ADVERTISEMENT
Dhey Ippa Sheriyakki Tharam - Skill Training programme by Sreeraj Parackal
ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന ‘ഇപ്പൊ ശരിയാക്കി തരാം’ എന്ന ട്രെയിനിങ് പ്രോഗ്രാമിൽ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിലെ രംഗം പുനരാവിഷ്കരിച്ചപ്പോൾ

കൊല്ലം∙ പുട്ടുകുറ്റി, യാനം, ഇപ്പോ ശരിയാക്കി തരാം, കമോൺട്രാ മഹേഷേ.. സിനിമാ വാചകങ്ങളോ ഏറ്റവും പരിചിതമായ കുറച്ചു വാക്കുകളോ മാത്രമല്ല ഇവയെല്ലാം. പഴയ കാലത്തെ രീതികളും ഉപദേശങ്ങളും ഉൾക്കൊള്ളാനാവാത്ത പുതിയ തലമുറയ്ക്ക് ഇണങ്ങുന്ന പുത്തൻ ശൈലിയിലുള്ള സ്കിൽ ട്രെയിനിങ്ങുകളുടെ പേരുകളാണിവ. കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെമ്പാടുമുള്ള ക്യാംപസുകളിൽ സ്കിൽ ട്രെയിനിങ് നടത്തുന്ന വിളക്കുടി സ്വദേശിയായ ശ്രീരാജ് പാറയ്ക്കൽ ആവിഷ്കരിച്ച വ്യത്യസ്ത ട്രെയിനിങ് പരിപാടികളൊക്കെയും സിനിമാ വാചകങ്ങൾ പോലെ തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. വ്യക്തിത്വ വികസനത്തിനായി നടന്നിരുന്ന ‘ക്ലാസ്റൂം’ പഠനമാതൃക തീർത്തും ഉപേക്ഷിച്ച് പങ്കെടുക്കുന്നവർക്കു അനുഭാവാത്മക പ്രതീതി സൃഷ്ടിക്കണമെന്ന ആശയമാണു ശ്രീരാജിന്റെ ട്രെയിനിങ് പരിപാടികൾക്കുള്ളത്.

Sreeraj Parackal
ശ്രീരാജ് പാറയ്ക്കൽ

നാണി മുത്തശ്ശിയുടെ അടുക്കളയും ആലപ്പുഴ ഹൗസ് ബോട്ടും
ഒരു ക്ലാസ്മുറിയും ഒരു മൈക്കും പവർ പോയിന്റ് അവതരണവും. ഇതൊക്കെയാവാം നൈപുണ്യ വികസന പരിശീലനം എന്ന ധാരണ പരക്കെയുണ്ട്. എന്നാൽ ആ ക്ലാസ്മുറി തന്നെ ഒരു അടുക്കളയായി മാറിയാലോ? അല്ലെങ്കിൽ പരിശീലനം ഒരു ഹൗസ് ബോട്ടിൽ ആയാലോ? അടുക്കളയിൽ നിന്നും ബോട്ടിൽ നിന്നും എന്തു പഠിക്കുമെന്ന് അതിശയം തോന്നാം.ആത്മവിശ്വാസത്തിന്റെയും, മൂല്യങ്ങളുടെയും, പ്രതികരണശേഷിയുടെയും നല്ലപാഠങ്ങൾ ‘പഠിപ്പാക്കാതെ’, പങ്കെടുക്കുന്നവർ തന്നെ കഥാപാത്രങ്ങളായി സ്വയം മനസ്സിലാക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി പ്രശസ്തമായ സിനിമാ–നോവൽ കഥാപാത്രങ്ങളും ആ യാത്രയിൽ ഇവർക്കൊപ്പം ചേരും. മെന്റലിസം, മാജിക്, സംഗീതം എന്നീ ചേരുവകളും ചേർത്താണു സ്കിൽ ട്രെയിനിങ്ങുകൾ ആവിഷ്കരിച്ചിരിക്കുന്നത്.

മാറുന്ന തലമുറ മാറ്റേണ്ട കാഴ്ചപ്പാട്
നൈപുണ്യ വികസനത്തിനായി സ്വീകരിച്ചു വരുന്ന പല മാതൃകകളും എല്ലാ വ്യക്തികൾക്കും ഒരേ രീതിയിലുള്ള പരിശീലനമാണു നൽകി വരുന്നത്. ധൈര്യക്കുറവിലും, ആശയവിനിമയത്തിലുള്ള പോരായ്മയിലും മാത്രം ശ്രദ്ധ കൊടുക്കുന്ന പതിവു രീതിയിലുമപ്പുറം ഒരോ വ്യക്തിയിലുമുള്ള കഴിവിനെ തിരിച്ചറിഞ്ഞ്, അതിൽ കൂടുതൽ പരിശീലനം കൊടുക്കുകയാണ് വേണ്ടതെന്നാണു ശ്രീരാജിന്റെ അഭിപ്രായം. അവർ ഭയക്കുന്ന കാര്യത്തെ നേരിടാനുള്ള അടിസ്ഥാന പരിശീലനവും ഗുണം ചെയ്യും. മാറുന്ന കാലത്തിനൊപ്പം, വരുന്ന തലമുറയ്ക്കായി മാറിയ കാഴ്ചപ്പാടുകളോടു കൂടിയ കൂടുതൽ രസകരമായ ട്രെയിനിങ്ങുകൾ ആവിഷ്കരിക്കുകയും അതു കൂടുതൽ ക്യാംപസുകളിലേക്ക് എത്തിക്കുകയുമാണു ഇനി ശ്രീരാജിന്റെ ലക്ഷ്യം. ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്ലേസ്മെന്റ് ഓഫിസറുമാണു ശ്രീരാജ്.

Content Summary : Dhey Ippa Sheriyakki Tharam - Skill Training programme by Sreeraj Parackal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com