ADVERTISEMENT

‌∙യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി, പല സ്ഥാപനങ്ങളും ഓപ്പൺ ആൻഡ് ഡിസ്റ്റന്റ് ലേണിങ് (ഒഡിഎൽ), ഓൺലൈൻ ലേണിങ് (ഒഎൽ) രീതികളിൽ അനധികൃതമായി നടത്തുന്ന യുജി, പിജി പ്രോഗ്രാമുകളിൽ ചേർന്ന് കബളിപ്പിക്കപ്പെടാതിരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നു യുജിസി മുന്നറിയിപ്പ്. ഒഡിഎൽ, ഒഎൽ രീതികളിലുള്ള പ്രോഗ്രാമുകളിൽ ചേരുന്നതിനു മുൻപു സ്ഥാപനത്തിനും പ്രോഗ്രാമിനും അംഗീകാരമുണ്ടോയെന്നു മനസ്സിലാക്കാൻ യുജിസി സൈറ്റുകൾ നോക്കണം.

∙ അക്കാദമിക് വർഷവും സെഷനും തിരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് ഒഡിഎൽ, ഒഎൽ പ്രോഗ്രാമുകൾ നടത്താനുള്ള അംഗീകാരം – https://deb.ugc.ac.in
∙ പ്രോഗ്രാമുകൾ നടത്താൻ അധികാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് – https://deb.ugc.ac.in
∙ അംഗീകാരം സംബന്ധിച്ച അറിയിപ്പുകൾ – https://deb.ugc.ac.in/notices/NewNotices
∙ പ്രവേശനം 2024 ഫെബ്രുവരിയിൽ തുടങ്ങി, മാർച്ച് 31ന് അവസാനിക്കും.

ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമിന്റെ പേര്, കാലദൈർഘ്യം, പ്രവേശനയോഗ്യത എന്നിവ യുജിസി വെബ്സൈറ്റിൽ നൽകിയിരിക്കുന്നതുപ്രകാരം തന്നെയെന്ന് ഉറപ്പുവരുത്തണം. 

സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രോഗ്രാം സംബന്ധിച്ച പൂർണവിവരങ്ങളുണ്ടായിരിക്കണം.

മറ്റു നിബന്ധനകൾ
∙ഓരോ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിനും ഏതേതു പ്രദേശങ്ങളിൽ ഒഡിഎൽ പ്രോഗ്രാമുകൾ നടത്താമെന്നു തീരുമാനിച്ചിട്ടുണ്ട്. അവയ്ക്കു പുറത്ത് പ്രവേശനം, കൗൺസലിങ്, സമ്പർക്ക ക്ലാസ്, പരീക്ഷ എന്നിവയടക്കമുള്ള പ്രവർത്തനങ്ങൾ പാടില്ല.‌
∙ഫ്രാഞ്ചൈസി വഴി ഒഡിഎൽ, ഒഎൽ പ്രോഗ്രാമുകളോ ലേണർ സപ്പോർട്ട് കേന്ദ്രങ്ങളോ നടത്തിക്കൂടാ. സ്വകാര്യ സേവനദാതാക്കൾ പാടില്ല.
∙യുജിസി നിബന്ധനകൾ പൂർണമായും പാലിച്ചു നടത്തുന്ന ഒഡിഎൽ, ഒഎൽ പ്രോഗ്രാമുകൾവഴി നേടുന്ന യുജി, പിജി ബിരുദങ്ങൾക്കും പിജി ഡിപ്ലോമകൾക്കും പരമ്പരാഗത രീതിയിലുള്ള സമാനയോഗ്യതകളോടു തുല്യതയുണ്ടായിരിക്കും.

ഒഡിഎൽ, ഒഎൽ രീതികളിലൊന്നിൽ പ്രവേശിച്ചവർക്കു നിബന്ധനകൾക്കു വിധേയമായി മറ്റതിലേക്കു മാറാം.
 ∙സ്ഥാപനത്തിന് അംഗീകാരമുള്ള വേളയിൽ പ്രവേശിച്ചവർക്ക്, സ്ഥാപനത്തിന്റെ അംഗീകാരം ഏതെങ്കിലും വർഷത്തേക്കു നഷ്ടപ്പെട്ടാലും പ്രോഗ്രാം അംഗീകാരത്തോടെ പൂർത്തിയാക്കാം. 
∙ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്തോ വിദേശത്തോ താമസിച്ചുകൊണ്ട് ഒഎൽ രീതിയിൽ പഠിക്കാം. ഒഡിഎൽ പ്രോഗ്രാമുകൾക്കു മാത്രമാണ് അധികാരസീമകളുള്ളത്.

laptop-typing-sataporn-sakda-istockphoto-com
Representative Image. Photo Credit : Sataporn Sakda / Shutterstock.com

3 സ്ഥാപനങ്ങൾക്ക് വിലക്ക്
2024 ഫെബ്രുവരിയിൽ തുടങ്ങുന്ന അക്കാദമിക് വർഷത്തിൽ 3 സ്ഥാപനങ്ങൾക്ക് പ്രവേശനത്തിന് അനുമതിയില്ല.

1. നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മഹാരാഷ്ട്ര – ഒഡിഎൽ, ഒഎൽ
2. ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശ് – ഒഡിഎൽ
3. പെരിയാർ യൂണിവേഴ്സിറ്റി, തമിഴ്നാട് – ഒഡിഎൽ

 നടത്തിക്കൂടാത്ത പ്രോഗ്രാമുകൾ
∙ എൻജിനീയറിങ്, മെഡിക്കൽ, ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പിയും പാരാമെഡിക്കൽ പ്രോഗ്രാമുകളും, ഫാർമസി, നഴ്സിങ്, ഡെന്റൽ, ആർക്കിടെക്ചർ, ലോ, ആഗ്രികൾചർ, ഹോർട്ടികൾചറൽ ഹോട്ടൽ മാനേജ്മെന്റ്, കേറ്ററിങ് ടെക്നോളജി, കളിനറി സയൻസസ്, എയർക്രാഫ്റ്റ് മെയ്ന്റനൻസ്, വിഷ്വൽ ആർട്സ് ആൻഡ് സ്പോർട്സ് ഏവിയേഷൻ, യോഗ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി.
∙ കൂടാതെ, എംഫിൽ, പിഎച്ച്ഡി, ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡി അരുതെന്നു പറയുന്ന പ്രോഗ്രാമുകൾ

English Summary:

UGC issues cautionary notice for Distance, Online courses; check list of debarred varsities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com