ADVERTISEMENT

വറചട്ടിപോലെയുള്ള നഗരത്തിന്റെ നടുക്കുള്ള പച്ചപ്പൊട്ട്. ഹൈക്കോടതിയും പാർപ്പിട സമുച്ചയങ്ങളും അടക്കമുള്ള ബഹുനില മന്ദിരങ്ങൾക്കു നടുവിലെ ആ പച്ചതുരുത്തിലേക്ക് അടുക്കുമ്പോൾ തന്നെ ആശ്വാസം ഇളംകാറ്റായി വന്നു തൊടും. വികസന വഴിയിൽ പച്ചപ്പുകൾ ഇല്ലാതാവുന്ന മെട്രോ നഗരത്തിന് ഇന്നും മംഗളദായിനിയായി മംഗളവനം. തട്ടേക്കാട് കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ പക്ഷി സങ്കേതം. ഇതുപോലെ നഗരമധ്യത്തിൽ കണ്ടൽ നിറഞ്ഞൊരു പക്ഷി സങ്കേതം സംസ്ഥാനത്തു വേറെയില്ല. കൊച്ചിയുടെ ശ്വാസകോശം എന്ന വിളിപ്പേരിന്റെ പൊരുളറിയണണമെങ്കിൽ ഉരുകി ഒലിക്കുന്ന ഈ ദിനങ്ങളിൽ ഹൈക്കോടതി കെട്ടിടത്തിനു പിൻവശത്തുള്ള മംഗളവനത്തിലെത്തണം.

വനം വകുപ്പിനു കീഴിലുള്ള ഈ നഗരവനത്തിന് അവധിയില്ല. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ സന്ദർശകർക്കു പ്രവേശനം സൗജന്യം. പച്ചപ്പിന്റെ തണൽ പറ്റി, ശാന്തമായി ശുദ്ധവായു ശ്വസിച്ച്, പലവിധ പക്ഷികളെയും ചിത്രശലഭങ്ങളെയും കണ്ടാസ്വാദിച്ചു പ്രകൃതിയിലലിഞ്ഞിരിക്കാം. ആ സാധ്യത തിരക്കേറിയ ഈ നഗരം ഇനിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു മാത്രം.തടി ഡിപ്പോയിൽ നിന്നു നഗരവനമായി മാറിയ ഈ തുരുത്തിനു മേൽ വികസനത്തിന്റെ കഴുകൻ കണ്ണുകൾ വീണിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹൈക്കോടതിയുടെ പുതിയ മന്ദിരം വന്നതിനു പിന്നാലെ ഇവിടെ പാർക്കിങ് ഏരിയയായി മാറ്റുന്നതിനുള്ള ആലോചനകളുണ്ടായി. അപ്പോഴെല്ലാം മംഗളവനത്തെ കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും വഹിച്ച പങ്കുവലുതാണ്. ആ പോരാട്ടങ്ങളുടെ നന്മക്കാഴ്ച കൂടിയാണു കൊച്ചിയുടെ ഈ പച്ചപ്പൊട്ട്.

Mangalavanam Bird Sanctuary

വനമായി വളർന്ന തടിഡിപ്പോ

1981 വരെ വനംവകുപ്പിന്റെ തടി ഡിപ്പോയായിരുന്നു ഇവിടം. ഫെറികളിലൂടെ എത്തിച്ചിരുന്ന തടികൾ സൂക്ഷിച്ചിരുന്ന സ്ഥലം. ട്രെയിൻ വഴിയെത്തുന്ന ചരക്കുകൾ ജലപാതയിലൂടെ പല സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതും ഇവിടം കേന്ദ്രീകരിച്ചായിരുന്നു. വേമ്പനാട്ടു കായലിന്റെ ഒരു കൈവഴി ഈ പ്രദേശത്തിനുള്ളിലൂടെ കടന്നു പോകുന്നു എന്നതായിരുന്നു ഇതിന് അനുകൂല ഘടകം. അങ്ങനെ മരങ്ങളുടെ ശവപറമ്പായിരുന്ന ഭൂമിയിലാണു പിന്നീടു കണ്ടലും മരങ്ങളും നിറഞ്ഞ സ്വാഭാവിക വനം കരുത്തോടെ പച്ചപിടിച്ചത്. കായലിൽ നിന്നു വേലിയറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ച് ഉപ്പുവെള്ളം കയറിയിറങ്ങുന്ന ഭൂമിയായതിനാലാണ് അതിന് അനുയോജ്യമായ രീതിയിലുള്ള കണ്ടലുകൾ പുഷ്ടിയോടെ വളർന്നു പിടിച്ചത്.

