ADVERTISEMENT

പ്രളയാനന്തരം എക്കൽ നിറഞ്ഞ് വേമ്പനാട്ട് കായലിന്റെ ആഴം കുറഞ്ഞതു കായലോര പ്രദേശങ്ങളിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിനു കാരണമായേക്കുമെന്നു വിദഗ്ധർ.  തണ്ണീർമുക്കം ബണ്ടിലൂടെ വേലിയേറ്റ സമയത്തു കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളവും കിഴക്കൻ വെള്ളവും ഒരേ സമയം കായലിൽ നിറയുന്നതാണു വെള്ളപ്പൊക്കത്തിനു പ്രധാന കാരണം.  കടലിലെ നിന്ന് വേലിയേറ്റ സമയത്ത് കൊച്ചി, അരൂക്കുറ്റി വഴി വേമ്പനാട്ട് കായലിലേക്കെത്തുന്ന വെള്ളം വേലിയിറക്കത്തിൽ പൂർണമായും തിരിച്ചു കടലിലേക്കു പോകുന്നില്ല. ഇതും കിഴക്കൻ വെള്ളവും കൂടി സംഭരിക്കാനുള്ള ശേഷി കായലിനില്ല.

വേമ്പനാട്ടു കായലിലേക്കു കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന എക്കൽ മണ്ണ് കുട്ടനാട്ടിൽ ബണ്ട് നിർമിക്കാനാണു സാധാരണ  ഉപയോഗിച്ചിരുന്നത്. തണ്ണീർമുക്കം ബണ്ട് നിർമിച്ചതോടെ കായലിൽ നിന്ന് എക്കൽ കടലിലേക്ക് ഒഴുകുന്നതും കുറഞ്ഞു. ഡ്രജിങ് നടത്തി മണ്ണ് നീക്കാത്തതും തിരിച്ചടിയാണ്. ദേശീയ ജലപാതയ്ക്കു വേണ്ടി മുൻപ് ചില ഭാഗങ്ങളിൽ എക്കൽ മാറ്റിയതൊഴികെ വർഷങ്ങളായി അടിഞ്ഞുകൂടിയ എക്കൽ കായലിൽ തങ്ങിനിൽക്കുകയാണെന്നു വിദഗ്ധർ പറയുന്നു.

കിഴക്കു നിന്ന് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം വേലിയിറക്ക സമയത്ത് തണ്ണീർമുക്കം ബണ്ടു വഴിയും തോട്ടപ്പള്ളി സ്പിൽവേ വഴിയും കടലിലേക്ക് ഒഴുകിപ്പോകും. വേലിയിറക്ക സമയത്തും കടലി‍ൽ വെള്ളം ഉയർന്നു തന്നെ നിൽക്കുന്നത് കായലിൽ നിന്നുള്ള വെള്ളമൊഴുക്കിനു തടസ്സമാണ്.

പ്രവചനാതീതം, കണക്കുകൂട്ടലുകൾ തെറ്റിച്ച ഒഴുക്ക്

മുൻപു വെള്ളപ്പൊക്കം ഉണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം കയറിയിരുന്നതെങ്കിൽ പ്രളയകാലത്തു ചെങ്ങന്നൂരിൽ പമ്പാനദി കവിഞ്ഞൊഴുകിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചാണ്. കാരണം കണ്ടെത്താൻ ഇതുവരെ പഠനം നടത്തിയിട്ടില്ല.  പാണ്ടനാട്ടിൽ മുൻപ് വെള്ളം പൊങ്ങുമ്പോൾ പുല്ലാംതോട്, തമ്പരന്നൂർ കടവ്, വള്ളപ്പുരയ്ക്കൽകടവ് എന്നിവിടങ്ങളിൽ മടവീഴുകയാണ് പതിവ്. 

നദീതീരം അൽപം താഴ്ന്ന പ്രദേശങ്ങളാണിവ. എന്നാൽ പ്രളയസമയത്ത് പഞ്ചായത്തിൽ ഉടനീളം പമ്പാനദി കര കവിഞ്ഞൊഴുകി.   പ്രളയകാലത്തു പുതുക്കുളങ്ങര ചപ്പാത്തിലൂടെയാണു മംഗലം ഭാഗത്തേക്ക് വരട്ടാർ ഒഴുകിയത്. ഒരു വീട്ടിലെ 3 പേരു‍ടെ മരണത്തിനിടയാക്കിയ ഭാഗവും ഇവിടെയാണ്. 

ആദിപമ്പയും പമ്പയുമായി ചേരുന്ന ഭാഗത്തു വെള്ളം ഉയർന്ന് മംഗലം ജെബിഎസിനു സമീപത്തു കൂടി മംഗലത്തിലേക്കൊഴുകി.   മഴുക്കീർ ചപ്പാത്ത് ഭാഗത്തും വരട്ടാർ കരയിലേക്കു കുതിച്ചൊഴുകി. ഇവിടെ അതിശക്തമായാണ് നദി പുറത്തേക്കൊഴുകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com