ അധ്യാപകനോ ഉണ്ടായെന്നുംവരാം. ചില വിദ്യാർഥികൾ സ്വന്തം വീട്ടിലുള്ളവരെക്കാൾ വിശ്വസിക്കുന്നതും മാതൃകയാക്കാൻ ശ്രമിക്കുന്നതും അധ്യാപകരെയാണ്. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്നതും അവർക്കാണ്. എല്ലാ അധ്യാപകർക്കും അതിനു സാധിക്കാറില്ലെങ്കിലും വിദ്യാർഥികളുടെ ജീവിതം മാറ്റിമറിക്കുകയും മികച്ച ഭാവിയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്ന അധ്യാപകർ ഇപ്പോഴുമുണ്ട്. അതിനുള്ള മികച്ച ഉദാഹരണമാണ് ബിഹാറിൽ നിന്നുള്ള ഒരു അധ്യാപിക. ഇവരെ പരിചയപ്പെടുത്തിക്കൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥനായ ദീപക് കുമാർ സിങ് സമൂഹമാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ:

 

‘‘എന്താണു പഠിപ്പിക്കുന്നത് എന്നതു മാത്രമല്ല പ്രധാനം, എങ്ങനെ പഠിപ്പിക്കുന്നു എന്നതും കൂടിയാണ്. അത് വിദ്യാർഥികൾ എത്രമാത്രം മനസ്സിലാക്കുന്നു എന്നതും കണക്കിലെടുക്കണം. ഈ വിഡിയോ നോക്കൂ, ബിഹാറിലെ ബങ്ക ഗ്രാമത്തിൽ നിന്നുള്ള ഒരു അധ്യാപിക പഠിപ്പിക്കുകയാണ്. ഈ ക്ലാസ്സിലെ കുട്ടികളുടെ ചിരി നോക്കൂ. അതിൽ എല്ലാം ഉണ്ട്. പ്രത്യേകിച്ച് മറ്റൊന്നും പറയേണ്ടതില്ല’’.

 

ക്ലാസ് മുറിയിൽ നിന്നുള്ള ഒരു വിഡിയോയും ദീപക് കുമാർ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ചടക്കത്തോടെ ബെഞ്ചിലോ കസേരയിലോ ഇരിക്കുന്ന വിദ്യാർഥികളെയല്ല വിഡിയോയിൽ കാണുന്നത്. എല്ലാവരും നിൽക്കുകയാണ്. അവർക്കൊപ്പം അധ്യാപികയുമുണ്ട്. തുടക്കത്തിൽ ഒരു പാട്ടാണു കേൾക്കുന്നത്. ബില്ലി ബോലി ങ്യാവൂ എന്ന പാട്ട് ഈണത്തിലും താളത്തിലും അധ്യാപിക പാടുന്നു. കുട്ടികൾ ആ പാട്ടിൽ ലയിച്ചു നിൽക്കുന്നു. എന്നാൽ വെറും പാട്ടല്ല. പാഠം തന്നെയാണ് പാട്ടിലൂടെ പഠിപ്പിക്കുന്നത്. ഇടയ്ക്ക് നൃത്തചലനങ്ങളും  മറ്റുമുണ്ട്. അടിപൊളി എന്നു പറയാവുന്ന അന്തരീക്ഷം.

 

സാധാരണ ഒരു ക്ലാസ് മുറിയിൽ എത്ര നന്നായി അധ്യാപകർ പഠിപ്പിച്ചാലും എല്ലാ വിദ്യാർഥികളും ശ്രദ്ധയോടെയിരുന്നു കേൾക്കണമെന്നോ മനസ്സിലാക്കണമെന്നോ ഇല്ല. എന്നാൽ ഇവിടെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഒറ്റ മനസ്സായി അധ്യാപികയെ ശ്രദ്ധിക്കുന്നു. അവർക്കൊപ്പം പാട്ടിലും ഡാൻസിലും പങ്കുചേരുന്നു. ക്ലാസ് മുറിയാണെന്ന് ഒരിക്കലും തോന്നിപ്പിക്കാതെയാണ് പഠനം പുരോഗമിക്കുന്നതും. പാട്ടിലെ ഓരോ വരിയിലുമുണ്ട് ഒട്ടേറെ കാര്യങ്ങൾ. അതൊക്കെ രസകരമായി കുട്ടികൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ക്ലാസ് മുറിയിലെ അന്തരീക്ഷത്തിൽനിന്ന് എല്ലാവരും ഇടയ്ക്ക് മുറ്റത്തേക്ക് ഇറങ്ങുന്നുമുണ്ട്. ചെടികൾക്കും മരങ്ങൾക്കും ഇടയിലൂടെ ഓടിയും ആടിപ്പാടിയും പഠനം പുരോഗമിക്കുകയാണ്.

 

അസാധ്യമായ ഊർജത്തോടും ഉത്സാഹത്തോടും കൂടിയാണ് അധ്യാപിക പഠിപ്പിക്കുന്നത്. മുതിർന്നവർക്കു പോലും വിരസത ഒട്ടുമില്ലാതെ ക്ലാസ് ആസ്വദിക്കാൻ കഴിയുന്നുണ്ട്. അപ്പോൾ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ദീപക് കുമാർ സിങ്ങിന്റെ സമൂഹ മാധ്യമ പോസ്റ്റിൽ അധ്യാപികയുടെയോ സ്കൂളിന്റെയോ പേരോ ഏതു ക്ലാസെന്നോ പറയുന്നില്ല. വരും ദിവസങ്ങളിൽ അത്തരം വിശദാംശങ്ങൾ പുറത്തുവന്നേക്കാം. എന്നാൽ പ്രത്യേകിച്ച് ഒരു വിശദാംശങ്ങളും ഇല്ലാതെതന്നെ വിഡിയോ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്. കാണുന്നവരെല്ലാം വിഡിയോ പങ്കുവയ്ക്കുന്നുമുണ്ട്. യുവതലമുറയിലെ ആയിരക്കണക്കിന് അധ്യാപകർക്ക് ഈ വിഡിയോ പ്രചോദനമായി മാറിയേക്കാം. ഒരുപക്ഷേ പലരും അധ്യാപന രീതി തന്നെ മാറ്റിയേക്കാം. അതുപോലെ വിദ്യാർഥികൾക്കു ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കാനും പഠനം വിരസമായ ഏർപ്പാട് അല്ലെന്നും രസകരമായി കാര്യങ്ങൾ പഠിക്കാവുന്നതേ ഉള്ളൂവെന്നുമുള്ള തിരിച്ചറിവ് ലഭിക്കാനും ഈ വിഡിയോ സഹായിച്ചേക്കാം.

 

Content Summary : Bihar Teacher Wins Hearts After Her 'Fun' Way of Teaching Students Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT