ADVERTISEMENT

മഴയുടെ ആദ്യമാസം കടന്നുപോകുന്നത്  പ്രതീക്ഷയ്‌ക്കൊത്തു നിറഞ്ഞു പെയ്യാതെ. 1 മുതൽ ഇന്നലെ വരെ കേരളത്തിലെ കുറവ് 35 ശതമാനത്തോളമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) കണക്ക്. ദേശീയതലത്തിൽ മഴക്കുറവ് 35 ശതമാനമെന്നും ഐഎംഡി വ്യക്തമാക്കി. കേരളത്തിൽ വയനാട്ടിലാണ് ഏറ്റവും കുറവ്; – 55 ശതമാനം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മാത്രം ഭേദപ്പെട്ട  മഴ ലഭിച്ചു. ആൻഡമാൻസ്, ലക്ഷദ്വീപ്, സിക്കിം തുടങ്ങിയ ഏതാനും സ്‌ഥലങ്ങൾ ഒഴിച്ചാൽ സംസ്ഥാനങ്ങളെല്ലാം മഴക്കുറവിൽ വെന്തുരുകുകയാണ്.

രാജ്യത്ത്  മഴ ഏറ്റവും കുറഞ്ഞിരിക്കുന്നതു തമിഴ്‌നാട്ടിലാണ്– 71 ശതമാനം. തുടക്കസമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് മഴയുടെ താളം തെറ്റിച്ചതെന്നു വിദഗ്‌ധർ പറയുന്നു. കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന മഴമേഘങ്ങളെ മുഴുവൻ ‘വായു’ ചുഴലി വലിച്ചെടുത്തതോടെ അന്തരീക്ഷ ഈർപ്പം കുറഞ്ഞു. ഗോവ– മുംബൈ വഴിയുള്ള മഴയുടെ പടിഞ്ഞാറൻ മുന്നേറ്റത്തിന് ഇതു തടയിട്ടു. പതിവുള്ള ന്യൂനമർദങ്ങളും പിണങ്ങിമാറി.

സഹാറാ മരുഭൂമിയിൽ നിന്നുള്ള പൊടി നിറഞ്ഞ ചൂടുകാറ്റ് പശ്‌ചിമവാതങ്ങൾ എന്ന പേരിൽ ഉത്തരേന്ത്യയിൽ എത്തുക പതിവാണ്. ഇത്തരം കാറ്റ് ഇക്കുറി ദക്ഷിണേന്ത്യൻ മേഖലയിലേക്കും കടന്നുവന്നതായി നിഗമനമുണ്ട്. ഇത്  മൺസൂണിനെ വഴിതെറ്റിച്ചു.  ആർട്ടിക് സമുദ്രത്തിൽ നിന്നുള്ള തണുത്ത ജലപ്രവാഹത്തിന്റെ തോത് കൂടിതയും ഇത്തവണ ഇന്ത്യൻ മൺസൂണിന്റെ ദാഹം കെടുത്തിയെന്നു നിരീക്ഷകർ പറയുന്നു.

ബംഗാൾ ഉൾക്കടലിനേക്കാൾ അറബിക്കടൽ ചൂടായി കിടക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസം ജൂലൈയിലും ഓഗസ്‌റ്റിലും രൂപപ്പെടുന്നതോടെ മഴ മെച്ചപ്പെടുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഞായറാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിന്റെ ആന്ധ്ര തീരത്തോടു ചേർന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും മഴ കടന്നുചെല്ലുമെന്നു കരുതുന്നു. പശ്‌ചിമതീരത്തും ജൂലൈ ആദ്യവാരം കനത്ത മഴ ലഭിക്കും.  ജൂലൈ 8 മുതൽ 12 വരെ വീണ്ടും ന്യൂനമർദങ്ങൾക്കു സാധ്യതയുണ്ട്.

14 ജില്ലകളിലെ മഴക്കുറവ് ഇങ്ങനെ

(കിട്ടേണ്ട മഴ, കിട്ടിയ മഴ, (സെന്റീമീറ്ററിൽ) കുറവ് (ശതമാനം) എന്ന ക്രമത്തിൽ)

വയനാട്            54,  24    (–55 %)

ഇടുക്കി             63,  33     (–48 %)

കാസർകോട്     87, 49      (–44 %)

തൃശൂർ             62, 37      (–40 %)

മലപ്പുറം            52, 32     (–38  %)

പത്തനംതിട്ട       43, 27     (–38 %)

പാലക്കാട്         38, 24     (–35 %)

 കൊല്ലം            37, 24     (–34 %)

എറണാകുളം     57, 38     (–33 %)

കണ്ണൂർ             73, 50     (–31 %)

കോട്ടയം           53, 29     (–26 %)

ആലപ്പുഴ          48, 38     (–20 %)

കോഴിക്കോട്     73, 62     (–16 %)

തിരുവനന്തപുരം  27, 26    (–4 %)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com