ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വിവിധ ലെവൽ–1 (7th CPC Pay Matrix) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1,03,769 ഒഴിവുകളുണ്ട്. സതേൺ റെയിൽവേയുടെ കീഴിലുള്ള ചെന്നൈ ആർആർബിയിൽ 9579ഒഴിവുകളുണ്ട്. വർക്‌ഷോപ്പ് അസിസ്റ്റന്റ്–1714, അസിസ്റ്റന്റ് പോയിന്റ്സ്മാൻ–1792, ട്രാക്ക് മെയ്ന്റെയ്നർ–2890 എന്നിവയാണ് സതേൺ റെയിൽവേയുടെ കൂടുതൽ ഒഴിവുള്ള തസ്തികകൾ.  ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 12.

സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: RRC-01/2019. 

അസിസ്റ്റന്റ്(വർക്‌ഷോപ്പ്), അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് സി ആൻഡ് ഡബ്ല്യു, അസിസ്റ്റന്റ് ഡിപ്പോ(സ്റ്റോഴ്സ്), അസിസ്റ്റന്റ് ലോക്കോ ഷെഡ്(ഡീസൽ), അസിസ്റ്റന്റ് ലോക്കോ ഷെഡ്(ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഒാപ്പറേഷൻസ്(ഇലക്ട്രിക്കൽ), അസിസ്റ്റന്റ് പോയിന്റ്സ്മാൻ, അസിസ്റ്റന്റ് സിഗ്നൽ ആൻഡ് ടെലികോം, അസിസ്റ്റന്റ് ട്രാക്ക് മെഷീൻ, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി (വർക്‌ഷോപ്പ്), 

അസിസ്റ്റന്റ് ടിആർഡി, അസിസ്റ്റന്റ് വർക്‌സ്, അസിസ്റ്റന്റ് വർക്സ് (വർക്‌ഷോപ്പ്), ഹോസ്പിറ്റൽ അസിസ്റ്റന്റ്, ട്രാക്ക് മെയ്ന്റെയ്നർ ഗ്രേഡ് IV  

എന്നീ തസ്തികകളിലാണ് ഒഴിവ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ ചുവടെ.

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ(എൻസിവിടി/എസ്‌സിവിടി)/തത്തുല്യം അല്ലെങ്കിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(എൻസിവിടി).

അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

എൻജിനീയറിങ് ഡിപ്ലോമ/ബിരുദം, കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പ് /ഐടിഐക്കു പകരമായി പരിഗണിക്കില്ല. അതു പോലെ ഗ്രാജുവേറ്റ് ആക്ട് അപ്രന്റിസും  കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു പകരമായി പരിഗണിക്കില്ല.  യോഗ്യത സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 18–33 വയസ്. 

2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക്(നോൺ ക്രീമിലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

അപേക്ഷാഫീസ്: 500 രൂപ.

സിബിടിക്കു ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും.

പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർ എന്നിവർക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ മുഖേന ഒാൺലൈനായും എസ്ബിഐ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഒാഫിസ് മുഖേന ചെലാൻ പേയ്മെന്റായി ഒാഫ്‌ലൈനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സിബിടി), ശാരീരിക ക്ഷമത പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. 

90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. യോഗ്യരായ ഭിന്നശേഷിക്കാർക്ക് സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും.  മാത്തമാറ്റിക്സ് ( മാർക്ക് –25), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (30), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. ഇംഗ്ലിഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം. 2019 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ സിബിടി ഉണ്ടാകും. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. എല്ലാ യോഗ്യതകളും 2019 ഏപ്രിൽ 12 അടിസ്ഥാനമാക്കി കണക്കാക്കും.

ശാരീരിക ക്ഷമത പരിശോധനയ്ക്ക് താഴെപ്പറയുന്ന ഇനങ്ങളുണ്ടാകും.

