ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് എന്ന നിബന്ധന അടുത്ത വർഷത്തോടെ നടപ്പാക്കേണ്ടി വരും. തിരഞ്ഞെടുത്ത് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ‘പിഎം ശ്രീ’ പദ്ധതിയിൽ പങ്കാളിയാകാൻ 2020ലെ ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കണമെന്ന നിബന്ധന പാലിക്കേണ്ടി വരുന്നതോടെയാണിത്. ഇക്കാര്യം ഉൾപ്പെടെ ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിർത്തിരുന്നു.

പിഎം ശ്രീ സ്കൂളുകളാവും കേന്ദ്ര നയത്തിന്റെ പൈലറ്റ് സെന്ററുകൾ. അടുത്ത അധ്യയന വർഷം തന്നെ പിഎം ശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തിൽ ഒപ്പിടാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചതിനാൽ ഈ വർഷം 6 വയസ്സ് നിബന്ധന നടപ്പായേക്കില്ല. എന്നാൽ ധാരണ ഒപ്പിട്ടു പദ്ധതി നടപ്പാക്കിയാൽ അടുത്ത വർഷം മുതൽ ഈ നിബന്ധനയും മറ്റു നിബന്ധനകളും നടപ്പാക്കേണ്ടി വരും. 

പിഎം ശ്രീയിൽ ഉൾപ്പെട്ട ഭൂരിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രനയം നടപ്പാക്കി തുടങ്ങിയതിനാൽ അതിനെ ഇതുവരെ എതിർത്തിരുന്ന കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവിനും സാധ്യതയില്ല. ഇല്ലെങ്കിൽ അതിനും കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം വേണ്ടി വരും. യുജിസി മാനദണ്ഡം അനുസരിച്ചുള്ള 4 വർഷ ഡിഗ്രി കോഴ്സുകൾ, സ്വകാര്യ–വിദേശ സർവകലാശാലകൾക്കു പ്രോത്സാഹനം തുടങ്ങി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറ്റു നിബന്ധനകളും സംസ്ഥാനത്ത് നടപ്പാക്കേണ്ട സാഹചര്യമാണ് വരുന്നത്. 

വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനിവാര്യമായതിനാലാണ് അതു മുടങ്ങുമെന്ന ഘട്ടത്തിൽ രാഷ്ട്രീയമായ എതിർപ്പ് മാറ്റിവച്ച് കേന്ദ്ര തീരുമാനത്തിനു വഴങ്ങേണ്ടി വരുന്നത്. പിഎം ശ്രീയിൽ പങ്കാളിയായില്ലെങ്കിൽ എസ്എസ്കെയുടെ ശേഷിക്കുന്ന വിഹിതം ഉൾപ്പെടെ നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്നാണിത്.

English Summary:

Kerala Public Schools to Adopt National Education Policy by Next Year: An Insight into the PM Shri Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com