ADVERTISEMENT

തിരുവനന്തപുരം∙ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളെല്ലാം പരിഷ്കരിച്ച മലയാളം ലിപിയിലേക്കു മാറ്റാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിലെ പാഠപുസ്തകങ്ങൾ മാത്രമേ പരിഷ്കരിച്ച ലിപിയിലേക്കു മാറുന്നുള്ളൂ. 2024ൽ എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരുമ്പോഴാകും ലിപിയും പൂർണമായും മാറുക.

ഒന്നാം ക്ലാസിലെ മലയാളം, കണക്ക്, കംപ്യൂട്ടർ അടിസ്ഥാന പഠനത്തിനുള്ള ‘കളിപ്പെട്ടി’ എന്നീ പുസ്തകങ്ങളാണ് ജൂണിൽ പരിഷ്കരിച്ച ലിപിയിൽ ലഭ്യമാക്കുക. ഈ പുസ്തകങ്ങളുടെ ലിപി മാറ്റം എ‌സ്‌സിഇആർടിയിൽ പുരോഗമിക്കുകയാണ്. അച്ചടിക്കായി 10ന് മുൻപ് കെബിപിഎസിനു നൽകുമെന്നു എസ്‌സിഇആർടി അധികൃതർ അറിയിച്ചു.

ഭാഷാ പരിഷ്കരണ സമിതി നിർദേശിച്ച ലിപിയിലേക്ക് അടുത്ത അധ്യയന വർഷം മുതൽ എല്ലാ പാഠപുസ്തകങ്ങളും മാറ്റാനായിരുന്നു ഔദ്യോഗിക ഭാഷാ സമിതി നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ പരിഷ്കരിക്കുമ്പോൾ മുൻ വർഷങ്ങളിൽ അച്ചടിച്ചതിൽ ബാക്കിയുള്ള പുസ്തകങ്ങൾ ഉപയോഗിക്കാനാകാതെ പാഴായിപ്പോകും. ഈ സാഹചര്യത്തിലാണ്, ലിപി പരിഷ്കരണം 2024ൽ നിലവിൽ വരുന്ന പുതിയ പുസ്തകങ്ങളിൽ നടപ്പാക്കിയാൽ മതിയെന്നു തീരുമാനിച്ചത്.

എന്നാൽ ഒന്നാം ക്ലാസിൽ നിലവിലുള്ള ലിപിയിൽ അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികൾക്ക് അതിനടുത്ത അധ്യയന വർഷം പരിഷ്കരിച്ച ലിപിയിൽ പുസ്തകങ്ങൾ നൽകുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ സമിതി വിലയിരുത്തി. ഒന്നാം ക്ലാസിൽ മലയാളം ഉപയോഗിക്കുന്ന എല്ലാ പുസ്തകങ്ങളും അടുത്ത അധ്യയനവർഷം തന്നെ പരിഷ്കരിച്ച ലിപിയിൽ അച്ചടിക്കാൻ തീരുമാനിച്ചതും അതിനാലാണ്. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും മലയാളത്തിന്റെ എല്ലാം വോള്യം പുസ്തകങ്ങളിലും മലയാള അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പഴയ രീതിയിലുള്ള കൂട്ടക്ഷരങ്ങൾ പരമാവധി മടക്കിക്കൊണ്ടു വരുന്നതാണു ലിപി പരിഷ്കരണം. അതനുസരിച്ചുള്ള 5 കംപ്യൂട്ടർ ലിപികളും സർക്കാർ പുറത്തിറക്കിയിരുന്നു. അതിൽ ‘രഹ്ന’ ലിപിയാണ് പാഠപുസ്തകങ്ങളിൽ ഉപയോഗിക്കുന്നത്.

പാഠപുസ്തക അച്ചടി തുടങ്ങി

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക അച്ചടി എറണാകുളം കാക്കനാട്ടെ കെബിപിഎസ് പ്രസിൽ ആരംഭിച്ചു. 10–ാം ക്ലാസ് വരെയുള്ള 2.81 കോടി പുസ്തകങ്ങൾക്കാണു അച്ചടി കരാർ നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ പ്രധാന വിഷയങ്ങളിൽ മൂന്നര ലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കുന്നത്.

Content Summary : The revised Malayalam script will be used in textbooks beginning with the next academic year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com