പോർച്ചുഗീസ് ഭാഷയിൽ കണ്ടലിനു മംഗൾ എന്നാണു പറയുക. അതിൽ നിന്നാണു കണ്ടൽ നിറഞ്ഞ ഈ പ്രദേശത്തിനു മംഗളവനം എന്ന പേരു വന്നതത്രെ.കായലോരത്തെ ഈ നഗരവനം തുടക്കം മുതൽ ദേശാടന പക്ഷികളുടെ ഉൾപ്പെടെ ഇഷ്ട കേന്ദ്രമായി. 2004 ഓഗസ്റ്റ് 31നാണു ജില്ലയിൽ തട്ടേക്കാടിനു ശേഷമുള്ള രണ്ടാമത്തെ പക്ഷി സങ്കേതമായി മംഗളവനത്തെ പ്രഖ്യാപിച്ചത്.ആകെയുള്ള 6.77 ഏക്കർ ഭൂമിയിൽ രണ്ടേക്കറോളമാണു മരങ്ങൾ വളരുന്ന കരഭൂമി. ബാക്കി കണ്ടൽനിറഞ്ഞ ചതുപ്പും കായലിന്റെ കൈവഴിയുമാണ്. 200 മീറ്ററോളം നീളുന്നതാണു വനത്തിനുള്ളിലെ ജലാശയം. ചിലയിടങ്ങളിൽ ഇതിന് 50 മീറ്ററോളം വീതിയുണ്ട്.

പക്ഷി നീരീക്ഷണത്തിനായി 30 അടിയോളം ഉയരത്തിലുള്ള നീരിക്ഷണ കേന്ദ്രവുമുണ്ടിവിടെ. വെറും വനം കാണുന്നതിനപ്പുറം വിദ്യാർഥികൾക്കായി സൗജന്യ പരിസ്ഥിതി പഠന ക്യാംപുകളും വനം വകുപ്പ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. എറണാകുളം എംഎൽഎ ചെയർമാനും മറ്റു ജനപ്രതിനിധികളും പരിസ്ഥിതി വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉപദേശകസമിതിയുടെ മേൽനോട്ടത്തിലാണു പ്രവർത്തനം. മംഗളവനത്തിന്റെ ഭൂമി നാലതിർത്തിയിലും മതിൽകെട്ടി സൂക്ഷിച്ചിരിക്കുന്നതിനാൽ കയ്യേറ്റ ഭീഷണിയില്ല. ഏറെയും ചതുപ്പായതിനാൽ തീപിടിത്ത ഭീഷണിയുമില്ല.

മംഗളവനത്തിന് വെല്ലുവിളിയായി 3 പ്രശ്നങ്ങൾ

മംഗളവനം തനിമയോടെ കാത്തുസൂക്ഷിക്കുന്നതിൽ വെല്ലുവിളികൾ നേരിടുകയാണിപ്പോൾ. ഒരു പതിറ്റാണ്ടിനിടെ ഇവിടേക്കുള്ള പക്ഷികളുടെ വരവു കുറഞ്ഞു. 2009ൽ 16 ഇനം ദേശാടന പക്ഷികൾ ഉൾപ്പെടെ 103 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇതിൽ ഭൂരിഭാഗവും ജലആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട നീർപക്ഷികളാണ്. 2017ൽ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി(സാകോൺ) നടത്തിയ പഠനത്തിൽ കണ്ടെത്താനായതു 97 ഇനം പക്ഷികളെയാണ്.

