ADVERTISEMENT

ബന്ദിപ്പൂരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയിൽ കത്തിക്കരിഞ്ഞ വന്യമൃഗങ്ങളുടേതെന്ന പേരിൽ ചിത്രങ്ങൾ സഹിതം സാമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. കൊളംബിയ, കലിഫോർണിയ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ തീപിടിത്തങ്ങളിൽ കൊല്ലപ്പെട്ട ജീവികളുടെ ചിത്രങ്ങളാണു ബന്ദിപ്പൂരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയിൽ കത്തിക്കരിഞ്ഞ മൃഗങ്ങൾ എന്ന മട്ടിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വയനാട്ടിലെ വനങ്ങളിലോ ബന്ദിപ്പൂരിലോ കാണപ്പെടാത്ത ഒറാങ് ഉട്ടാന്റെ ചിത്രം വരെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

കഴിഞ്ഞ നവംബറിൽ യുഎസിലുണ്ടായ കാട്ടുതീയിൽ കരിഞ്ഞുപോയ മുയലിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. വയനാട്ടിലുണ്ടായ കാട്ടുതീയിൽ ചെറിയ ഇഴജന്തുക്കളെ മാത്രമേ ബാധിക്കാനിടയുള്ളൂവെന്നും കണക്ക് കൃത്യമായി എടുത്തിട്ടില്ലെന്നും സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത് പറഞ്ഞു. വലിയ ജീവികളുള്ള പ്രദേശങ്ങളിൽ കാട്ടുതീ വ്യാപകമായി പടർന്നിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Bandipur Forest Fire

ബന്ദിപ്പൂർ വനത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി

ആറു ദിവസത്തെ പരിശ്രമത്തിനൊടുവിൽ ബന്ദിപ്പൂർ വനത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി വനംവകുപ്പ്. ഇന്നലെയും വ്യോമസേനയുടെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകൾ തീയണയ്ക്കാൻ രംഗത്തുണ്ടായിരുന്നു. 7 തവണയായി 19000 ലീറ്റർ വെള്ളം വെള്ളമാണ് ഹെലികോപ്റ്ററുകൾ ചീറ്റിയത്. 

ഇന്നലെ തീപിടിത്തമൊന്നും ഉണ്ടായില്ലെങ്കിലും ജാഗ്രത തുടരുന്നുണ്ട്ന്ന് വനം ചീഫ് കൺസർവേറ്റർ ശ്രീധർ പുന്നതി പറഞ്ഞു. ഹെലികോപ്റ്ററിൽ ഒരെണ്ണം ഒഴികെയുള്ളവ തിരിച്ചയച്ചു. വനത്തിനുള്ളിലെ സഫാരിക്കേർപ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി തുടരും. 

ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 2000 ഹെക്ടർ വനം കത്തി നശിച്ചതായാണ് പ്രാഥമിക വിവരം. വിശദമായ കണക്കെടുപ്പ് നടത്തുന്നതേയുള്ളു. ഗോപാലസ്വാമി ബെട്ടയിലെ മലയോര മേഖലയെയാണ് തീപിടിത്തം സാരമായി ബാധിച്ചത്. മൃഗങ്ങൾ ചത്തതു സംബന്ധിച്ച് വ്യക്തമായി വിവരങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. 

Bandipur Forest Fire

മരക്കൊമ്പ് കൊണ്ട്  വനം വകുപ്പിന്റെ  തീകെടുത്തൽ !

കാട്ടുതീ പ്രതിരോധിക്കാൻ വനംവകുപ്പിന് ആധുനിക സംവിധാനങ്ങളില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. കാട്ടുതീ തുടക്കത്തിൽ കണ്ടെത്താനോ അണയ്ക്കാനോ വേണ്ട സംവിധാനങ്ങൾ വകുപ്പിനില്ല. 

മരക്കൊമ്പും മറ്റുമുപയോഗിച്ചുള്ള പ്രാകൃത രീതിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തീ കെടുത്താൻ ഇപ്പോഴും പിന്തുടരുന്നത്. ശക്തമായ കാറ്റിൽ തീ ആളിപ്പടരുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനെ കഴിയുന്നുള്ളു എന്നു ജീവനക്കാരിൽ ചിലർ പറയുന്നു.

ഈ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തീ പടരുന്നത് തടയാൻ കഴിയുന്ന ആധുനിക  ഉപകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com