ADVERTISEMENT

അൻപത്തൊൻപതു വർഷം മുൻപ് ഇതേദിനത്തിലാണ് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും നിഗൂഢമായ കൊലപാതകം നടന്നത്. ലോകത്തെ ഏറ്റവും ശക്‌തമായ രാജ്യത്തിന്റെ ചെറുപ്പക്കാരനായ പ്രസിഡന്റ് സ്വന്തംരാജ്യത്തു സുരക്ഷാവലയത്തിനു നടുവിൽ ജനങ്ങളുടെ കൺമുന്നിൽ നട്ടുച്ചയ്‌ക്കു കൊല്ലപ്പെട്ടു. വലിയ ആക്രമണത്തിലൂടെയുള്ള കൂട്ടക്കൊലയൊന്നുമല്ല. ആൾക്കൂട്ടത്തിനു നടുവിൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ (John F. Kennedy) മാത്രം തിരഞ്ഞുപിടിച്ചുള്ള വധം. മൂന്നേമൂന്നു വെടിയുണ്ടകൾ. യുഎസിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റിന്റെ ജീവനെടുക്കാൻ അതുമതിയായിരുന്നു. ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടില്ല. തുടർ ആക്രമണങ്ങളോ ഏറ്റുമുട്ടലോ ഉണ്ടായില്ല.

USA-JFK/
Former U.S. President John F. Kennedy (C), first lady Jacqueline Kennedy (R) and Texas Governor John Connally (L) and his wife are pictured riding in the presidential motorcade moments before Kennedy was shot in Dallas,Texas, in this handout image taken on November 22, 1963. Photo Credit : Reuters / Victor Hugo King / Library of Congress/Handout

കെന്നഡി; കൊല്ലപ്പെട്ട നാലാം പ്രസിഡന്റ്

യുഎസ് ചരിത്രത്തിൽ നാലു പ്രസിഡന്റുമാരാണ് കൊല്ലപ്പെട്ടത്. പതിനാറാമത്തെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ (1865 ഏപ്രിൽ 14ന് ആക്രമണം, പിറ്റേന്നു മരണം), ഇരുപതാമത്തെ പ്രസിഡന്റായിരുന്ന ജെയിംസ് എ. ഗാർഫീൽഡ് (1881 ജൂലൈ രണ്ടിന് ആക്രമണം, മരണം 11 ആഴ്‌ച കഴിഞ്ഞ് സെപ്‌റ്റംബർ 19ന്), ഇരുപത്തഞ്ചാമത്തെ പ്രസിഡന്റായിരുന്ന വില്യം മക്കൻലി (1901 സെപ്‌റ്റംബർ ആറിന് ആക്രമണം, മരണം സെപ്‌റ്റംബർ 14ന്), മുപ്പത്തഞ്ചാം പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി (1963 നവംബർ 22) എന്നിവരാണ് കൊല്ലപ്പെട്ടവർ.

USA-TRUMP/JFK
US President John F. Kennedy (File Photo) Photo Credit : Cecil Stoughton / The White House / John F. Kennedy Presidential Library / Reuters

ജെഎഫ്‌കെ; പ്രസിഡന്റായ പയ്യൻ

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞയാളാണ് ജോൺ എഫ്. കെന്നഡി. 43 വയസ്സും 236 ദിവസവുമായപ്പോഴാണ് കെന്നഡി പ്രസിഡന്റായത്. യഥാർഥത്തിൽ തിയഡോർ റൂസ്വെൽറ്റ് ആണ് യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ - 42 വയസ്സും 322 ദിവസവും. ഇതുപക്ഷേ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതല്ല. 1901ൽ വില്യം മക്കൻലി കൊല്ലപ്പെട്ടപ്പോൾ അധികാരം ഏറ്റെടുത്തതാണ്. ബിൽ ക്ലിന്റൺ (46), യുളീസസ് എസ്. ഗ്രാന്റ് (46), ബറാക് ഒബാമ (47) എന്നിവരാണ് കെന്നഡിക്കു തൊട്ടുപിന്നിൽ ഈ പട്ടികയിലുള്ളവർ.

USA-TRUMP/JFK
US President John F. Kennedy and first lady Jacqueline Bouvier Kennedy arrive at Love Field in Dallas, Texas less than an hour before his assassination in this November 22, 1963 photo by White House photographer Cecil Stoughton obtained from the John F. Kennedy Presidential Library in Boston. Photo Credit : JFK Library/The White House/Cecil Stoughton/File Photo via Reuters

ദുരന്തങ്ങൾ വേട്ടയാടിയ കെന്നഡി കുടുംബം

നാൽപതുകളുടെ തുടക്കംമുതലാണു കെന്നഡി കുടുംബത്തിലേക്കു ദുരന്തം സ്‌ഥിരം അതിഥിയായെത്തുന്നത്. 1944 ഓഗസ്‌റ്റ് ആരംഭത്തിൽ ജോൺ കെന്നഡിയെ ഒരു കപ്പൽ അപകടത്തിൽ കാണാതായെന്ന വാർത്ത അദ്ദേഹത്തിന്റെ പിതാവായ ജോസഫ് കെന്നഡിക്കു ലഭിച്ചു. എന്നാൽ, ഭാഗ്യവശാൽ അധികം താമസിയാതെ തന്നെ സോളമൻ ദ്വീപിലെ ഒരു ചെറിയ ആശുപത്രിയിൽ ജോൺ കെന്നഡി സുഖംപ്രാപിച്ചു വരുന്നുവെന്ന വാർത്തയെത്തി. പക്ഷേ, ദുരന്തം അപ്പോഴും ഒഴിഞ്ഞില്ല. കുടുംബത്തിലെ മൂത്തപുത്രൻ ജോസഫ് ജൂനിയർ ഇംഗ്ലണ്ടിനു മീതെ പറന്നുകൊണ്ടിരുന്ന വിമാനത്തിൽവച്ചു മരണമടഞ്ഞുവെന്ന നടുക്കുന്ന വാർത്തയാണു തൊട്ടുപിന്നാലെയെത്തിയത്. വരാൻ പോകുന്ന ദുരന്തങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ആരും കരുതിയില്ല. ഒരു മാസം കഴിഞ്ഞതേയുള്ളൂ, കാതലീൻ കെന്നഡിയുടെ ഭർത്താവ് വില്യം ഫ്രാൻസിൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാലുകൊല്ലം കഴിഞ്ഞു വിധവയായ കാതലീൻ ഫ്രാൻസിൽ തന്നെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

USA-KENNEDY/
The 1961 Lincoln Continental presidential limousine in which former U.S. President John F. Kennedy was assassinated is displayed at The Henry Ford Museum in Dearborn, Michigan. Photo Credit : Reuters / Joshua Lott

കുറെ വർഷങ്ങൾ കടന്നുപോയി. ജോൺ എഫ്. കെന്നഡി അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദുർവിധിയുടെ നാളുകൾ കഴിഞ്ഞുപോയെന്ന് എല്ലാവരും കരുതി. പക്ഷേ, മരണത്തിന്റെ കറുത്ത കരങ്ങൾ വീണ്ടും ഉയർന്നു താണു. മിസിസ് ജാക്വിലിൻ കെന്നഡിക്കു രണ്ടുതവണ ഗർഭാലസ്യം ഉണ്ടായി. മൂന്നാമത്തെ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്‌തു. എന്നാൽ, മനുഷ്യസ്‌നേഹിയും രാജ്യതന്ത്രജ്‌ഞനും ദൈവഭക്‌തനുമായ ജോൺ ഇതിലൊന്നും പതറിയില്ല. പക്ഷേ, മരണത്തിന്റെ നീരാളിപ്പിടിത്തം അദ്ദേഹത്തെയും വിട്ടില്ല. 1963 നവംബർ 22നു ഭാര്യയോടൊപ്പം തുറന്ന കാറിൽ ടെക്‌സസിലെ ഡാലസ് നഗരത്തിലെ തെരുവീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വെടിയുണ്ട കെന്നഡിയുടെ ജീവിതം അവസാനിപ്പിച്ചു. എഴുപത്തിയഞ്ചു വയസ്സുണ്ടായിരുന്ന പിതാവ് ജോസഫ് കെന്നഡിക്ക് ഇതെല്ലാം കണ്ടും കേട്ടും കഴിയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. കാരണം, രക്‌തസമ്മർദം മൂലം അദ്ദേഹത്തിനു സംസാരിക്കാനുള്ള കഴിവു നഷ്‌ടമായിരുന്നു.

