ADVERTISEMENT

തിരുവനന്തപുരംഹൈസ്കൂളുകളിൽ നിന്ന് 2010 മുതൽ അടയ്ക്കാനുള്ള പാഠപുസ്തക വില കുടിശികയ്ക്ക് ഏർപ്പെടുത്തിയ 18% പലിശ ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാൽ സ്കൂൾ സൊസൈറ്റികളും ചുമതലയുള്ള അധ്യാപകരും പ്രതിസന്ധിയിൽ. 14 വർഷം മുൻപു മുതലുളള കുടിശികയ്ക്ക് പലിശയും ചേർത്ത് ഇരട്ടിയോളം തുക അടയ്ക്കേണ്ട സാഹചര്യമാണ്.

കുടിശികയുളള സ്കൂളുകളിൽ നിന്ന് കഴിഞ്ഞ വർഷം വിറ്റ പുസ്തകങ്ങളുടെ തുക ട്രഷറിയിൽ അടച്ചത് സ്കൂളുകളുടെ അനുമതിയില്ലാതെ തന്നെ കുടിശികയിനത്തിൽ വകയിരുത്തുകയാണു പൊതു വിദ്യാഭ്യാസ വകുപ്പ്. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിലയാണ് സ്കൂളുകളിൽ നിന്ന് ട്രഷറിയിൽ അടയ്ക്കേണ്ടത്. 8–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമാണ്.

2010–11 മുതലാണ് സ്കൂൾ സൊസൈറ്റികൾക്ക് മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച് പാഠപുസ്തകങ്ങൾ എത്തിച്ചു കൊടുക്കാൻ തുടങ്ങിയത്. 2018–19 മുതലാണ് സംസ്ഥാന പാഠപുസ്തക ഓഫിസ് ഓഡിറ്റിങ് തുടങ്ങിയത്. സ്കൂൾ സൊസൈറ്റികളുടെ 2010 മുതലുള്ള കണക്ക് പരിശോധിച്ച് കുടിശിക ഉള്ളവരോട് അടയ്ക്കാൻ നോട്ടിസ് നൽകി. 2010ലെ സർക്കാർ ഉത്തരവ് അനുസരിച്ച് സർക്കാരിൽ നിന്ന് മുൻകൂർ വാങ്ങുന്ന പണം തിരിച്ചടയ്ക്കുമ്പോൾ 18% പലിശ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തക വിൽപനയുടെ കുടിശികയ്ക്കും 18% പലിശ ഏർപ്പെടുത്തിയത്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രി നയിച്ച നവകേരള സദസ്സിലും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

വിൽക്കാത്ത പുസ്തകങ്ങളുടെ തുക അടക്കമാണ് അടയ്ക്കേണ്ടി വരുന്നത്. വിൽക്കാത്ത പുസ്തകങ്ങൾ വിദ്യാഭ്യാസ ഓഫിസിൽ തിരികെ നൽകി രസീത് വാങ്ങിയവർക്ക് ഇളവ് ലഭിക്കുമെങ്കിലും അങ്ങനെ ചെയ്തവരും വിരളമാണ്. സൊസൈറ്റിയുടെ പ്രസിഡന്റായ ഹെഡ്മാസ്റ്റർക്കും സെക്രട്ടറിയായ അധ്യാപകർക്കുമാണ് കുടിശികയുടെ സാമ്പത്തിക ബാധ്യത.

Representative Image. Photo Credit: pong-photo9/Shutterstock
Representative Image. Photo Credit: pong-photo9/Shutterstock

മുൻഗാമികൾ വരുത്തിയ കുടിശികയുടെ പേരിൽ പിന്നീട് ആ ചുമതലയിലെത്തി യവർ വലിയ ബാധ്യത വഹിക്കേണ്ടി വരുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. സർക്കാർ ഉത്തരവ് അനുസരിച്ചാണ് പലിശ സഹിതം കുടിശിക ഈടാക്കുന്നതെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും സംസ്ഥാന പാഠപുസ്തക ഓഫിസർ ടോണി ജോൺസൺ പറഞ്ഞു.

English Summary:

Educational Crisis Looms as Government Refuses to Waive 18% Interest on High School Textbook Debt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com