Mangalavanam Bird Sanctuary

സാകോൺ നടത്തിയ പഠനത്തിൽ മംഗളവനത്തിനു വെല്ലുവിളിയായി കണ്ടെത്തിയ പ്രശ്നങ്ങൾ മൂന്നാണ്.

1. ചുറ്റും ഉയർന്ന വൻ കെട്ടിടങ്ങൾ . നീർപക്ഷികളായിരുന്നു ഏറെയും മംഗള വനത്തിൽ ചേക്കേറിയിരുന്നത്. പടിഞ്ഞാറു ഭാഗത്തുള്ള കായലിൽ നിന്നു മീൻകൊത്തി പക്ഷികൾ പറന്നെത്തുമായിരുന്നു. എന്നാൽ ഗോശ്രീ പാലം നിർമാണത്തിനോടനുബന്ധിച്ചുള്ള വികസനത്തിന്റെ ഭാഗമായി കായലോര ഭൂമിയിൽ വൻ സമുച്ചയങ്ങൾ ഉയർന്നതോടെ മംഗളവനത്തിലേക്കുള്ള പക്ഷി പാത അടഞ്ഞു. വലിയ കെട്ടിടങ്ങളിലെ ഗ്ലാസ് പാനലുകളിൽ പ്രകാശം പതിക്കുമ്പോൾ പുറത്തേക്കു വരുന്ന ചൂട് ഉൾപ്പടെയുള്ള അനുബന്ധ പ്രശ്നങ്ങളും മംഗള വനത്തിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

2. നഗര മലിനീകരണം. മംഗവനത്തെയും മലിനീകരണം പിടികൂടിയിരിക്കുന്നു. കായലിൽ നിന്നു വേലിയേറ്റത്തിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വനത്തിലേക്കെത്തുന്നു. ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നമായി അതു മാറിയിരിക്കുന്നു. സമീപത്തെ സമുച്ചയങ്ങളിൽ നിന്നുള്ള പലതരം മാലിന്യങ്ങളും ഈ കൈവഴിയിലൂടെ വനഭൂമിയിലെത്തുന്നു. കായലിൽ നിന്നു വനപ്രദേശത്തേക്കുള്ള പ്രവേശന കവാടത്തിൽ കമ്പി വല സ്ഥാപിച്ചിട്ടുള്ളതിൽ വലിയ മാലിന്യങ്ങൾ ഉള്ളിലേക്കു കടക്കില്ല. എന്നാൽ കള്ളികളുള്ള വലയിലൂടെ ചെറിയ മാലിന്യങ്ങൾ വൻതോതിൽ എത്തുന്നു.

3. ജലാശയത്തിന്റെ നാശം. 2002ൽ ആകെ വന പ്രദേശത്തിന്റെ 2.27 ഏക്കർ(33%) ആയിരുന്നു ജലാശയം. 2017ൽ നടത്തിയ സർവേ അനുസരിച്ച് ഇത് 1.23 ഏക്കറായി(19%) കുറഞ്ഞു. ഒന്നര പതിറ്റാണ്ടിനിടെ ജലാശയത്തിന്റെ വിസ്തൃതി 55% കുറഞ്ഞു. കായലിൽ നിന്നു വേലിയേറ്റത്തിനൊപ്പമെത്തുന്ന എക്കൽ അടിഞ്ഞ് ആഴയും വിസ്തീർണവും കുറഞ്ഞു. ഇതോടെ വേലിയേറ്റത്തിനൊപ്പമെത്തുന്ന വെള്ളവും മീനുകളും വനത്തിനുള്ളിലെ ജലാശയത്തിൽ തങ്ങാതായി. വേലിയിറക്ക സമയത്തു ജലാശയത്തിൽ പലയിടത്തും ചെളിക്കുണ്ടു മാത്രമാണിപ്പോൾ .

