sections
MORE

ഇറാനിലെ ഉപ്പ് ഗോപുരങ്ങളും ഉപ്പ് പാളികളും!

Salt Domes And Salt Glaciers of Iran
SHARE

ഇറാനെയും അറേബ്യന്‍ രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന പേര്‍ഷ്യന്‍ കടലിടുക്ക് ഒരു കാലത്ത് കാണുന്നതിന്‍റെ പല ഇരട്ടി വലുപ്പമുള്ള പ്രദേശമായിരുന്നു. ഇറാന്‍ ഉള്‍പ്പടെയുള്ള മേഖലയിലേക്ക് അന്ന് സമുദ്രം വ്യാപിച്ചു കിടന്നിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് സമുദ്രമായിരുന്ന ഈ പ്രദേശത്ത് ഇന്നും അതിന്‍റെ ശേഷിപ്പുകള്‍ കാണാന്‍ സാധിക്കും. അതിലൊന്നാണ് ഇറാനില്‍ കാണപ്പെടുന്ന ഉപ്പിന്‍റെ പാളികളും ഉപ്പ് കൊണ്ട് നിര്‍മിക്കപ്പെട്ട ഗോപുരം പോലുള്ള നിര്‍മിതികളും.

ഉപ്പ് പാളികള്‍ രൂപപ്പെട്ടതെങ്ങനെ?

salt lake

ഒരു കാലത്ത് സമുദ്രം വ്യാപിച്ചിരുന്ന പ്രദേശത്തു നിന്ന് സമുദ്രം പിന്‍വാങ്ങിയെങ്കിലും ഉപ്പ് മണ്ണിനു മുകളില്‍ കെട്ടിനിന്നു. എന്നാല്‍ കാലക്രമേണ ഈ ഉപ്പിനു മുകളിലേക്ക് മണ്ണും മറ്റു വസ്തുക്കളും വന്നടിയാന്‍ തുടങ്ങി. മഴയത്തും മറ്റും ഉയര്‍ന്ന പ്രദേശത്തുള്ള മണ്ണൊലിച്ചു വന്ന് ഉപ്പിനു മുകളില്‍ കനത്തില്‍ അടിഞ്ഞു കിടന്നു. ഇതോടെ ഇതോടെ കടലിനടിയിലുണ്ടായിരുന്ന ഉപ്പെല്ലാം മണ്ണിനടിയിലായി. എന്നാല്‍  ഉപ്പ് പാളിയുടെ രൂപപ്പെടലിനു കാരണമായ പ്രകൃതിയുടെ പ്രവര്‍ത്തനം പിന്നീടാണുണ്ടായത്.

സാള്‍ട് ടെക്ടോണിക്സ്

Salt Domes And Salt Glaciers of Iran

ഭൂചലനത്തിനു കാരണമായ പ്രതിഭാസത്തിനാണ് ടെക്ടോണിക്സ് എന്നു പറയാറുള്ളത്. ഭൗമപാളികളായി ടെക്ടോണിക് പാളികള്‍ നീങ്ങുമ്പോഴാണ് ഭൂചലനം ഉണ്ടാകാറുള്ളത്. ഇതിനോടു സമാനമാണ് പിന്നീട് ഉപ്പു പാളികള്‍ രൂപപ്പെടാന്‍ കാരണമായ സാള്‍ട് ടെക്ടോണിക്സും. മുകളില്‍ കനത്തിലുള്ള മണ്ണിന്‍റെയും മറ്റ് വസ്തുക്കളുടെയും പാളി രൂപപ്പെട്ടതോടെ ഉപ്പ് ഒരു ദ്രാവകത്തിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദ്രാവകത്തിനു സമാനമായി രൂപം മാറിയതോടെ മുകളിലെ മണ്ണിന്‍റെ ഭാരം മൂലം ഉപ്പ് വിടവുകളിലൂടെ മുകളിലേക്കൊഴുകാന്‍ തുടങ്ങി. 

