എൻഎസ്എസ് ക്യാംപ് സമാപനവും സ്കൂൾ തുറക്കലും ഒരേ ദിവസം; വിദ്യാർഥികളും അധ്യാപകരും ആശയക്കുഴപ്പത്തിൽ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാഷനൽ സർവീസ് സ്കീമിന്റെ വാർഷിക സഹവാസ ക്യാംപ് അവസാനിക്കുന്നത് ക്രിസ്മസ് അവധിക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം. ക്യാംപ് നടക്കുമ്പോൾ എങ്ങനെ ക്ലാസും നടത്തുമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് സ്കൂൾ അധികൃതർ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടുമില്ല. 90% സ്കൂളുകളിലും ക്യാംപ് നടക്കുന്നുണ്ട്.
ക്രിസ്മസ് അവധി 23 മുതൽ 31 വരെ 9 ദിവസമാണ്. ജനുവരി ഒന്നിനു സ്കൂളുകൾ തുറക്കും. 26ന് ആരംഭിക്കുന്ന ഒരാഴ്ച നീളുന്ന എൻഎസ്എസ് ക്യാംപുകളും ജനുവരി ഒന്നു വരെയാണ്. ഏഴു ദിവസവും ക്യാംപിൽ താമസിച്ചു പങ്കെടുക്കുന്നവർക്കു മാത്രമാണ് ഗ്രേസ് മാർക്കിന് അർഹതയെന്നതിനാൽ വെട്ടിച്ചുരുക്കാനുമാകില്ല. ക്യാംപിൽ പങ്കെടുക്കുന്നവർ ക്ലാസ് മുറികളിലാണ് താമസിക്കുന്നത്. മാത്രമല്ല, ക്യാംപിനു ശേഷം സ്കൂളിൽ ശുചീകരണത്തിനും സമയം കണ്ടെത്തണം.
വകുപ്പ് വ്യക്തത വരുത്താത്തതിനാൽ ജനുവരി ഒന്നിനു രാവിലെ ക്യാംപ് അവസാനിപ്പിക്കാനാണ് പല സ്കൂളുകളും തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9നു ക്ലാസുകൾ ആരംഭിക്കുന്നതിനാൽ അതിനു മുൻപേ ക്യാംപ് അവസാനിപ്പിക്കേണ്ടി വരും. മറ്റു സ്കൂളുകളിൽ ക്യാംപുകളിൽ പങ്കെടുക്കുന്നവർക്ക് ഒന്നാം തീയതി സ്വന്തം സ്കൂളിൽ ക്ലാസിനെത്തണ മെങ്കിലും ബുദ്ധിമുട്ടാണ്. ഒന്നിനു സ്കൂൾ തുറക്കുമെങ്കിലും രണ്ടിനു മന്നം ജയന്തിയുടെ അവധിയാണ്. മൂന്നിനു സ്കൂളുകൾ തുറന്നാൽ ക്യാംപിനെ ബാധിക്കില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.