ADVERTISEMENT

ജലസമ്പന്നമായ മൺഘടനയും ഭൂപ്രകൃതിയുമാണ് പത്തനംതിട്ടയുടേത്. ശുദ്ധജലത്തിന് ഇത്രയധികം മധുരവും രുചിയുമുള്ള പ്രദേശം വേറേയില്ല. ഓരോ വീടിനും ഓരോ കിണർ.ഐടി കമ്പനികൾക്കും സ്‌റ്റാർട്ടപ് – വിദ്യാഭ്യാസ ഗവേഷണ സ്‌ഥാപനങ്ങൾക്കും എല്ലാം അനുയോജ്യമായ ശുദ്ധ–ഹരിത– പുതുതലമുറ ലക്ഷ്യസ്‌ഥാനം (ക്ലീൻ–ഗ്രീൻ– ന്യൂജൻ ഡെസ്‌റ്റിനേഷൻ) എന്ന പദവിയാണ് പത്തനംതിട്ടയെ കാത്തിരിക്കുന്നത്. ഭാവിയിലെ ശുദ്ധജലത്തിന്റെ ആസ്‌ഥാനമായി മാറാനുള്ള എല്ലാ സാധ്യതകളും പ്രകൃതി തുറന്നിട്ടിരിക്കുന്നു.

ഹരിത നിലവാരം

300 സെന്റീമീറ്റർ വാർഷിക മഴ, 5 നദികൾ, 58 ശതമാനം വനമേഖല, നെൽവയലുകൾ, വലിയതോട്, കൈത്തോട്, ചാല്, മല, പാറക്കെട്ട്, അരുവി, ഓലി, ഉറവ, ജൈവസമ്പന്ന മൺഘടന തുടങ്ങി പത്തനംതിട്ടയുടെ അനുഗ്രഹങ്ങൾക്ക് അവസാനമില്ല.

സ്ഥലനാമങ്ങളിൽ പോലും തിട്ടയും പുഴയും അരുവിയും മുട്ടിയുരുമുന്ന ദേശം. മതസംഗമങ്ങൾക്കു പോലും പുഴയോരങ്ങളെ വേദിയാക്കിയ നാട്. ജലോത്സവങ്ങളുടെ ഈറ്റില്ലം. ചെറുതും വലുതുമായ 17അണക്കെട്ടുകളും അൻപതോളം ശുദ്ധജല പദ്ധതികളും പമ്പ, കല്ലട എന്നീ കനാൽ ജലസേചന പദ്ധതികളും പത്തനംതിട്ടയുടെ പ്ലസ് പോയിന്റുകളാണ്.

പശ്ചിമഘട്ടം ജലഗോപുരം 

River

സമുദ്രനിരപ്പിൽ നിന്നു 1922 മീറ്റർ ഉയരമുള്ള ദേവർമലയാണ് ജില്ലയിലെ ഏറ്റവും ഉയർന്ന മേട്. 3 മീറ്റർ ഉയരമുള്ള അപ്പർകുട്ടനാട് ഏറ്റവും താഴ്‌ന്ന സ്‌ഥലം. 1155 മീറ്റർ ഉയരമുള്ള ശബരിമല ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്നു. പശ്‌ചിമഘട്ടമെന്ന ജലഗോപുരവും ഗവി വനമേഖലയും പുൽമേടുകളും മറ്റൊരു ഹരിത സാധ്യത. 

4100 ഹെക്‌ടറാണ് ജില്ലയിലെ ജലാശയങ്ങളുടെ ആകെ വിസ്‌തൃതി. ഐരവൺ, അടൂർ, അയിരൂർ, കുമരംപേരൂർ, ഗൂഡ്രിക്കൽ എന്നിങ്ങനെ 5 തരം മൺഘടനകളാണു ജില്ലയിലുള്ളത്. മഴക്കുറവ് പത്തനംതിട്ടയിലും (–51 ശതമാനം ) അനുഭവപ്പെടുന്നുണ്ടെങ്കിലും 90 ശതമാനം കിണറുകളിലും വെള്ളമുണ്ട്.