ഇങ്ങനെ മുകളിലേക്കെത്തുന്ന ഉപ്പ് പല സ്ഥലങ്ങളിലും ഒരു ഗോപുരത്തിനു സമാനമായി ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ രൂപപ്പെട്ടു. വലിയ പാറക്കെട്ടുകളുടെ വിടവുകളുള്ള പ്രദേശത്തായിരുന്നു മിനാരം പോലെയും ഗോപുരം പോലെയും ഉപ്പ് ഭൂമിക്ക് മുകളില്‍ രൂപപ്പെട്ടത്. അതേസമയം മറ്റ് പലയിടങ്ങളിലും ഉപ്പ് ദ്രാവരൂപത്തില്‍ പരന്നൊഴുകുകയും വൈകാതെ സൂര്യപ്രകാശത്തില്‍ ദ്രാവാംശം നഷ്ടപ്പെട്ട മഞ്ഞ് പാളിക്കു സമാനമായ രൂപത്തില്‍ ഉപ്പ് പാളിയായി മാറുകയും ചെയ്തു. സാള്‍ട്ട് ഡയപറുകള്‍ എന്നാണ് ഇങ്ങനെ രൂപപ്പെടുന്ന ഉപ്പ് പാളികളെയും ഉപ്പ് പാറകളെയും വിളിക്കുന്നത്.

ഇറാന്‍റെ തെക്കന്‍ പ്രവിശ്യകളിലും തെക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലും മധ്യമേഖലയിലും ഇത്തരത്തില്‍ ഉപ്പ് പാളികളും ഉപ്പ് ഗോപുരങ്ങളും കാണാനാകും. പലയിടത്തും സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിലൂടെ നോക്കിയാല്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന തക്ക വിസ്തൃതിയിലാണ് ഇവ വ്യാപിച്ചു കിടക്കുന്നത്. പേര്‍ഷ്യന്‍ കടലിടുക്കിനോട് ചേര്‍ന്നുള്ള സാര്‍ഗോസ് മലനിരകളിലാണ് ഈ ഉപ്പ് പാളികളുടെയും ഉപ്പ് പര്‍വതങ്ങളുടെയും നിര വലിയ തോതില്‍ കാണാനാകുക. 

ഉപ്പ് ഗുഹകള്‍

അറേബ്യന്‍ പ്ലേറ്റും, യൂറേഷ്യന്‍ പ്ലേറ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് സര്‍ഗോസ് മലനിരകളുണ്ടായത്. ഈ പ്ലേറ്റുകള്‍ തെന്നി നീങ്ങി കൂട്ടിയിടിച്ചതിന്‍റെ ഫലമായി തന്നെയാണ് പേര്‍ഷ്യന്‍ ഗള്‍ഫ് അഥവാ പേര്‍ഷ്യന്‍ കടലിടുക്കിന്‍റെ വലുപ്പം ചുരുങ്ങിയതും. ലോകത്ത് മറ്റെവിടെയും ഇത്തരം ഉപ്പു പാളികളുടെ രൂപങ്ങള്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്ര സംഘ‍ടനയുടെ സാസ്കാരിക വിഭാഗമായ യുനസ്കോ ഇപ്പോള്‍ സാള്‍ട്ട് ഡയപറുകള്‍ക്ക് ലോക പൈതൃക പദവി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

സാര്‍ഗോസ് പര്‍വത നിരയുടെ തെക്കു ഭാഗത്താണ് ഏറ്റവുമധികം ഉപ്പ്പാളികള്‍ കാണാന്‍ സാധിക്കുക. ഏതാണ്ട് 138 ഉപ്പ് ഗോപുരങ്ങളും ഈ പ്രദേശത്തുണ്ട്. ലോകത്തെ ഏറ്റവും വലിയ ഉപ്പ് ഗുഹയും ഈ പര്‍വത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 6.4 കിലോമീറ്ററാണ് ഈ ഉപ്പ് ഗുഹയുടെ ദൂരം. മറ്റ് നിരവധി ഉപ്പ് ഗുഹകളും ഈ മേഖലയിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA