ADVERTISEMENT

വിദ്യാർഥികൾ പഠനത്തിനായും ജോലി തേടിയും വിദേശരാജ്യങ്ങളിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ വയോധികരുടെ നാടായി കേരളം മാറുമെന്ന് പല വിദ്യാഭ്യാസ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നുമുണ്ട്. വരും വർഷങ്ങളിൽ കേരളത്തിൽ കോളജുകൾ തന്നെ പൂട്ടിപോകുമെന്ന അവസ്ഥയുണ്ടാകുമെന്നു പറയുകയാണ് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി.

Read Also : പ്ലസ് വൺ മൂന്നാം അലോട്മെന്റിനു ശേഷം താൽക്കാലിക ബാച്ച് നൽകും

സമൂഹമാധ്യമത്തിൽ ഇതു സംബന്ധിച്ച് മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പിൽനിന്ന്:

 

അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം കോളജുകൾ എങ്കിലും പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു. ആളുകൾക്ക് അതിശയമായിരുന്നു. കോളജുകൾ  തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ? ഈ വർഷത്തെ അഡ്മിഷനുള്ള ആപ്ലിക്കേഷനുകളിൽ വരുന്ന കുറവുകൾ കാണുമ്പോൾ അതിന് ഏഴു വർഷം തന്നെ വേണ്ടിവരുമോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.

muralee-thummarukudy
മുരളി തുമ്മാരുകുടി. Photo Credit : Facebook/ Muralee Thummarukudy

 

ഇരുപത് മുതൽ നാൽപത് ശതമാനം വരെ കുറവാണ് ഈ തവണ കോളജുകളിൽ ആപ്ലിക്കേഷനിൽ വന്നിട്ടുള്ളത്. ഒന്നാംകിട കോളജുകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ സീറ്റുകൾ വെറുതെ കിടക്കും. 

യാതൊരു തൊഴിൽ സാധ്യതയും ഇല്ലാത്ത വിഷയങ്ങൾ, വിഷയത്തിൽ പ്രത്യേക താൽപര്യം ഒന്നുമില്ലെങ്കിലും പഠിക്കാൻ എത്തുന്ന കുറച്ചു കുട്ടികൾ, അവരെ പഠിപ്പിക്കുന്നതിൽ പ്രത്യേക താൽപര്യം ഒന്നുമില്ലാത്ത അധ്യാപകർ, പാർട്ടിരാഷ്ട്രീയം നിയന്ത്രിക്കുന്ന കോളജുകൾ, വിദ്യാർഥികളുടെ വർത്തമാനത്തിലോ ഭാവിയിലോ വലിയ താൽപര്യം കാണിക്കാത്ത യൂണിവേഴ്സിറ്റികൾ, യുവാക്കളെ ‘‘കുട്ടികൾ’’ ആയി കാണുന്ന മാതാപിതാക്കൾ, പുതിയ തലമുറയുടെ നേരെ സദാചാര ലെൻസും ആയി നടക്കുന്ന സമൂഹവും സർക്കാർ സംവിധാനങ്ങളും. ഇതിൽ തലവച്ചു കൊടുത്ത് മൂന്ന് വർഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാർഥികൾ ചിന്തിച്ചാൽ അവർക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാൽ മതി.

 

ഇതൊരവസരമായി എടുക്കണം. വിദ്യാർഥികൾ ഒട്ടും താൽപര്യം കാണിക്കാത്ത കോഴ്‌സുകൾ തുടരേണ്ടതില്ലല്ലോ. കോളജുകൾ പൂട്ടുന്നതിന് മുൻപ് കോഴ്‌സുകൾ നിർത്തലാക്കി തുടങ്ങാം. കുറച്ച് അധ്യാപകരുടെ  തൊഴിൽ നഷ്ടപ്പെടും, പഴയ സ്‌കൂളിലെ പ്രൊട്ടക്ഷൻ പോലെ കുറച്ചു നാൾ  പ്രൊട്ടക്ഷൻ കൊടുത്തും ക്ലസ്റ്റർ ആക്കിയും ഒക്കെ പിടിച്ചു നിൽക്കാൻ നോക്കാം. പക്ഷേ നടക്കില്ല, വിഷയങ്ങൾ കുട്ടികൾക്ക് വേണ്ടാതാകുമ്പോൾ അത് പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം കുറക്കേണ്ടി വരും.

 

 

നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് തൊഴിലുകൾ വലിയ തോതിൽ നഷ്ടപ്പെടാൻ പോവുകയാണ്. അതിൽ ഓട ശുദ്ധിയാക്കുന്ന തൊഴിലാളികൾ തൊട്ട് വിമാനം പറത്തുന്ന പൈലറ്റ് വരെ ഉണ്ടാകും. അവരെ റീട്രെയിൻ ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപകർക്ക് അതിനുള്ള സഹായം കൊടുത്താൽ മതി. നാളെ ഇതൊക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ചെയ്യേണ്ടി വരും.

 

നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, കുറച്ചു സ്ഥലത്തൊക്കെ അതിന്റെ ഫലം കാണുന്നുമുണ്ട്. ഇതുകൊണ്ടൊന്നും നമ്മുടെ കുട്ടികൾ ഇവിടെ നിൽക്കില്ല, കാരണം അവർ തേടുന്നത് കൂടുതൽ സ്വാതന്ത്ര്യവും വരുമാനവും ആണ്. അതിനാൽ പുതിയ വിദ്യാഭ്യാസ നയത്തിലെ സാധ്യതകൾ മുഴുവൻ ഉപയോഗിച്ച് നല്ല കോളജുകൾക്ക് പരമാവധി സ്വയംഭരണാവകാശം കൊടുക്കുക, പറ്റുന്നവയെ എല്ലാം യൂണിവേഴ്സിറ്റികൾ ആക്കി ഉയർത്തുക. എന്നിട്ടും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കോളജുകൾ പൂട്ടാനുള്ള തീരുമാനം എടുക്കുക, അനുമതി നൽകുക.

 

ഇപ്പോഴത്തെ അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികൾ മൊത്തമായി നിർത്തുക. ഇത് കാലഘട്ടത്തിന് ചേർന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ അല്ല. അധ്യാപകർക്കും അനധ്യാപകർക്കും യൂണിവേഴ്സിറ്റി ജീവനക്കാർക്കും മറ്റു തൊഴിൽ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴിൽ ചെയ്യാനുള്ള ബാങ്ക് ലോൺ പദ്ധതികളും നടപ്പിലാക്കുക.

 

Content Summary : Muralee Thummarukudy's Facebook post about collages in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com