40 ഡിഗ്രി

40 ഡിഗ്രി റെക്കോർഡ് ചൂട് ഈ വർഷം പത്തനംതിട്ടയിൽ രേഖപ്പെടുത്തി എന്നതും മറക്കരുത്. സംസ്‌ഥാന വരൾച്ച നിവാരണ വിഡിയോ സമ്മേളനത്തിൽ ആദ്യ വിളി വന്നത് പത്തനംതിട്ട കലക്‌ടർക്ക്. കാരണം ഏറ്റവും കൂടുതൽ ടാങ്കറുകൾ ഓടിയത് ഇവിടെയായിരുന്നു. നെൽക്കൃഷി പുനരാരംഭിച്ചതോടെ ഉറവകളിൽ വീണ്ടും വെള്ളമെത്തി. കുളം കുഴിച്ചും തോടു നന്നാക്കിയും തൊഴിലുറപ്പുകാരും ഹരിത മിഷനും സജീവം. 

പാടം നികത്തിയിടത്തു വെള്ളം കുറഞ്ഞതോടെ മണ്ണ്–പാറ മാഫിയക്ക് എതിരെ നാട്ടുകാർ എല്ലായിടത്തും ജാഗ്രതയിലാണ്. പ്രകൃതിയോടു മര്യാദ കാട്ടിയാൽ വരും തലമുറകൾ നമ്മെ നമിക്കും. പ്രകൃതിയുടെ ശുദ്ധമായ ഒരു തുരുത്ത് ഇവിടെ കാത്തു സംരക്ഷിച്ചതിന്.

ജില്ലയിലൂടെ 398 ടിഎംസി

ജില്ലയിലെ 5 നദികളിലും കൂടി ഏകദേശം 11158 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു. ഇത് ടിഎംസി കണക്കിലേക്ക് മാറ്റിയാൽ (തൗസൻഡ് മില്യൻ ക്യുബിക് ഫീറ്റ്) ഏകദേശം 398 ടിഎംസി ജലമാണ് ജില്ലയിലൂടെ ഒഴുകുന്നത്.

ദക്ഷിണേന്ത്യയിലെ മുഴുവൻ നദികളിലൂടെ 8600 ടിഎംസി ജലം ഒഴുകുന്നു. അങ്ങനെ നോക്കുമ്പോൾ ഉപഭൂഖണ്ഡത്തിലെ നദികളുടെ ജലസമ്പത്തിന്റെ ഏകദേശം 5 ശതമാനം ജില്ലയിലൂടെയാണ് ഒഴുകി പോകുന്നത്. ഈ സാധ്യതയെ പ്രയോജനപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം.

ജല ജില്ലയാകാൻ ഇവ ശ്രദ്ധിക്കാം 

മലകൾ, നെൽപാടം, പാറക്കെട്ട്, കുന്ന്– പ്രകൃതി ജലം  നിക്ഷേപിക്കുന്ന ഇടങ്ങളെ പൈതൃകങ്ങളാക്കി സംരക്ഷിക്കുക. 

കുന്നിടിച്ചു പാടം നികത്തരുത്, പാറഖനനം നിയന്ത്രിക്കുക.

ആറ്റുപുറമ്പോക്കുകളും കയ്യേറിയ തോടുകളും തിരികെയെടുത്തു സംരക്ഷിക്കുക. 

തോടുകൾക്ക് നമ്പർ ഇട്ട് പുതിയ ജലഭൂപടം തയാറാക്കുക. അവശേഷിക്കുന്ന പാടശേഖരങ്ങളെ ജല റിസർവുകളായി (സംഭരണി) പ്രഖ്യാപിക്കുക.

വെള്ളച്ചാട്ടങ്ങളെ അടയാളപ്പെടുത്തുക. ചെറുകിട ജലവൈദ്യുതി, തടയണ സാധ്യത തേടുക. 

പ്രാദേശിക ജലസ്രോതസ്സുകൾ വികസിപ്പിച്ചാൽ ജല അതോറിറ്റിക്ക് ഗുണകരം. എല്ലാ വീടുകളിലും മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുക, കിണർ നിറ നടപ്പാക്കുക.

നീന്തൽ കുളങ്ങളുടെ എണ്ണം വർധിപ്പിക്കുക. നദികളിലും തോടുകളിലും മാലിന്യം ഇടാതിരിക്കുക.

ജല ഉപയോഗം കുറയ്‌ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com