ADVERTISEMENT

കേരള എൻജിനീയറിങ് എൻട്രൻസ് റാങ്ക്‌ലിസ്റ്റ് വന്ന സാഹചര്യത്തിൽ ഏതു കോളജിൽ ഏതു ശാഖയിൽ പ്രവേശനം കിട്ടാൻ സാധ്യതയുണ്ടെന്ന ചിന്തയിലാണ് ഓരോ വിദ്യാർഥിയും. ഏതെങ്കിലും കോളജിൽ ഏതെങ്കിലും ശാഖയിൽ ചേർന്നു പഠിക്കാനല്ല, മനസ്സിനിണങ്ങിയ ശാഖയിലും കോളജിലും ചേരുന്നതിനായിരിക്കണം മുൻഗണന. 

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്‌സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതു പ്രധാനമാണ്. ഇതിന് ഓപ്ഷൻ സമർപ്പണത്തിനുള്ള വിജ്ഞാപനം വൈകാതെ വരും. പക്ഷേ അതു ബുദ്ധിപൂർവം ചെയ്യാൻ ഇപ്പോഴേ തയാറെടുപ്പു തുടങ്ങണം. 

 

ഏത് ശാഖ പഠിക്കണം?

 

ഈ വർഷം പ്രവേശനം അനുവദിക്കുന്ന 52 എൻജിനീയറിങ് ശാഖകളുടെയും പേരുകൾ പ്രോസ്പെക്ടസിന്റെ 120 -121 പുറങ്ങളിലുണ്ട്. ഇവയോരോന്നിനെക്കുറിച്ചും നമുക്കു വ്യക്തമായ ധാരണയുണ്ടായിരിക്കണം. ‘മെക്കാനിക്കൽ’ എന്നു കേൾക്കുമ്പോൾ ട്രെയിനിന്റെയോ മോട്ടർ വർക്‌ഷോപ്പിന്റെയോ ക്രെയിനിന്റെയോ ടർബൈന്റെയോ മറ്റോ ചിത്രം മാത്രമാകാം ഒരാളുടെ മനസ്സിൽ വരുക. പക്ഷേ ഈ ശാഖയിൽ ഏതെല്ലാം വിഷയങ്ങളിൽ തിയറിയും പ്രാക്ടിക്കലുമുണ്ടെന്ന ഏകദേശധാരണയെങ്കിലും രൂപപ്പെടുത്തിയിട്ടാകണം അതിൽ ചേരുന്നത്. ഓരോ ശാഖയുടെയും ഉള്ളടക്കവും 4 വർഷത്തിനു ശേഷം ഉണ്ടായേക്കാവുന്ന ജോലിസാധ്യതയും അക്കാര്യങ്ങൾ അറിയുന്നവരുമായി സംസാരിച്ചും ഇന്റർനെറ്റ് നോക്കിയും മനസ്സിലാക്കുക.

 

table1

കോളജ് എങ്ങനെ തിരഞ്ഞെടുക്കാം

 

എൻട്രൻസ്‌ വഴി പ്രവേശനം നൽകുന്ന കോളജുകൾക്കെല്ലാം അംഗീകാരമുണ്ടെങ്കിലും അവ തമ്മിൽ അടിസ്ഥാനസൗകര്യങ്ങൾ, ഗുണനിലവാരം, മികവ്, ഫീസ് നിരക്കുകൾ, ക്യാംപസ് സിലക്‌ഷനുള്ള സാധ്യത തുടങ്ങി പല കാര്യങ്ങളിലും ഗണ്യമായ വ്യത്യാസങ്ങളുണ്ട്. ഓരോ കോളജും സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അന്വേഷിച്ചു മുൻകൂട്ടി മനസ്സിലാക്കുന്നതു നന്ന്. ഒട്ടെല്ലാ കോളജുകൾക്കും സ്വന്തം വെബ്സൈറ്റുകളുണ്ട്. എൻട്രൻസ് സൈറ്റിലെ ‘പ്രഫഷനൽ കോളജസ്’ ലിങ്കിൽ വിവരങ്ങൾ വരുന്നപക്ഷം അവയും നോക്കാം. 

മുൻവർഷങ്ങളിൽ കോളജ് / ശാഖ / സംവരണവിഭാഗം എന്നിവ ഇനംതിരിച്ച് പ്രവേശനം നൽകിയ അവസാന റാങ്കുകൾ മനസ്സിലാക്കിയാൽ നമ്മുടെ സാധ്യതകളെപ്പറ്റി ഏകദേശരൂപം കിട്ടും. 

 

എന്റെ റാങ്കിന് പ്രവേശന സാധ്യതയുണ്ടോ?

 

www.cee-kerala.org എന്ന സൈറ്റിൽ KEAM – വർഷം (KEAM 2022 / 2021 മുതലായവ) ലാസ്റ്റ് റാങ്ക് എന്നീ ലിങ്കുകൾ വഴി പോയാൽ മുൻവർഷങ്ങളിൽ ഓരോ അലോട്മെന്റിലും ഓരോ ശാഖയിലും ഓരോ കോളജിലും ഓരോ കാറ്റഗറിയിലും (സംസ്ഥാന മെറിറ്റ്, ഈഴവ, മുസ്‌ലിം മുതലായവ) സിലക്‌ഷൻ കിട്ടിയവരുടെ അവസാന റാങ്കുകളറിയാം.  

ഇവ അതുപോലെ ആവർത്തിക്കുമെന്നു കരുതരുത്. ഇക്കൊല്ലം പുതു ശാഖകൾ നിലവിൽ വന്നിട്ടുണ്ട്. വിവിധ ശാഖകളുടെ ജോലിസാധ്യതകളിലും വിദ്യാർഥിതാൽപര്യങ്ങളിലും വരുന്ന ഗണ്യമായ വ്യത്യാസം മൂലവും സീറ്റുകളിൽ മാറ്റങ്ങൾ വരാം.‌ എൻജിനീയറിങ് ശാഖകളുടെ സംഖ്യ ഇത്തവണ 52 ആയി ഉയർന്നെന്നത് വലിയ മാറ്റമാണ്.

കഴിഞ്ഞവർഷം സർക്കാർ & എയ്ഡഡ് / സർക്കാർ സ്വാശ്രയ / സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിൽ ആദ്യ റൗണ്ട് അലോട്മെന്റ് കിട്ടിയവരിലെ അവസാന റാങ്കുകൾ ഇതോടൊപ്പമുള്ള ചാർട്ടിൽ കാണാം.

 

Content Summary : Understand admission chances in Kerala entrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com