ADVERTISEMENT

തിരുവനന്തപുരം∙ തുറന്ന മനസ്സോടെയും ഹൃദയത്തോടെയും കണ്ണും കാതും വിടർത്തി ചുറ്റുമുള്ള കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും അവ ആസ്വദിക്കുകയുമാണു പഠനകാലത്തു ചെയ്യേണ്ടതെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാർഥികൾക്കുള്ള മലയാള മനോരമ-പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ‘മെറിറ്റ് മെഡൽ’ സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പല തലമുറകളെ വാർത്തെടുക്കുന്നതിൽ മലയാള മനോരമ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തന്റെ ചെറുപ്പത്തിൽ ക്വിസ് മത്സരങ്ങൾക്കും മറ്റും പങ്കെടുക്കാൻ മനോരമ ഇയർ ബുക്കാണ് ആധികാരിക ഗ്രന്ഥമായി കണക്കാക്കി പഠിച്ചത്. ഇപ്പോൾ പഠിപ്പുര പേജിലൂടെ രസകരമായ രീതിയിൽ മനോരമ കുട്ടികൾക്ക് പഠനത്തിനു സഹായിക്കുന്നു. പാഠ്യപദ്ധതിയിലുള്ളതും അതിനപ്പുറവുമുള്ള കാര്യങ്ങൾ വിദ്യാർഥികളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായ സമീപനമാണു പഠിപ്പുരയുടേത്. വിദ്യാഭ്യാസവും വിദ്യാർഥികളും പത്രത്തിന്റെ ഹൃദയഭാഗത്താണെന്നു മനോരമ കാണിച്ചുതന്നെന്നും അദ്ദേഹം പറ‍ഞ്ഞു.  ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.

malayala-manorama-thiruvananthapuram-brilliant-merit-medal-event-article-image-three

മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ടെക്നോപാർക്കിന്റെ പ്രഥമ സിഇഒയും പ്ലാനിങ് ബോർഡ് മുൻ‌ അംഗവുമായ ജി.വിജയരാഘവൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ.കെ.ജെ.ജോസഫ്, തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ശ്രീനാഥ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി.മാത്യു, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത്, സർക്കുലേഷൻ എക്സിക്യൂട്ടീവ് ജോഷി ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു. എ പ്ലസ് നേടി വിജയിച്ചവരെ മെഡലും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ അധ്യാപകർ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകളും നൽകി. 

malayala-manorama-thiruvananthapuram-brilliant-merit-medal-event-article-image-two

മാർക്കല്ല, വ്യക്തിത്വമാണ് പ്രധാനം: ജി. വിജയരാഘവൻ
പഠനശേഷം ജോലിക്കായി അഭിമുഖങ്ങളിലെത്തുമ്പോൾ മാർക്ക് മാത്രമല്ല, വ്യക്തിത്വവും കൂടിയാണു വലിയ കമ്പനികൾ വിലയിരുത്തുകയെന്ന് ടെക്നോപാർക്കിന്റെ പ്രഥമ സിഇഒയും പ്ലാനിങ് ബോർഡ് മുൻ‌ അംഗവുമായ ജി.വിജയരാഘവൻ പറഞ്ഞു. ലോകത്തു നടക്കുന്ന കാര്യങ്ങളും കൗതുകങ്ങളും അറിഞ്ഞിരിക്കണം. അതിന് എറ്റവും വിശ്വസനീയമായ മാധ്യമം പത്രങ്ങളാണ്. എല്ലാവരും ദിവസവും പത്രം വായിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും വേണം. ഓരോ കോഴ്സിന് ചേരുമ്പോഴും ആ കോഴ്സ് നമ്മളെ എവിടെ എത്തിക്കുമെന്നാണു ചിന്തിക്കേണ്ടത്. പഠനത്തിനൊപ്പം പാട്ടു പാടാനും വരയ്ക്കാനും എഴുതാനുമൊക്കെയുള്ള കഴിവുകളെ വിട്ടുകളയരുതെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

dr-sreenath-s-g-vijayaraghavan-dr-k-j-joseph
ജി. വിജയരാഘവൻ, ഡോ. കെ.ജെ. ജോസഫ്, ഡോ. എസ്. ശ്രീനാഥ്

പുതുതലമുറ നൂറുമടങ്ങ് മിടുക്കർ: ഡോ.കെ.ജെ.ജോസഫ് 
പുതുതലമുറ പഴയ ആളുകളെക്കാൾ നൂറുമടങ്ങ് മിടുക്കരാണെന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവരുടെ കഴിവ് വലുതാണെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ  ഡോ.കെ.ജെ.ജോസഫ് പറഞ്ഞു. ആധുനിക ലോകത്തിൽ ഏറ്റവും വിലയേറിയ ശേഷി അറിവാണ്.  ഏറ്റവും വലിയ പ്രക്രിയ പഠനമാണ്. പഠനമെന്നാൽ ചുറ്റുപാടുകളോടുള്ള ഇടപെടലുകളാണ്. ഇടപെടലുകൾക്കുള്ള ഇടം എത്ര വലുതാണോ അത്രയും വലുതാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. 

എ പ്ലസ് സൗഹൃദങ്ങൾക്ക് തടസ്സമാകരുത്: ഡോ. എസ്.ശ്രീനാഥ് 
മികച്ച റാങ്ക് കിട്ടുന്നയാളല്ല, രോഗികളോടു നന്നായി സംവദിക്കുന്ന, അവരെ മനസ്സിലാക്കുന്ന ആളാണ് മികച്ച ഡോക്ടറെന്നു തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ശ്രീനാഥ് പറഞ്ഞു. കരിയർ ഉണ്ടാക്കുന്നതിനൊപ്പം നല്ല സൗഹൃദങ്ങളുണ്ടാക്കാനും വിദ്യാർഥികൾ ശ്രമിക്കണം. എ പ്ലസ് സൗഹൃദങ്ങൾക്ക് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Malayala Manorama Thiruvananthapuram Brilliant Merit Medal Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com