വി.കെ.കൃഷ്ണമേനോന്റെ 125–ാം ജന്മവാർഷികം ഇന്ന്

HIGHLIGHTS
  • പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളി
vk-krishna-menon
SHARE

കേരളത്തിന്റെ വിശ്വപൗരൻ വി.കെ. കൃഷ്ണമേനോന്റെ 125–ാം ജന്മവാർഷികം ഇന്ന്. ബ്രിട്ടനിലെ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മിഷണറും ആദ്യ മലയാളി പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്‌ണമേനോൻ 1896–ൽ ജനിച്ചു . ചേരിചേരാ പ്രസ്ഥാനത്തിനു പേരു നൽകിയ ഇദ്ദേഹം, പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളിയാണ്. ജവാഹർലാൽ നെഹ്റു കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തിയെന്നു 1962 ൽ ടൈം മാഗസിൻ പ്രഖ്യാപിച്ച് മുഖചിത്രമാക്കിയയാൾ. 

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ, ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി തുടങ്ങി ഔന്നത്യങ്ങളേറെ അലങ്കരിച്ച മേനോൻ 1896 മേയ് മൂന്നിന് കോഴിക്കോട്ടെ പന്നിയങ്കരയിലാണ് ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽ ബിരുദപഠനകാലത്ത് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി. ജോൺ എസ്. അരുൺഡേലിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ സഹായിയായി 1924 ൽ ഇംഗ്ലണ്ടിലെത്തി. 27 വർഷം അവിടെ തുടർന്നതിനിടെ നിയമബിരുദം നേടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനം സജീവമായി തുടരുന്നതിനിടെ നെഹ്റുവുമായി തുടങ്ങിയ അടുപ്പം ഇണപിരിയാത്ത സൗഹൃദവും വ്യക്തിബന്ധവുമായി. മധ്യ ലണ്ടനിലെ സെന്റ് പാൻക്രാസ് നഗരസഭയിൽ 1934 മുതൽ 14 വർഷം കൗൺസിലറായിരുന്നു. ലോകപ്രശസ്തമായ പെൻഗ്വിൻ ബുക്സിന്റെ സ്ഥാപകരിൽ ഒരാളാണ്. 

krishna-menon

സ്വാതന്ത്ര്യലബ്ധിയോടെ കൃഷ്ണമേനോൻ ഇന്ത്യയിൽ മടങ്ങിയെത്തി. 1956 ഫെബ്രുവരിയിൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായി. 1957 ജനുവരിയിൽ യുഎൻ പൊതുസഭയിൽ കശ്മീർ വിഷയത്തിൽ 7 മണിക്കൂറും 48 മിനിറ്റും പ്രസംഗിച്ച്, അപൂർവ റെക്കോർഡിട്ടു. 1957 ൽ പ്രതിരോധ മന്ത്രിയായി. 

1962 ൽ ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് നേരിട്ട പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടും മൂന്നും ലോക്സഭകളിൽ ബോംബെ സിറ്റി നോർത്ത് മണ്ഡലത്തിന്റെ പ്രതിനിധി. 1967 ലും 68ലും പരാജയം. 69ൽ മിഡ്നാപുരിൽ നിന്നും 71ൽ തിരുവനന്തപുരത്തുനിന്നും ഇടതു പിന്തുണയോടെ വീണ്ടും ലോക്സഭയിലെത്തി. എംപി ആയിരിക്കുമ്പോൾ 1974 ഒക്ടോബർ 6ന് അന്തരിച്ച ഈ വിശ്വമലയാളിയുടെ ഓർമകൾക്ക് കേരളത്തിന്റെ സ്മരണാഞ്ജലി.

ചരിത്രത്തിൽ ഇന്ന് മേയ് 03 

>ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (INTUC) സ്ഥാപിതമായി (1947). ആചാര്യ ജെ.ബി. കൃപലാനിയാണ് ആദ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. 

>ഇന്ത്യയിലെ ആദ്യ മുഴുനീള ചലച്ചിത്രം 'രാജാ ഹരിശ്ചന്ദ്ര' ബോംബെ കോറണേഷൻ തിയറ്ററിൽ റിലീസ് ചെയ്‌തു (1913). സംവിധാനം: ദാദാ സാഹേബ് ഫാൽക്കെ. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി 1913 ഏപ്രിൽ 21 നു പ്രദർശിപ്പിച്ചിരുന്നു. 

>പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി ഡോ. സാക്കിർ ഹുസൈൻ (1969).

>ലോക പത്രസ്വാതന്ത്ര്യ ദിനം (World Press Freedom Day ). പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിൻഡോക് ഡിക്ലറേഷൻ 1991 ൽ ഈ ദിവസമായിരുന്നു.

>സൗരദിനം. 1978 ൽ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

>പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ ചലച്ചിത്ര നടി നർഗീസ് ദത്ത് അന്തരിച്ചു (1981). മികച്ച ദേശീയോദ്ഗ്രഥന  ചിത്രത്തിനുള്ള ദേശീയ അവാർഡ് ഇവരുടെ പേരിലാണ്. ഫാത്തിമ റഷീദ് എന്നാണു യഥാർഥ പേര്.

English Summary : Exam Guide - April 3 - Today in history.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA