ADVERTISEMENT

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്,   ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലെ  ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ(എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം  പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  പ്ലസ്‌ടുക്കാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 5.

ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന രണ്ടു ഘട്ടങ്ങളുള്ള കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (10+2) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. ജൂലൈ 1 മുതൽ 26 വരെയാണ് ഒന്നാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ സെപ്റ്റംബർ 29ന് നടക്കും. 

ശമ്പളം:

ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്:  Pay Band -1 (Rs. 5200-20200), Grade Pay: Rs. 1900 (pre-revised). 

പോസ്റ്റൽ/ സോർട്ടിങ് അസിസ്റ്റന്റ്: Pay Band -1 (Rs. 5200-20200), Grade Pay: Rs. 2400 (pre-revised). 

ഡേറ്റാ എൻട്രി ഓപ്പറേറ്റർ:  Pay Band-1 (Rs. 5200-20200), Grade Pay: Rs. 2400 (pre-revised) 

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: Pay Band-1 (Rs. 5200-20200), Grade Pay: Rs. 2400 (pre-revised). 

പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 18–27 (1992 ഓഗസ്റ്റ് രണ്ടിനു മുമ്പോ 2001 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാരുൾപ്പെടെയുള്ള മറ്റ് യോഗ്യരായവർക്ക്  ചട്ടപ്രകാരം ഇളവ്. അംഗപരിമിതർ സംവരണം  സംബന്ധിച്ച നിബന്ധനകൾക്ക് വിജ്‌ഞാപനം കാണുക.

യോഗ്യത: 12– ാം ക്ലാസ് ജയം/ തത്തുല്യം. 2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും (നിശ്‌ചിത തീയതിക്കു മുൻപ് യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി).

സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമാക്കി പഠിച്ച പന്ത്രണ്ടാം ക്ലാസ് ജയമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർക്കു വേണ്ട യോഗ്യത.

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/അംഗപരിമിതർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈൻ മുഖേന ഫീസ് അടയ്ക്കണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാൻ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്‌ക്കണം. ഏപ്രിൽ ഏഴു വരെ ഫീസടയ്ക്കാം.  ചെലാനായി ഫീസ് അടയ്ക്കുന്നവർ ഏപ്രിൽ 7 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ രണ്ടു ഘട്ടങ്ങളായാണ് നടത്തുക. കംപ്യൂട്ടർ ബേസ്ഡ് ഒബ്ജെക്ടീവ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമാണുള്ളത്. ഒന്നാം ഘട്ടത്തിൽ  മൾട്ടിപ്പിൾ ചോയ്‌സ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുമുണ്ടാകും. 

രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ പെൻ ആൻഡ് പേപ്പർ മോഡിലാണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഉദ്യോഗാർഥിക്കു സർക്കാർ ജോലികൾക്കു വേണ്ട എഴുത്തു പരിജ്ഞാനം ഉണ്ടോയെന്നു പരിശോധിക്കുന്നതിനാണ് ഈ പരീക്ഷ. എസ്സേ റൈറ്റിങ് (200–250 വാക്ക്), ലെറ്റർ/ ആപ്ലിക്കേഷൻ തയാറാക്കൽ (150–200 വാക്ക്) എന്നിവയുൾപ്പെടുന്ന പരീക്ഷയിൽ കുറഞ്ഞതു 33 % മാർക്ക് നേടിയിരിക്കണം. ഇംഗ്ലിഷിലോ  ഹിന്ദിയിലോ ഉത്തരമെഴുതണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ ലഭിക്കും.

മൂന്നാം ഘട്ട പരീക്ഷ (സ്‌കിൽ ടെസ്‌റ്റ്/ ടൈപ്പിങ് ടെസ്‌റ്റ്):
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് നടത്തുന്ന സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രിയിലുള്ള വേഗം പരിശോധിക്കും. ഡേറ്റാ എൻട്രിയിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്‌റ്റ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിലേയ്ക്കു ഡേറ്റാ എൻട്രി ഓപ്പറേറ്റർക്കു മണിക്കൂറിൽ 15000 കീ ഡിപ്രഷൻ വേഗം വേണം. 

പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  തസ്‌തികയിലേക്ക് നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.  ടൈപ്പിങ് ടെസ്‌റ്റിനു 10 മിനിറ്റാണു ദൈർഘ്യം.

സ്കിൽ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം,  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. പരീക്ഷാ കേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് പട്ടിക കാണുക. 

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം  യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.   വിശദവിവരങ്ങൾക്ക്: www.ssc.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com