സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മേയ് 26ന്; അപേക്ഷ മാർച്ച് 5ന് വൈകിട്ട് 6 വരെ
Mail This Article
ഐഎഫ്‌എസ്, ഐഎ എസ്, ഐപിഎസ് അടക്കം 21 സർവീസുകളിലേക്ക് ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുക്കാൻ യുപിഎസ്‌സി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിക്ക് മാർച്ച് 5നു വൈകിട്ട് ആറുവരെ അപേക്ഷിക്കാം. https://upsconline.nic.in പ്രിലിമിനറി പരീക്ഷ മേയ് 26ന് ആണ്. മെയിൻ സെപ്റ്റംബർ 20നു തുടങ്ങും. ആകെ 1056 ഒഴിവുകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇതിൽ 40 ഭിന്നശേഷിക്കാർക്ക്. മുഖ്യവിജ്ഞാപനമടക്കം വിശദവിവരങ്ങൾ https://upsc.gov.in എന്ന സൈറ്റിലെ What’s New ലിങ്കിലുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയും പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളിൽപെടും. ആദ്യമാദ്യം ചോദിക്കുന്നവർക്ക് കേന്ദ്രം അനുവദിക്കുന്ന രീതിയാണ്. മെയിനിന് കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം.
അപേക്ഷായോഗ്യത
ബിരുദം അഥവാ തുല്യയോഗ്യത മതി. മിനിമം മാർക്ക് നിബന്ധനയില്ല. ഫൈനൽ ഇയർ ബിരുദവിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. മെഡിക്കൽ ബിരുദധാരികൾ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നേരത്തു ഹാജരാക്കിയാൽ മതി. സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. പ്രായം 2024 ഓഗസ്‌റ്റ് ഒന്നിന് 21 – 32. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 37, 35 വരെയാകാം. നിർവചിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് 42 വരെയും. വിമുക്‌തഭടർക്കും പ്രായപരിധിയിൽ ഇളവുണ്ട്. 6 തവണ വരെ പരീക്ഷ എഴുതാം; പിന്നാക്കവിഭാഗക്കാർക്കും ജനറൽ / സാമ്പത്തിക പിന്നാക്ക വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും 9 തവണ. പട്ടികവിഭാഗക്കാർക്ക് എത്ര തവണ വേണമെങ്കിലുമെഴുതാം; പ്രായപരിധി കടക്കരുതെന്നു മാത്രം.
പ്രിലിമനറി
2 മണിക്കൂർ വീതമുള്ള 2 നിർബന്ധ പേപ്പറുകൾ. ഒബ്‌ജക്‌ടീവ് മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ മാത്രം. ഓരോ പേപ്പറിനും 200 മാർക്ക്. തെറ്റിനു മാർക്ക് കുറയ്‌ക്കും. ഐച്ഛികവിഷയമില്ലാത്തതിനാൽ ആർക്കും മുൻതൂക്കമോ അസൗകര്യമോ ഇല്ല. ഒന്നാം പേപ്പറിലെ 200 മാർക്ക് മാത്രം ആധാരമാക്കിയാവും മെയിനിലേക്കു കടക്കാനുള്ള റാങ്കിങ്. രണ്ടാം പേപ്പറിൽ 33% മാർക്ക് നേടിയാൽ മതി.
മെയിൻ പരീക്ഷ
മൂന്നു മണിക്കൂർ വീതമുള്ള 9 വിവരണാത്മക പേപ്പറുകൾ. ഇതിൽ പേപ്പർ എ ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷയും പേപ്പർ ബി ഇംഗ്ലിഷുമാണ്. ഇവയിൽ 25% മാർക്ക് മതി. ഈ മാർക്ക് റാങ്കിങ്ങിനു പരിഗണിക്കില്ല. തുടർന്ന് 250 മാർക്ക് വീതമുള്ള 7 പേപ്പറുകൾ. ഒന്നാം പേപ്പർ എസ്സേയും 2, 3, 4, 5 പേപ്പറുകൾ ജനറൽ സ്റ്റഡീസും 6, 7 പേപ്പറുകൾ ഐച്ഛികവിഷയവുമാണ്.
റാങ്കിങ്ങിന് എഴുത്തുപരീക്ഷയ്‌ക്ക് ആകെ: 250 x 7 = 1750 മാർക്ക്.
ഇന്റർവ്യൂ (പഴ്‌സനാലിറ്റി ടെസ്‌റ്റ്): 275 മാർക്ക്.
റാങ്കിങ്ങിനു മൊത്തം മാർക്ക്: 2025.
പ്രിലിമിനറിയിലെ മികവു നോക്കി ഒഴിവുകളുടെ 12 / 13 മടങ്ങോളം പേരെ മെയിനിനു ക്ഷണിക്കും. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ ഇരട്ടിയോളം പേരെ ഇന്റർവ്യൂവിനു ക്ഷണിക്കും. സംശയപരിഹാരത്തിനു ഫോൺ: 011 2338 5271.
ഇന്റർവ്യൂ മോശമായാലും ജോലിക്ക് സാധ്യത
ഇന്റർവ്യൂവിൽ വിജയിക്കാൻ കഴിയാത്തവർ എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും നേടിയ മാർക്കുകൾ അവർക്കു സമ്മതമെങ്കിൽ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ കമ്പനികൾക്ക് ആവശ്യമെങ്കിൽ ഇവരെ നിയമിക്കാം.
ഫോറസ്‌റ്റ് സർവീസിനും ഇതേ പ്രിലിമിനറി
ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിനു ശ്രമിക്കുന്നവർക്കു സിവിൽ സർവീസസ് പ്രിലിമിനറിയിലും താൽപര്യമുണ്ടെങ്കിൽ പൊതു അപേക്ഷാഫോമിൽ ഇക്കാര്യം സൂചിപ്പിക്കാം. പക്ഷേ ഫോറസ്റ്റ് സർവീസിന് വെറ്ററിനറി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്‌സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി, എൻജിനീയറിങ് ഇവയൊന്നിലെ ബിരുദമോ തുല്യയോഗ്യതയോ വേണം. മെയിൻ പരീക്ഷയുടെ ഘടനയുൾപ്പെടെ വിശദവിവരങ്ങൾ https://upsc.gov.in എന്ന സൈറ്റിലെ What’s New ലിങ്കിലുണ്ട്.