തിരുവനന്തപുരം ∙ ശനിയാഴ്ചകളും അവധിക്കാലമായ ഏപ്രിലിലെ ആദ്യ അഞ്ചു ദിവസവും സ്കൂളുകളിൽ പ്രവൃത്തി ദിവസമാക്കിയ തീരുമാനം വിവാദമായതോടെ സർക്കാർ അനുനയത്തിനൊരുങ്ങുന്നു.
അക്കാദമിക് കലണ്ടർ വിവാദമായ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മേൽനോട്ട സമിതിയിൽ ഉൾപ്പെട്ട സംഘടനകളുടെ യോഗം ഇന്നു രണ്ടിനു മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലാണ്. സമിതിയിൽ ഭൂരിപക്ഷവും ഭരണപക്ഷ അനുകൂല സംഘടനകളാണ്.
പക്ഷഭേദമില്ലാതെ എല്ലാ സംഘടനകളും പുതിയ പരിഷ്ക്കാരത്തെ എതിർക്കുന്ന സാഹചര്യത്തിൽ സർക്കാർ വിട്ടുവീഴ്ചക്കു തയാറാകുമെന്നാണു സൂചന. ഇതനുസരിച്ച് അക്കാദമിക് കലണ്ടറിലും മാറ്റം വരുത്തും. മധ്യവേന ലവധി ദിനങ്ങൾ ഒരു കൂടിയാലോചനയുമില്ലാതെ പ്രവൃത്തി ദിവസങ്ങളായി പ്രഖ്യാപിച്ചതാണ് സംഘടനകളുടെ എതിർപ്പിനു മുഖ്യ കാരണമായത്. നയപരവും നിയമപരവുമായ പ്രശ്നങ്ങളും ഉള്ളതിനാൽ ഈ കാര്യത്തിലായിരിക്കും മുഖ്യമായും പുനരാലോചന.
വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അധ്യാപക സംഘടനകളുമായി ചർച്ചയ്ക്കു ശേഷം വേണ്ട തീരുമാനം എടുക്കും.
വി.ശിവൻകുട്ടി, വിദ്യാഭ്യാസ മന്ത്രി
സംയുക്ത അധ്യാപക സമിതി 20നു സെക്രട്ടേറിയേറ്റ് മാർച്ചും എൻടിയു നാളെ 3.30ന് ഉപജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണപക്ഷത്തു നിന്ന് കോൺഗ്രസ് (എസ്) അനുകൂല അധ്യാപക സംഘടനയായ കെപിടിഎയും സർക്കാർ തീരുമാനത്തെ വിമർശിച്ചു.
എതിർപ്പ് എന്തുകൊണ്ട്?
ശനിയാഴ്ചകളിലും ക്ലാസ് വച്ചതോടെ ആ ദിവസം നടക്കാറുള്ള എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്പിസി) പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ലിറ്റിൽ കൈറ്റ്സ്, അബാക്കസ് (കണക്ക്) ക്ലാസുകൾ, പഠനത്തിൽ പിന്നാക്കമുള്ളവർക്കുള്ള സ്പെഷൽ ക്ലാസ്, ഇംഗ്ലിഷ് പരിശീലനം തുടങ്ങിയവയും ശനിയാഴ്ചകളിലുണ്ട്. ഇതെല്ലാം ഞായറാഴ്ചയിലേക്കു മാറ്റിയാൽ കുട്ടികൾ വരില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Content Summary : academic calendar controversy