നീറ്റ്–യുജി: കേരളത്തിൽ 1.44 ലക്ഷം അപേക്ഷകർ

Mail This Article
ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിക്കു കേരളത്തിൽനിന്നു റജിസ്റ്റർ ചെയ്തിരിക്കുന്നത് 1,44,949 പേർ. കഴിഞ്ഞ കൊല്ലം 1,33,450 പേരാണ് കേരളത്തിൽനിന്നു നീറ്റ് എഴുതിയത്. ഇക്കൊല്ലം പരീക്ഷാർഥികളുടെ എണ്ണത്തിൽ ആറാമതാണു കേരളം. ഇക്കുറി പരീക്ഷയ്ക്ക് ആകെ റജിസ്റ്റർ െചയ്തിരിക്കുന്നത് 23,81,833 ലക്ഷം പേരാണ്. റജിസ്ട്രേഷൻ 25 ലക്ഷം കടന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കിയവരുടെ അന്തിമ വിവരങ്ങളാണ് ഇപ്പോൾ ദേശീയ പരീക്ഷാ ഏജൻസി(എൻടിഎ) പങ്കുവച്ചിരിക്കുന്നത്. നീറ്റ്–യുജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റജിസ്ട്രേഷനാണ് ഇക്കുറിയെന്ന് എൻടിഎ വ്യക്തമാക്കി; കഴിഞ്ഞ വർഷത്തെക്കാൾ 3 ലക്ഷത്തിലേറെപ്പേർ.യുപിയിൽനിന്നാണ് ഏറ്റവുമധികം റജിസ്ട്രേഷൻ– 3,39,125. മഹാരാഷ്ട്രയിൽനിന്ന് 2,79,904 വിദ്യാർഥികൾ. രാജസ്ഥാൻ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളും കേരളത്തിനു മുന്നിലുണ്ട്. പെൺകുട്ടികളാണു പരീക്ഷയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ മുന്നിൽ– 13,63,216. ആൺകുട്ടികൾ 10,18,593. മേയ് അഞ്ചിനാണു പരീക്ഷ.