ജോൺ എഫ്. കെന്നഡിയുടെ മകൻ ജോൺ എഫ്. കെന്നഡി ജൂനിയർ വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. മാർത്താസ് വീൻയാർഡിനകലെ കടലിൽ തകർന്നുവീണ വിമാനത്തിനുള്ളിൽ ജഡം കണ്ടെത്തി. വിമാനത്തിൽ കെന്നഡി, ഭാര്യ കാരലിൻ ബാസെറ്റ്, കാരലിന്റെ സഹോദരി ലോറൻ എന്നിവരാണുണ്ടായിരുന്നത്. ഒറ്റ എഞ്ചിൻ വിമാനം പെട്ടെന്നു പലവട്ടം വട്ടംതിരിയുകയും നിയന്ത്രണംവിട്ടു കടലിൽ പതിക്കുകയുമായിരുന്നു. റോബോട്ട് ക്യാമറ ഘടിപ്പിച്ച വിദൂരനിയന്ത്രിത മുങ്ങൽവാഹനമാണു മൃതദേഹം കണ്ടെത്തിയത്; കടലിൽ 100 അടി താഴെ.

മറ്റു പ്രധാന സംഭവങ്ങൾ 

22 നവംബർ 2016

∙ ഐഎസ്ആർഒ ചെയർമാനായ ആദ്യ മലയാളി പ്രഫ. എം.ജി.കെ. മേനോൻ അന്തരിച്ചു. 1928 ഓഗസ്റ്റ്  28നു മംഗലാപുരത്തു ജനിച്ച എം.ജി.കെ. മേനോൻ, ഐഎസ്ആർഒയുടെ രണ്ടാമത്തെ ചെയർമാനാണ്.വി. പി. സിങ് പ്രധാനമന്ത്രിയായിരിക്കെ ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. 1990– 96 ൽ ജനതാദൾ പ്രതിനിധിയായി രാജസ്ഥാനിൽ നിന്നു രാജ്യസഭാംഗമായി. പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും ലഭിച്ചു. അദ്ദേഹത്തിന്റെ പേരു നൽകിയ ഛിന്നഗ്രഹമാണ് 7564 ഗോകു മേനോൻ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഡയറക്ടറും നാഷനൽ അക്കാദമി ഓഫ് സയൻസസ്  അധ്യക്ഷനുമായിട്ടുണ്ട്.

ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്റർ നാഷനൽ കൗൺസിൽ ഓഫ് സയന്റിഫിക് യൂണിയൻസ് എന്നിവയുടെ അധ്യക്ഷൻ, സിഎസ്ഐആർ ഡയറക്ടർ ജനറൽ, പ്ലാനിങ് കമ്മിഷൻ അംഗം തുടങ്ങിയ പദവികളും വഹിച്ചു.

∙ബ്രിട്ടിഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ട റോബർട്ട് ക്ലൈവ് അന്തരിച്ചു(1774). ഇന്ത്യയിൽ ബ്രിട്ടിഷ് ആധിപത്യം ഉറപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ബംഗാൾ ഗവർണറായിരുന്നു.

മൈക് ടൈസൺ ഇരുപതാം വയസ്സിൽ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായി (1986). കിഡ് ഡൈനാമിറ്റ് എന്നറിയപ്പെട്ടു.

Content Summary : Exam Guide - Today in History - 22 November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com