ADVERTISEMENT

ന്യൂഡൽഹി ∙ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന(കെവിപിവൈ) പരീക്ഷ നിർത്തലാക്കിയതു ഐഐഎസ്‌സി, ഐസർ എന്നിവിടങ്ങളിലെ പ്രവേശന നടപടികളെ സ്വാധീനിക്കില്ലെന്നു വിശദീകരണം. ഐസറിൽ കെവിപിവൈയ്ക്കു വേണ്ടി മാറ്റിവച്ചിരുന്ന സീറ്റുകളിൽ ഒരിക്കലും പൂർണമായി പ്രവേശനം നേടിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം ഐഐ‌എസ്‌സിയും ഐഎടിയുടെ(ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഭാഗമായ സാഹചര്യത്തിൽ പ്രവേശനത്തിൽ കാലതാമസം വരാൻ സാധ്യതയുണ്ടെന്നും സ്ഥാപനങ്ങളിൽ നിന്നുള്ളവർ വിശദീകരിച്ചു. 

 

ശാസ്ത്രപഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളായ ഐഐഎസ്‌സി, ഐസർ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള കൈവഴികളിലൊന്നാണ് ഈ വർഷവും കെവിപിവൈ. എന്നാൽ ഈ പരീക്ഷ 2022ൽ നിർത്തിയിരുന്നു. 2021 വരെ യോഗ്യത നേടിയവർക്കാണു ഇക്കുറിയും പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹത. ഇത് അനർഹമായ അഡ്വാന്റേജിനു കാരണമാകുമെന്ന പരാതി ഉയർന്നിരുന്നു. 

 

ജെഇഇ(അഡ്വാൻസ്ഡ്), കെവിപിവൈ പരീക്ഷകൾ വിജയിക്കുന്നവർക്ക് 25% സീറ്റാണു സംവരണം ചെയ്തിരിക്കുന്നത്. ഐസറുകളിൽ ആകെ സീറ്റ് അനുസരിച്ച് കെ‌വിപിവൈയ്ക്കുള്ള സംവരണം വ്യത്യാസപ്പെടും. കഴിഞ്ഞ വർഷം തിരുവനന്തപുരം ഐസറിൽ 10 ശതമാനം സീറ്റ് കെവിപിവൈയ്ക്കും ബാക്കി 15 ശതമാനം സീറ്റ് ജെഇഇയ്ക്കുമാണു സംവരണം ചെയ്തിരുന്നത്. 

 

രാജ്യത്തെ ഒരു ഐസറിലും ഈ 25 ശതമാനം സീറ്റുകളിലേക്കു പ്രവേശനം പൂർണമായി നടക്കാറില്ലെന്നും ഒഴിവുള്ള സീറ്റുകളിലേക്കും ഐഎടി വഴി പ്രവേശനം നടത്തുകയാണു ചെയ്യുന്നതെന്നും ജോയിന്റ് അഡ്മിഷൻസ് കമ്മിറ്റി  പ്രതിനിധിയും തിരുവനന്തപുരം ഐസറിലെ അധ്യാപകനുമായ ഡോ. ഡി.വി. സെന്തിൽകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം തിരുവനന്തപുരം ഐസറിൽ കെവിപിഐ വഴി ആരും പ്രവേശനം നേടിയിരുന്നില്ല. അതിനാൽ തന്നെ പരീക്ഷ നിർത്തലാക്കിയതു പ്രവേശന നടപടികളെ സ്വാധീനിക്കില്ലെന്നും അധികൃതർ വിശദീകരിച്ചു. 

 

മുൻപു കെവിപിവൈയിലൂടെ പ്രധാനമായും പ്രവേശനം നടത്തിരുന്ന ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആദ്യമായാണു ഐഎടിയുടെ ഭാഗമാകുന്നത്. പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഇതു കാരണം കാലതാമസം വന്നേക്കാമെന്നു തിരുവന്തപുരം ഐസർ ഡീൻ(അക്കാദമിക്സ്) പ്രഫ. അനിൽ ഷാജി പറഞ്ഞു. 

 

Content Summary : Admission to IISER, Stopping KVPY Exam won't affect, says officials- Education News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com