കാരണങ്ങൾ സത്യസന്ധമാണോ?; ഡിഗ്രി ലെവൽ പ്രിലിംസ് ആദ്യ 2 ഘട്ടം എഴുതാൻ സാധിക്കാത്തവർക്ക് മൂന്നാം ഘട്ടത്തിൽ അവസരം ലഭിക്കും

Mail This Article
ഒക്ടോബർ 22നും നവംബർ 11നും നടന്ന ആദ്യ 2 ഘട്ട ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കു ഡിസംബർ 10നു നടക്കുന്ന മൂന്നാം ഘട്ട പരീക്ഷയോടൊപ്പം അവസരം നൽകുന്നു.
സർവകലാശാലാ പരീക്ഷ, അപകടം, പ്രസവം, അടുത്ത ബന്ധുവിന്റെ മരണം തുടങ്ങിയ കാരണങ്ങളാൽ ആദ്യ രണ്ടു ഘട്ട പരീക്ഷകൾ എഴുതാൻ കഴിയാതെ പോയവർക്കാണു വീണ്ടും അവസരം.
ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന ജില്ലാ പിഎസ്‌സി ഓഫിസിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ആസ്ഥാന ഓഫിസിലെ EF സെക്‌ഷനിലാണ് അപേക്ഷിക്കേണ്ടത്.
തപാൽ, ഇമെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല. നവംബർ 30 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾപ്പെടെ വിശ വിവരങ്ങൾ പിഎസ്‌സി വെബ്സൈറ്റ് ഹോം പേജിലെ Must Know ലിങ്കിൽ ലഭിക്കും.
അപേക്ഷ പരിഗണിക്കാനുള്ള കാരണങ്ങൾ:
∙പിഎസ്‌സി പരീക്ഷാദിവസം അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ രണ്ടു പരീക്ഷയുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം.
∙അപകടത്തെത്തുടർന്നു ചികിത്സയിലുള്ളവർ, അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിലുള്ളത്) ഹാജരാക്കണം.
∙പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിലുള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം.
∙ഗർഭിണികൾ, യാത്രാബുദ്ധിമുട്ടുള്ളവർ, ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുള്ളവർ എന്നിവർ നിശ്ചിതമാതൃകയിലെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
∙പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്നവർ തെളിവു സഹിതം അപേക്ഷിക്കണം.
∙ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണത്തെത്തുടർന്നു പരീക്ഷ എഴുതാൻ കഴിയാതെ പോയവർ രേഖകൾ സഹിതം അപേക്ഷിക്കണം.
Content Summary : PSC Degree Preliminary Exam Those who miss the first two Phases have a third chance