ADVERTISEMENT

കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നു ഹൈക്കോടതി ചോദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നു ശേഷം ഹോസ്റ്റലിൽനിന്നു പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്.

 

അച്ചടക്കത്തിനെന്നാണു സർക്കാർ പറയുന്നതെങ്കിൽ അത് കർശനമായി നടപ്പാക്കണം. ഹോസ്റ്റലുകൾക്കു നിയമമുണ്ടാക്കിയശേഷം ആൺകുട്ടികൾക്ക് ഇളവു നൽകുന്നതോടെ എല്ലാ ആശങ്കകൾക്കും കാരണം പെൺകുട്ടികളാണെന്ന ധാരണയുണ്ടാകുന്നു. കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല, ഐഐഎം കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരം നിയന്ത്രണമില്ലാതിരുന്നിട്ടും പ്രശ്നങ്ങളില്ല. ക്യാംപസുകളെങ്കിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നു കോടതി പറഞ്ഞു.

 

എന്നാൽ ഉത്തരവ് മെഡിക്കൽ കോളജുകൾക്കു ബാധകമല്ലെന്നും പ്രശ്നം പരിശോധിക്കുന്നുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ ഉത്തരവിടുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. സമയ നിബന്ധന നടപ്പാക്കുമ്പോൾ ജെൻഡർ തുല്യത പാലിക്കണമെന്നു വനിതാ കമ്മിഷൻ അറിയിച്ചു. തുടർന്നു സർക്കാർ ഉൾപ്പെടെയുള്ളവർ വിഷയം വിലയിരുത്തിയശേഷം അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹർജി 15 നു പരിഗണിക്കാൻ മാറ്റി.

 

 

‘കുട്ടികളെ ചെറുതാക്കി കാണരുത്’

 

നമ്മുടെ കുട്ടികളെക്കുറിച്ചുള്ള ധാരണ മാറണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യുക്രെയിനിൽനിന്ന് ഇവിടെ വരാൻ സ്വന്തമായി മാർഗങ്ങൾ കണ്ടെത്തിയ തലമുറയെക്കുറിച്ചാണു പറയുന്നത്. കേരളത്തിനു പുറത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളെക്കുറിച്ച് മാതാപിതാക്കൾക്ക് എന്തുകൊണ്ടാണ് ആശങ്കയില്ലാത്തത് ? കേരളത്തിൽ പഠിക്കുമ്പോൾ മാത്രമാണോ ആശങ്ക ? സർക്കാരിനെ കുറ്റം പറയുന്നില്ല. സർക്കാർ സമൂഹത്തിന്റെ പ്രതിഫലനമാണ്. എല്ലാ മാതാപിതാക്കളും അവരുടെ പെൺമക്കളെ പൂട്ടിയിടണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ സർക്കാർ എങ്ങനെ ‘നോ’ പറയും ? സമൂഹത്തോടാണു ചോദ്യം. പെൺ‍കുട്ടികളെ പൂട്ടിയിടേണ്ടതുണ്ടോ? സമൂഹം വേണമെന്നു പറഞ്ഞാൽ ഇതു തുടരും. എന്നാൽ വ്യത്യസ്തമായി ചിന്തിക്കണമെന്നാണ് പെൺ‍കുട്ടികൾ നമ്മളോട് ആവശ്യപ്പെടുന്നത്. കാലങ്ങളായി നിലനിന്ന പല ആചാരങ്ങളും നമ്മൾ എടുത്തുകളഞ്ഞിട്ടില്ലേയെന്നും കോടതി ചോദിച്ചു.

 

Content Summary : Kerala HC asks officials to explain curfew timing at girls hostel in Kozhikode Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com