ADVERTISEMENT

മഴവില്ലിനെ ഓര്‍മിപ്പിക്കും വിധം ശരീരത്തില്‍ പല വര്‍ണം വിരിയിച്ച് നൃത്തം ചെയ്യുന്ന ജീവി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക മയിലിന്‍റെ രൂപമായിരിയ്ക്കും. എന്നാല്‍ ലോകത്ത് ഇങ്ങനെ ഒരു ജീവി മയില്‍ മാത്രമാണെന്നു കരുതേണ്ട. മയിലുകളില്ലാത്ത ഓസ്ട്രേലിയയിലും ഇങ്ങനെ പല വര്‍ണങ്ങള്‍ വിരിയിച്ച് നൃത്തം ചെയ്യുന്ന ഒരു ജീവിയുണ്ട്. പക്ഷേ ഇവയുടെ നൃത്തവും ശരീരത്തിലെ വര്‍ണവും ആസ്വദിക്കണമെങ്കില്‍ സൂക്ഷ്മ നിരീക്ഷണത്തിനുള്ള ലെന്‍സുകള്‍ ഏതെങ്കിലും വേണമെന്നു മാത്രം. കാരണം ഇത്തിരി കുഞ്ഞന്‍മാരായ ചിലന്തികളാണ് ഈ ജീവികള്‍.

മയില്‍ ചിലന്തികള്‍

പിന്‍ഭാഗത്ത് പല വര്‍ണങ്ങള്‍ നിറഞ്ഞ ശരീരവും അവിടം ചലിപ്പിച്ച് നൃത്തം ചെയ്യാനുള്ള കഴിവും നിമിത്തം ഇവയ്ക്കു ലഭിച്ച പേരാണ് മയില്‍ ചിലന്തികള്‍ അഥവാ പീകോക് സ്പൈഡേഴ്സ്. മയിലുകളുമായി മറ്റൊരു സാമ്യം കൂടി ഇവയ്ക്കുണ്ട്. ഈ ചിലന്തികളിലും ആണുങ്ങള്‍ക്ക് മാത്രമെ ബഹുവര്‍ണത്തിലുള്ള പിന്‍ഭാഗമുള്ളൂ. ഏതാണ്ട് 5 മില്ലി മീറ്റര്‍ അതായത് 0.2 ഇഞ്ച് മാത്രമാണ് ഇവയുടെ വലുപ്പം. 

നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ചിലന്തികളുടെ പിന്‍ഭാഗം ആ സമയത്ത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതു കാണാം. വികസിക്കുന്ന സമയത്ത് രണ്ട് കണ്ണുകള്‍ പോലുള്ള രൂപങ്ങളും ഈ ചിലന്തികളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നൃത്തം ചെയ്യുമ്പോള്‍ കാലുകള്‍ ഓരോന്നായി ഉയര്‍ത്തിപ്പിടിക്കുന്ന രീതിയും ഈ ചിലന്തികള്‍ക്കുണ്ട്. ജെനസ് മറാറ്റസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം.

മഴവില്‍ വര്‍ണത്തിന്‍റെ രഹസ്യം

മഴവില്‍ ചിലന്തി ഇനത്തില്‍ പെട്ട എണ്‍പതോളം ചിലന്തി വര്‍ഗങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. കാഴ്ചയില്‍ നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും നൃത്തത്തിന്‍റെയും വര്‍ണ വൈവിധ്യത്തിന്‍റെയും കാര്യത്തിൽ എല്ലാ ചിലന്തികളും ഒരുപോലെയാണ്. എന്തു കൊണ്ടാണ് ഇവയുടെ ശരീരത്തിലെ വര്‍ണങ്ങള്‍ക്ക് ഇത്ര മനോഹാരിതയും ശ്രദ്ധയും ലഭിക്കുന്നതെന്ന ഗവേഷകരുടെ അന്വേഷണമെത്തിയത് ഇവയുടെ ശരീരത്തിലെ കറുത്ത് പിഗ്മന്‍റുകളിലാണ്. കടുത്ത കറുത്ത നിറമുള്ള ഈ പിഗ്‍മന്‍റുകളുടെ സാന്നിധ്യമാണ് ഇവയുടെ ശരീരത്തിലെ വര്‍ണത്തെ ഇത്രയും എടുത്തു കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇണയെ ആകര്‍ഷിക്കാനുള്ള നൃത്തം

peacock-spider1
Image Credit: You Tube

മറ്റ് മിക്ക ജീവിവര്‍ഗങ്ങളെയും പോലെ ഇവയുടെ ശരീരത്തിലെയും ഈ പ്രത്യേകത ഇണയെ ആകര്‍ഷിക്കാനുള്ളതാണ്. ശരീരത്തില്‍ വര്‍ണങ്ങള്‍ വിരിയിച്ചുള്ള നൃത്തവും കാലുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ചിഹ്നങ്ങളുമാണ് ഈ ആണ്‍ചിലന്തികളിലേക്ക് പെണ്‍ ചിലന്തികളെ ആകര്‍ഷിക്കുന്നത്. കൂടാതെ ഇവ പിൻഭാഗം ശക്തിയായി കുലുക്കി നൃത്തം ചെയ്യുന്നതും ഇണയെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

വ്യത്യസ്തത നിറഞ്ഞതാണ് ഈ ചിലന്തിയുടെ ശരീരത്തിലെ വര്‍ണ്ണങ്ങള്‍. പ്രധാനമായും നീലനിറം, സ്വര്‍ണനിറം, വയലറ്റ്, മഞ്ഞ, മജന്ത തുടങ്ങി നിരവധി നിറങ്ങള്‍ ഈ ചിലന്തികളുട ശരീരത്തില്‍ കാണാം. പക്ഷേ ഇവക്കെല്ലാം ഇത്രയധികം ശ്രദ്ധ നല്‍കുന്നത് ഈ നിറങ്ങള്‍ക്കടിയില്‍ സ്ഥിതി ചെയ്യുന്ന ചിലന്തികളുടെ ശരീരത്തിലെ ബ്ലാക്ക് പിഗ്മന്‍റുകള്‍ തന്നെയാണ്. പ്രകാശത്തെ പൂര്‍ണമായും ആഗിരണം ചെയ്യുമെന്നതാണ് ഈ ബ്ലാക്ക് പിഗ്മന്‍റുകളുടെ പ്രത്യേകത. അതിനാല്‍ തന്നെ ചുറ്റുമുള്ള വര്‍ണത്തില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com