സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കൈ സഹായം: പെരിന്തല്‍മണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു
Mail This Article
സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദേശവും വളരാനുള്ള സാഹചര്യവും ഒരുക്കി പെരിന്തല്‍മണ്ണ ആസ്ഥാനമായി സ്‌കെയില്‍ അപ് വില്ലേജ് വരുന്നു. ബിസിനസ് രംഗത്തെ 27 പ്രമുഖര്‍ ഒരുമിച്ചാണ് ഈ പുതിയ ആശയത്തിന് രൂപം നല്‍കിയത്. രണ്ട് ദിവസങ്ങളിലായി നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്ന സ്‌കെയില്‍ അപ് കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായാണ് പുതിയ കമ്പനിക്ക് രൂപം നല്‍കിയത്.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കെഎസ്‌ഐഡിസി, കേരള നോളജ് ഇക്കോണമി മിഷന്‍, അസാപ് തുടങ്ങി വ്യവസായ വകുപ്പിന് കീഴിലുള്ള വ്യത്യസ്ത ഏജന്‍സികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സ്‌കെയില്‍ അപ് കോണ്‍ക്ലേവില്‍ വിദ്യാർഥികളും പൊതുജനങ്ങളും പ്രവാസികളും അടക്കം അയ്യായിരത്തോളം പേര്‍ പങ്കെടുത്തു.
അഞ്ച് വേദികളിലായി നടന്ന ചര്‍ച്ചകള്‍ക്കു പുറമെ ഹാന്‍ഡ്‌സ്-ഓണ്‍ വര്‍ക്ക്ഷോപ്, ബിസിനസ് ബൂട്ട് ക്യാംപ്, മെഡിക്കല്‍ ഹാക്കത്തോണ്‍, വിവിധ സംരംഭകരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയും നടന്നു. വെർച്വല്‍ റിയാലിറ്റിയെയും ഡ്രോണ്‍ ക്യാമറകളെയും നേരിട്ട് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
വ്യവസായമന്ത്രി പി. രാജീവ്, മുന്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ഐഡി ഫ്രഷ് ഫുഡ് സഹസ്ഥാപകനും ഡയറക്ടറുമായ അബ്ദുന്നാസര്‍, ഓപ്പന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോജീസ് സഹസ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതന്‍, സഹസ്ഥാപകയും സിഎഫ്ഒയുമായ ഡീന ജേക്കബ്, ഇംപെക്‌സ് എംഡി നുവൈസ് സി, മോര്‍ഫിന്‍ എഫ്എക്‌സ് സ്ഥാപകനും സിഇഒയുമായ ഇബിനു ജല എന്നീ സംരംഭകരും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ഹരി കിഷോര്‍, കിഫ്ബി ഡപ്യൂട്ടി ഡയറക്ടര്‍ സത്യജീത് രാജന്‍, മലപ്പുറം കലക്ടര്‍ വി.ആര്‍ വിനോദ്, സഫാരി ടിവി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര, നോളജ് ഇക്കോണമി മിഷന്‍ ജനറല്‍ മാനേജര്‍ പി.എം റിയാസ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഒഒ ടോം തോമസ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഇബാദ് റഹ്മാന്‍, സുജിത്ത് ഭക്തന്‍, മുസ്തഫ സില്‍വാന്‍, ഷബ്ന ഹസ്‌കര്‍ തുടങ്ങിയവരും കോണ്‍ക്ലേവില്‍ സംസാരിച്ചു.
യുവ സംരംഭകരായ ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ് ഡയറക്ടര്‍ ടോം ജോസഫ്, താരാ ട്രേഡിങ് കമ്പനി എംഡി നദീം സഫ്രാന്‍, ഡോ. ശംസുദീന്‍, എഡ്യുപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍, പി.ബി.നാസര്‍, മുസ്തഫ കൂരി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ് എന്ന് സിഇഒ നദീം അഹമ്മദ്, സിഒഒ ജസീല്‍ നസ്രിന്‍ എന്നിവര്‍ പറഞ്ഞു.
മലബാറിന്റെ വ്യവസായ സാധ്യതകളെ മെച്ചപ്പെടുത്താനും കൂടുതല്‍ പേരെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സ്‌കെയില്‍ അപ് വില്ലേജ് എന്ന ആശയം രൂപകല്‍പന ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.