ADVERTISEMENT

ദേശീയ വിദ്യാഭ്യാസ നയം 2020 വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎംശ്രീ) പദ്ധതി ഗുണനിലവാരമുള്ള അധ്യാപനം സാധ്യമാക്കുന്നുണ്ട്. വിദ്യാർഥികളുടെ സമഗ്രമായ വികാസത്തിനെ പോഷിപ്പിക്കാനും പദ്ധതിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലെ അമൃത് പീധി അഥവാ യുവജനതയെ ശാക്തീകരിക്കാനും വിവിധ പദ്ധതികൾ സഹായിച്ചതായി നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ പറയുന്നു. സ്കിൽ ഇന്ത്യ മിഷനു കീഴിൽ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ സാധിച്ചു. ഇതിനുപുറമെ 54 ലക്ഷം യുവാക്കളെ വിവിധ മേഖലകളിൽ വൈദഗ്ധ്യവും നൈപുണ്യവുമുള്ളവരാക്കി മാറ്റി. 3000 പുതിയ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനായത് വലിയ നേട്ടമായി ധനമന്ത്രി ബജറ്റ് അവതരണത്തിൽ എടുത്തുകാട്ടി. 

ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എഐഐഎംഎസുകൾ (എയിംസ്) തുടങ്ങി ധാരാളം പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 390 സർവകലാശാലകളും സ്ഥാപിച്ചു.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. രാജ്യത്ത് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ കോഴ്സുകൾക്ക് പ്രവേശനം നേടുന്നവരിൽ 43 ശതമാനവും പെൺകുട്ടികളും സ്ത്രീകളുമാണ്. ആഗോളതലത്തിൽ നോക്കിയാൽ ഏറ്റവും ഉയർന്ന കണക്കുകളിൽ ഒന്നാണിത് എന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും. 

മെഡിക്കൽ കോളേജുകൾക്ക് പുറമെ വിദ്യാഭ്യാസ മേഖലയ്ക്കും അങ്കണവാടികളുടെ നവീകരണത്തിനും പദ്ധതിയുണ്ടെന്ന് സീതാരാമൻ പറഞ്ഞു. സാങ്കേതിക വിദഗ്ധരായ യുവാക്കൾക്ക് വരാനിരിക്കുന്നത് സുവർണ കാലഘട്ടം ആയിരിക്കുമെന്നും നിർമ്മലാ സീതാരാമൻ പറയുന്നു. സ്വകാര്യമേഖലയിൽ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ഒരു കോർപ്പസ് സ്ഥാപിക്കും. ദീർഘകാലത്തേയ്ക്ക് കുറഞ്ഞ പലിശനിരക്കിലോ പലിശ രഹിതമോ ആയ വായ്പയാണ് ഇതിലൂടെ നൽകുന്നത്. 2023 ലെ കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്‌ക്കായി കേന്ദ്രം 1,12,898.97 കോടി രൂപ വകയിരുത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇതുവരെ അനുവദിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിഹിതമായിരുന്നു അത്.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 68,804.85 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 44,094.62 കോടി രൂപയും അനുവദിച്ചിരുന്നു. 

English Summary:

Union Interim Budget 2024-25 : Key Highlights for the Education Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com