നഗരസഭ പദ്ധതി വെള്ളത്തിൽ

മംഗളവനത്തിലെ ജലാശയത്തിലെ എക്കലും മാലിന്യങ്ങളും മാറ്റി ആഴം കൂട്ടുക എന്നതാണു മംഗളവനത്തിനു പുതു ജീവൻ പകരാൻ ഉടൻ ചെയ്യേണ്ട കാര്യം. 2017ൽ നഗരസഭ ഇതിന് 25 ലക്ഷം രൂപ അനുവദിച്ചു. കരാറും നൽകി. ഇതു പ്രായോഗിക തലത്തിലേക്ക് എത്തിയപ്പോൾ പ്രശ്നമായി. കണ്ടൽച്ചെടികൾ നിറഞ്ഞു വേരുപടർത്തിയിരിക്കുന്നതിനാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ജലാശയത്തിലെ മണ്ണു നീക്കം ചെയ്യുന്നതു വെല്ലുവിളിയായിരുന്നു.

കണ്ടലിനു നാശം വരും എന്നതായിരുന്നു പ്രശ്നം. ഇതോടെ മാലിന്യം മോട്ടോർ ഉപയോഗിച്ചു പമ്പ് ചെയ്തു പുറത്തേക്കുള്ള തള്ളുന്ന രീതി പരീക്ഷിക്കാൻ ഉപദേശക സമിതി നിർദേശിച്ചു. ഇതു പ്രായോഗികമല്ലെന്നും മണ്ണുമാന്തി യന്ത്രം തന്നെ ഉപയോഗിക്കണമെന്നുമായിരുന്നു കരാറുകാരന്റെ നിലപാട്. ഇതോടെ പദ്ധതി തുടക്കത്തിൽ തന്നെ വെള്ളത്തിലായി. അതിനുള്ള പണം ഏതു വഴിക്കു പോയി എന്നതും അവ്യക്തം. സ്വാഭാവിക കണ്ടൽ വനത്തിനു കേടു സംഭവിക്കാതെ ജലാശയം ആഴം കൂട്ടിയാൽ ജലവും മത്സ്യസമ്പത്തും വീണ്ടും നിറയുമെന്നാണു പ്രതീക്ഷ.

നിയമക്കുരുക്ക്ഇങ്ങനെ

മംഗളവനം ഉൾപ്പെട്ട പ്രദേശത്തെ പരിസ്ഥിതി സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് ഈ സർക്കാർ വന്ന ശേഷമാണ്. വനഭൂമിക്കു ചുറ്റും സംരക്ഷിത മേഖലയാക്കണമെന്ന കോടതി ഉത്തരവനുസരിച്ചായിരുന്നു ഇത്.മംഗള വനത്തിന്റെ മൂന്നു വശത്തായി പതിറ്റാണ്ടുകളായി ഒഴിഞ്ഞു കിടക്കുന്ന ഭൂമി കൂടി ഉൾപ്പെടുത്തി സംരക്ഷിത പരിസ്ഥിതി മേഖലയാക്കി നിലനിർത്താനായിരുന്നു പദ്ധതി.

ഇതിനായി സർവേ നടത്തി. കിഴക്ക്, തെക്ക് വശങ്ങളിലുള്ള റെയിൽവേ ഭൂമിയും(പഴയ കാല റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സ്ഥലം) വടക്ക് വശത്തുള്ള ബിപിസിഎൽ, എച്ച്‌യുഎൽ, എച്ച്പിസിഎൽ എന്നിവയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞ ഭൂമിയും ഉൾപ്പെടുത്തിയാണു സംരക്ഷിത മേഖല വിഭാവനം ചെയ്തത്. 2017ൽ ഇതിനു കരടു വിജ്ഞാപനം പുറത്തിറക്കി. പഴയ റെയിൽവേ സ്റ്റേഷൻ ഭൂമിയിൽ വൻ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്നതിനാൽ റയിൽവേ ഇതിനെ എതിർത്തു. മറ്റു പൊതു മേഖലാ സ്ഥാപനങ്ങൾക്കും എതിർപ്പുണ്ട്. ഇതോടെ നിയമക്കുരുക്കിലാണ് ഈ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com