ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇംഗ്ലിഷ് ജൂനിയർ അധ്യാപകരുടെ 110 സൂപ്പർ ന്യൂമററി തസ്തികകൾ ഈ മാസം 31ന് ഇല്ലാതാകുന്നതോടെ പുറത്താകുന്നവരിൽ 47 പേർ കോടതി വഴി നിയമന ഉത്തരവു ലഭിച്ചവർ. പിഎസ്‌സിയിൽനിന്നു നിയമന ശുപാർശ ലഭിച്ച ഇവരിൽ പലരും അടുത്തദിവസങ്ങളിൽ ജോലിക്കു ചേരാനിരിക്കുന്നതേയുള്ളൂ. നിയമനം നേടിയതിനു പിന്നാലെ പുറത്താകേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവർക്ക്. 2016 ഡിസംബറിൽ കാലാവധി അവസാനിച്ചതും പിന്നീട് കാലാവധി ദീർഘിപ്പിച്ചതുമായ എച്ച്എസ്എസ്ടി (ജൂനിയർ) ഇംഗ്ലിഷ് റാങ്ക് പട്ടികയിലുൾപ്പെട്ട 47 പേർക്ക് ആ സമയത്ത് ഒഴിവുണ്ടായിരുന്ന തസ്തികളിൽ നിയമനം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ചുള്ളവർക്കു കൂടി നിയമനം നൽകാനാണ് 110 സൂപ്പർ ന്യൂമററി തസ്തികകൾ ഈ അധ്യയന വർഷം സൃഷ്ടിക്കാൻ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത്. സൂപ്പർ ന്യൂമററി തസ്തികയിലേക്കു മാറ്റിയ ബാക്കി 63 പേർ കഴിഞ്ഞ അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ നടത്തിയ തസ്തിക നിർണയത്തെ തുടർന്നു പുറത്തായവരാണ്. 2021 ജൂലൈ മുതൽ ജോലി ചെയ്തു വരുന്നവരാണിവർ. 

വഴിയുണ്ട്, സർക്കാർ തീരുമാനിക്കണം 

മേയ് വരെയായി വിരമിക്കലിനെത്തുടർന്ന് നാൽപതോളം ഇംഗ്ലിഷ് അധ്യാപക തസ്തികൾ ഒഴിവു വരും. ഇപ്പോൾ പുറത്താക്കുന്നവരെ സൂപ്പർ ന്യൂമററി തസ്തികയിൽ നിലനിർത്തിയാൽ അവരെ സർവീസിൽ ഇടവേളയില്ലാതെ തന്നെ ഈ ഒഴിവുകളിൽ നിയമിക്കാം. ബിആർസികളിലും എസ്എസ്കെയിലും ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒട്ടേറെ റഗുലർ അധ്യാപകരുണ്ട്. ഇവരുടെ ഡപ്യൂട്ടേഷനെത്തുടർന്ന് സ്കൂളുകളിലുള്ള ഒഴിവുകളിലേക്കും ഇപ്പോൾ പുറത്താകുന്ന അധ്യാപകരെ നിയമിക്കാവുന്നതാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പിഎസ്‌സി വഴി നിയമനം നേടിയവർക്കു ജോലിയിൽനിന്നു പുറത്തുപോകേണ്ടി വരുന്നത് സർക്കാർ ജോലി സുരക്ഷിതത്വമെന്ന സങ്കൽപം തന്നെ തകർക്കുന്നു. ഇതു കീഴ്‌വഴക്കമാകുമോ എന്ന ഭീഷണി അധ്യാപക സമൂഹത്തിനാകെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com