ADVERTISEMENT

കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്നൊരു പുസ്തകമുണ്ട്. കണ്ടലുകൾക്കുവേണ്ടി ജീവിതം സമർപ്പിച്ച കല്ലേൻ പൊക്കുടന്റെ ആത്മകഥയാണ്. എന്നാൽ കോഴിക്കോട് നഗരം ആത്മകഥയെഴുതിയാൽ ആ പുസ്തകത്തിനും ഇതേ പേരിടാം. കണ്ടൽക്കാടുകൾക്കിടയിൽ ജനിച്ചുവളർന്ന നഗരമാണിത്.

നഗരഹൃദയത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷിത മേഖലയാണ് സരോവരം ബയോപാർക്ക്. കനോലിക്കനാലിന്റെ തീരത്ത് കണ്ടൽക്കാടുകൾ പരന്നുകിടക്കുന്ന മേഖല. കളിപ്പൊയ്കയെന്ന പേരിൽ ഏറെക്കാലം പെഡൽ ബോട്ട് സർവീസു നടത്തിയിരുന്ന ജലാശയവും സരോവരത്തിന്റെ ഭാഗമാണ്. എന്നാൽ കളിപ്പൊയ്കയോടു ചേർന്ന് അഞ്ചു ചെറുജലാശയങ്ങൾ വേറെയുമുണ്ട്. അധികമാരും ശ്രദ്ധിക്കാത്ത ജലാശയങ്ങൾ. സ്വകാര്യ വ്യക്തികളുടെ കയ്യിലാണെങ്കിലും തണ്ണീർത്തട നിയമം വന്നതോടെ നികത്താതെ ബാക്കിയായ ജലാശയങ്ങളാണിവ. 

അവയിൽ ഏറ്റവും വലിയ രണ്ടു ജലാശയങ്ങളാണ് സ്രാമ്പിക്കുഴിയും പൂക്കുഴിയും. വെള്ളം കെട്ടിനിൽക്കുന്ന രണ്ടു കുഴികൾ എന്ന അർഥത്തിലാവണം ഇവയ്ക്കു പേരിട്ടത്.കളിപ്പൊയ്കയോടു ചേർന്ന് ഒരു വലിയ കുന്നു തലയുയർത്തി നിൽക്കുന്നുണ്ട് എന്നത് ഭൂമിശാസ്ത്രപരമായി ഏറെ വിചിത്രമാണ്. ഈ കുന്നിന്റെ പകുതി ഭാഗവും ഇടിച്ചുനിരത്തിക്കഴിഞ്ഞു.

.സ്രാമ്പിക്കുഴിയും പൂക്കുഴിയും

കളിപ്പൊയ്കയ്ക്കു തെക്കുമാറി അരിടത്തുപാലം റോഡിനോടു ചേർന്നാണ് അഞ്ചു ചെറുജലാശയങ്ങളും. ഇതിൽ സ്രാമ്പിക്കുഴിയാണ് ഏറ്റവും വലുപ്പമേറിയ ജലാശയം. ചുറ്റും കണ്ടൽക്കാടുകളും പുല്ലും വളർന്നു നിൽക്കുന്ന ജലാശയമാണ് ഇത്. കണ്ടൽക്കാടുകൾക്കു നടുവിൽ വെള്ളം നിറഞ്ഞ തുറസായ പ്രദേശമുണ്ട്.

കൊക്കില്ലം എന്നു വിളിക്കാവുന്ന മേഖലയാണിത്. പകൽസമയത്ത് നൂറുകണക്കിനു  കൊക്കുകൾ വന്നുചേക്കേറുന്ന പ്രദേശം. വെള്ളത്തിനുനടുവിൽ വെള്ളക്കൊക്കുകൾ ഒറ്റക്കാലിൽ തപസു ചെയ്യുന്നതു കാണാൻ രസമാണ്. 

പക്ഷേ ഇതുവരെ നടന്നെത്താൻ അത്രഎളുപ്പമല്ല. മുട്ടറ്റം പുല്ലുനിറഞ്ഞ പ്രദേശം. അതുകഴിഞ്ഞാൽ തല വരെ താഴ്ന്നുപോവുന്ന ചതുപ്പും ചെളിയുമാണ്. ഒരുപക്ഷേ സ്വയം സംരക്ഷിക്കാൻ പ്രകൃതി കണ്ടെത്തുന്ന  വഴിയായിരിക്കാം ഇത്.   ഇതുവരെ നടന്നെത്താൻ ബുദ്ധിമുട്ടായതിനാൽ മാത്രമാണ് ആളുകൾ മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കവറുകൾ ജലാശയത്തിനു നടുക്ക് കൊണ്ടുവന്നിടാത്തത്. 

സ്രാമ്പിക്കുഴിയുടെ ഒരു വശം കനോലി കനാലിലേക്ക് തുറന്നിരിക്കുകയാണ്. കനാലിൽ വെള്ളം നിറയുമ്പോൾ സ്രാമ്പിക്കുഴിയിലേക്ക് ഒഴുകിയെത്തും.സ്രാമ്പിക്കുഴിയുടെ ഭാഗമായി, എന്നാൽ അൽപം തെക്കോട്ടുമാറിയാണ് പൂക്കുഴി. പൂക്കുഴിയോടു ചേർന്നാണ് കോട്ടൂളി കയർ സഹകരണ സംഘം പ്രവർത്തിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com