പുരുഷൻ: 35 കിലോ തൂക്കമുള്ള ഭാരം എടുത്ത് രണ്ടു മിനിറ്റിനുള്ളിൽ  100 മീറ്റർ‌ പൂർത്തിയാക്കണം. നാല് മിനിറ്റ് 15 സെക്കൻഡുകൾക്കുള്ളിൽ 1000 മീറ്റർ ഒാടാൻ കഴിയണം.

സ്ത്രീ: 20 കിലോ തൂക്കമുള്ള ഭാരം എടുത്ത് രണ്ടു മിനിറ്റിനുള്ളിൽ  100 മീറ്റർ‌ പൂർത്തിയാക്കണം. അ‍ഞ്ച്  മിനിറ്റ് 40 സെക്കൻഡുകൾക്കുള്ളിൽ 1000 മീറ്റർ ഒാടാൻ കഴിയണം. ഭിന്നശേഷിക്കാർക്ക് ശാരീരികക്ഷമത പരിശോധന ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റുകളുടെ വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. അപേക്ഷകന് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ റജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ലഭിക്കും. ഇൗ റജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഒടിപി നമ്പർ ഉദ്യോഗാർഥിയുടെ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ഇമെയിൽ ഐഡിയിലൂടെ ലഭിക്കും.  ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും JPG/JPEG ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോ വെളുത്ത/ലൈറ്റ് കളർ പശ്ചാത്തലത്തിലും 20–50 കെബിയിൽ ഉള്ളതുമായിരിക്കണം. 2019 ജനുവരി ഒന്നിനോ അതിനു ശേഷമോ എടുത്ത കളർ ഫോട്ടോ ആയിരിക്കണം. ഒപ്പ് 10–40 കെബിയിൽ (വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ട്) ഉള്ളതായിരിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

എന്താണ് ലെവൽ വൺ ?

ലെവൽ വൺ പരീക്ഷകളിലൂടെയാണ് റെയിൽവേയിലേക്കുള്ള നിയമനത്തിന്റെ വാതിൽ തുറക്കുന്നത്. ലെവൽ വൺ (സിബിടി സ്റ്റേജ് 1) ആണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.മുമ്പ് ഗ്രൂപ്പ് ഡി കാറ്റഗറി എന്നുവിശേഷിപ്പിച്ചിരുന്ന തസ്തികകളെല്ലാം ഇപ്പോൾ ലെവൽവണ്ണിൽവരും. മുമ്പ് ഐടിഐക്കാർക്കായിരുന്നു അവസരമെങ്കിൽ ഇപ്പോൾ പത്താം ക്ലാസ് ജയിച്ചവർക്കും അപേക്ഷിക്കാമെന്ന പരിഷ്കാരംവന്നു. പാരാമെഡിക്കൽ തസ്തികകൾ ഒഴികെയുള്ളവയ്ക്കെല്ലാം പരീക്ഷ ഏകദേശം ഒരേ സിലബസ് അടിസ്ഥാനമാക്കിയാണ്. 

 മികച്ച ശമ്പളവും പുതിയഎൻപിഎസ് പെൻഷൻ വ്യവസ്ഥകളുമാണ് റെയിൽവേയിലുള്ളത്. തുടക്കത്തിൽ 25,000രൂപ മുതൽ 30,000രൂപ വരെ ലഭിക്കും. ലെവൽ വൺ കാറ്റഗറിയിൽ സർവീസിൽ ചേർന്ന് ഏതാനും വർഷം കഴിയുമ്പോഴേക്കും പ്രമോഷൻ സാധ്യതയുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് സൂപ്പർവൈസറായും ഓഫിസറായും ഉയരാനാവും. 

കുടംബത്തോടൊപ്പം താമസിക്കാൻ ക്വാർട്ടേഴ്സ്, രാജ്യത്തെവിടെയും യാത്രചെയ്യാനുള്ള സൗജന്യ പാസ്, റെയിൽവേ ആശുപത്രികളിൽ ചികിൽസാ സൗകര്യം, കുട്ടികളുടെ പഠനച്ചലെവ് തിരിച്ചുനൽകൽ തുടങ്ങിയവ ആനുകൂല്യങ്ങളിൽ പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com