കോഴിക്കോട് ∙ നിപ്പ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു സഹായവുമായി, കോഴിക്കോട് ആസ്ഥാനമായ വിദ്യാഭ്യാസ സേവന ആപ് എഡ്യുപോര്‍ട്ട് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും നീറ്റ്, ജെഇഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും എഡ്യുപോര്‍ട്ട് ആപ് സൗജന്യമായി ഉപയോഗിക്കാം. സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെയാണ് ഈ സൗകര്യം ഉണ്ടാവുക.
പ്ലസ് വണ്‍ ഇപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനം നടക്കാനിരിക്കെ നിപ്പ ഭീതി കാരണം സ്‌കൂളുകള്‍ അടച്ചിട്ടത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ പഠനം ഒരു കാരണവശാലും മുടങ്ങരുതെന്ന് കരുതിയാണ് കോഴിക്കോട് ജില്ലയില്‍ സേവനം സൗജന്യമാക്കാന്‍ എഡ്യുപോര്‍ട്ട് തീരുമാനിച്ചതെന്ന് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.
തത്സമയ, റെക്കോര്‍ഡഡ് ക്ലാസുകള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ക്ക് പഠനസംബന്ധമായ സംശയങ്ങള്‍ ദൂരികരിക്കാന്‍ പ്രത്യേക സെഷനുകള്‍, വ്യക്തിഗത മെന്റര്‍ഷിപ്പ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്ന ആപ്പാണ് എഡ്യുപോര്‍ട്ട്. കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ഥികളായ അജാസ് മുഹമ്മദ്, അബ്രഹാം, സിയാദ് ഇ.എ എന്നിവര്‍ ചേര്‍ന്നാണ് ഈ ആപ് വികസിപ്പിച്ചത്. വിവിധ എന്‍ഐടികളിലെയും ഐഐടികളിലെയും പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പുറത്തിറക്കി 3 വര്‍ഷം കൊണ്ട് 5 ലക്ഷത്തിലേറെ പേര്‍ എഡ്യുപോര്‍ട്ട് ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 15 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആപ്പിന്റെ സേവനങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.
Content Summary : Eduport free for students at Kozhikode