ADVERTISEMENT

വടക്കൻ ജില്ലകളിലുള്ള യുവാക്കൾക്കായി കരസേനയിലേക്ക് ഓപ്പൺ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ തൃശൂർ മണ്ണുത്തി വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ടിൽ നടക്കും.  കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും മാഹി കേന്ദ്രഭരണപ്രദേശത്തുമുള്ള പുരുഷൻമാർക്കു പങ്കെടുക്കാം. 

സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്‌നിക്കൽ, സോൾജിയർ ക്ലാർക്ക്/ സ്‌റ്റോർകീപ്പർ ടെക്നിക്കൽ/ ഇൻവെന്ററി മാനേജ്മെന്റ്,   സോൾജിയർ ടെക് നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി, സോൾജിയർ ട്രേഡ്സ്മെൻ (10 ക്ലാസ് പാസ്/ എട്ടാം ക്ലാസ് പാസ്) എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. 

ഓൺലൈൻ റജിസ്ട്രേഷൻ: എല്ലാ ഉദ്യോഗാർഥികളും www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യേണ്ടതാണ്.  ഓഗസ്റ്റ് 18 വരെ റജിസ്റ്റർ ചെയ്യാം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവർക്കു മാത്രമേ റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാനാകൂ. റാലിയിൽ പങ്കെടുക്കാനുള്ള അഡ്മിറ്റ് കാർഡ് റജിസ്ട്രേഡ് ഇ –മെയിൽ ആയി ഓഗസ്റ്റ് 20 ന് ലഭിക്കും. 

അഡ്മിഷൻ കാർഡുമായാണ് റാലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടത്. റാലിയിൽ പങ്കെടുക്കേണ്ട തീയതിയും സമയവും അഡ്മിഷൻ സ്‌ലിപിൽ ലഭ്യമാകും. ഓൺലൈൻ റജിസ്ട്രേഷനു തടസം നേരിടുന്നവർ കോഴിക്കോട് എആർഒ ഒാഫിസുമായി ബന്ധപ്പെടുക.

തസ്തിക, പ്രായം, ശാരീരിക യോഗ്യത  എന്നിവ പട്ടികയിൽ. ഇളവുകൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.  വിദ്യാഭ്യാസ യോഗ്യത ചുരുക്കത്തിൽ ചുവടെ. 

വിദ്യാഭ്യാസ യോഗ്യത :

സോൾജിയർ ജനറൽ ഡ്യൂട്ടി: മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത്  33 % മാർക്കും മൊത്തം 45% മാർക്കും നേടിയിരിക്കണം. ഗ്രേഡ് അടിസ്ഥാനത്തിലുള്ളവർക്ക് ഓരോ വിഷയത്തിനും കുറഞ്ഞത്  ഡി ഗ്രേഡും (33 % തത്തുല്യം) മൊത്തം സി 2 ഗ്രേഡും വേണം.  

സോൾജിയർ ടെക്‌നിക്കൽ: ഫിസിക്‌സ്, കെമിസ്‌ട്രി, കണക്ക്, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട സയൻസ് 10+2 അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ജയം. കുറഞ്ഞത് മൊത്തം 50% മാർക്ക്. ഓരോ വിഷയത്തിനും കുറഞ്ഞത്  40% മാർക്കും നേടിയിരിക്കണം. 

സോൾജിയർ ടെക് നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി: കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട  പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ജയം.  ഓരോ വിഷയത്തിനും കുറഞ്ഞത് 40 % മാർക്ക് നേടിയിരിക്കണം.  

സോൾജിയർ ക്ലാർക്ക്/ സ്‌റ്റോർകീപ്പർ ടെക്നിക്കൽ/ ഇൻവെന്ററി മാനേജ്മെന്റ്:  കുറഞ്ഞതു മൊത്തം 60% മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ്  ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 50% മാർക്ക്  നേടിയിരിക്കണം.  പ്ലസ്‌ടുവിന് ഇംഗ്ലിഷ്, കണക്ക്/അക്കൗണ്ട്‌ അല്ലെങ്കിൽ ബുക്ക് കീപ്പിങ് പഠിച്ചിരിക്കണം (ഓരോ വിഷയത്തിനും കുറഞ്ഞത് 50 % മാർക്ക്).  

സോൾജിയർ ട്രേഡ്സ്മെൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്ക്  നേടിയിരിക്കണം. 

സോൾജിയർ ട്രേഡ്സ്മെൻ (എട്ടാം ക്ലാസ്):  എട്ടാം ക്ലാസ് ജയം. സൈസ്, ഹൗസ് കീപ്പർ, മെസ് കീപ്പർ എന്നീ വിഭാഗത്തിലേക്കാണ്.  ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്ക്  നേടിയിരിക്കണം. 

തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് പട്ടിക കാണുക. അഡ്മിഷൻ കാർഡുമായാണ് (രണ്ട് പകർപ്പുകൾ സഹിതം) റാലി സ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടത്. താഴെ പറയുന്ന രേഖകളുടെ ഒറിജിനലും രണ്ട് അറ്റസ്റ്റഡ് കോപ്പികളും കൈയിൽ കരുതണം.  

1.  മെട്രിക്/ ഇന്റർമീഡിയറ്റ്/  ബിരുദം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ. മാർക്ക് ഷീറ്റ് ഉൾപ്പെടെ. 

2. തഹസിൽദാർ/ ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ള ഫോട്ടോ പതിച്ച നേറ്റിവിറ്റി /ജാതി  സർട്ടിഫിക്കറ്റ്.ഉദ്യോഗസ്‌ഥന്റെ പേരും ഉദ്യോഗപ്പേരും വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം.

3. തഹസിൽദാർ/എസ്ഡിഎമ്മിൽ നിന്നുള്ള റിലീജിയൻ സർട്ടിഫിക്കറ്റ്.

4.  ഉദ്യോഗാർഥി അവസാനം പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്ററിൽ നിന്നു ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ്.

5. വില്ലേജ് ഓഫിസിൽ നിന്നോ മുനിസിപ്പൽ കോർപറേഷനിൽ നിന്നോ ലഭിച്ച ഫോട്ടോ പതിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (ആറു മാസത്തിനുള്ളിൽ ലഭിച്ചത്).

6. 21 വയസിനു താഴെയുള്ളവർ അവിവാഹതരാണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നോ മുനിസിപ്പൽ കോർപറേഷനിൽ നിന്നോ ലഭിച്ച ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്.  (ആറു  മാസത്തിനുള്ളിൽ ലഭിച്ചതായിരിക്കണം).

7. സൈനികരുടെ മക്കൾ, വിമുക്‌തഭടൻമാരുടെ മക്കൾ, യുദ്ധത്തിൽ പിതാവ് മരിച്ചവർ എന്നിവർ ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡിസ്‌ചാർജ് ബുക്ക്. ഒപ്പു വയ്‌ക്കുന്നവരുടെ പഴ്‌സനൽ നമ്പർ, റാങ്ക്, പേര് എന്നിവ വ്യക്‌തമാക്കിയിരിക്കണം. 

8. എൻസിസി സർട്ടിഫിക്കറ്റ്. 

9. സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രാജ്യാന്തര തലത്തിലോ ദേശീയ തലത്തിലോ മൽസരിച്ചവരെ  മാത്രമേ പരിഗണിക്കുകയുള്ളൂ.

10. 10 രൂപയുടെ നോൺ ജുഡീഷ്യൽ സ്റ്റാംപ് പേപ്പറിൽ ഇംഗ്ലിഷിൽ എഴുതിയ സത്യവാങ്‌മൂലം (മാതൃക വെബ്സൈറ്റിൽ)

11. പാൻ കാർഡ്, ആധാർ കാർഡ്, ദേശസാൽകൃത ബാങ്ക് അക്കൗണ്ട്  എന്നീ രേഖകൾ കൊണ്ടുവരണം. 

12. 20 പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (മൂന്നുമാസത്തിലധികം പഴക്കം പാടില്ല, വെള്ള പശ്ചാത്തലത്തിൽ എടുത്തതായിരിക്കണം) . കംപ്യൂട്ടർ നിർമിതമായ ഫോട്ടോകൾ പരിഗണിക്കില്ല. റാലിക്കെത്തുന്നവർ ഫോട്ടോയുടെ കൂടുതൽ കോപ്പികൾ കരുതുന്നതു നന്നായിരിക്കും.

13. രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്‌ഥന്റെ മുഴുവൻ പേരും ഉദ്യോഗപ്പേരും സീലും ഇംഗ്ലിഷിലോ ഹിന്ദിയിലോ രേഖപ്പെടുത്തണം. രേഖകൾ ഇംഗ്ലിഷിലോ ഹിന്ദിയിലോ ആയിരിക്കണം.

14. തഹസിൽദാർ/ ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ള ഫോട്ടോ പതിച്ച കമ്യൂണിറ്റി/ കാസ്റ്റ് സർട്ടിഫിക്കറ്റ് 

കൂടുതൽ വിവരങ്ങൾക്ക് 

ഫോൺ: 0495– 2383953. 

വെബ്സൈറ്റ്: www.joinindianarmy.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com