ഇരിങ്ങോൾക്കാവ് വനം കയ്യേറ്റം; സംരക്ഷണത്തിനായി നാട് കൈകോർക്കും

The Sacred Grove Of Iringole Kavu
ഇരിങ്ങോൾക്കാവ് വനവും ക്ഷേത്ര കവാടവും
SHARE

പെരുമ്പാവൂർ നഗരസഭാ അതിർത്തിയിൽ പ്രകൃതി ഒരുക്കിയ ജൈവസമൃദ്ധിയാണ് 60 ഏക്കർ വിസ്തൃതിയുള്ള ഇരിങ്ങോൾക്കാവ് വനം. ദേവസ്വത്തിന്റെ കീഴിലാണിത്. സ്വകാര്യ വ്യക്തികൾക്ക് എക്സ്പാർട്ടി വിധിയിലൂടെ ലഭിച്ച സ്ഥലത്തേക്കു പോകാൻ ഉത്സവം നടത്തുന്ന വഴിയടക്കമുള്ള സ്ഥലം നൽകണമെന്ന ആവശ്യമുയർന്നതോടെയാണ് കയ്യേറ്റമെന്ന ആശങ്കയിൽ നാട്ടുകാർ സംരക്ഷണമൊരുക്കുന്നത്.

ഇരിങ്ങോൾക്കാവ് സംരക്ഷണത്തിനായി ജനകീയ ഇടപെടൽ. കാവിനു ചുറ്റുമുള്ള സ്ഥലങ്ങൾ ചിലർ കൈവശപ്പെടുത്താൻ നീക്കം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി 14ന് കാവിനു ചുറ്റും നാട്ടുകാർ കൈകോർത്ത് പ്രതീകാത്മക സംരക്ഷണമൊരുക്കും.

നഗരസഭയും രായമംഗലം പഞ്ചായത്തും സംഗമിക്കുന്ന സ്ഥലമാണിത്. ഇവിടെ അടുത്തയിടെ പഞ്ചായത്ത് പാലം നിർമിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി സ്വകാര്യ വ്യക്തികളുടെ പാടശേഖരത്തിലേക്ക് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നൽകി. നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.

നാടിന്റെ ജീവശ്വാസമായ ഇരിങ്ങോൾക്കാവ് വനം കൈവശപ്പെടുത്താൻ വർഷങ്ങളായി ശ്രമം നടന്നു വരികയാണെന്നു നാട്ടുകാർ പറഞ്ഞു. ഭൂമി കയ്യേറ്റവും, വ്യവസായ മലിനീകരണവും കാട്ടിനുള്ളിലേക്കുള്ള സാമൂഹിക വിരുദ്ധരുടെ സന്ദർശനങ്ങളും അധികാരികളുടെ അനാസ്ഥയും മൂലം വനം നശിക്കുന്ന അവസ്ഥയിലാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കാവും വനവും. ദേവസ്വം ബോർഡിന്റെ അനാസ്ഥമൂലമാണ് വർഷങ്ങൾക്കു മുൻപ് പാടശേഖരം സ്വകാര്യ വ്യക്തികൾക്ക് ലഭിക്കാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. 14ന് രാവിലെ 9 നും 10 നും ഇടയിലാണ് കാവിനു ചുറ്റും കൈകോർത്ത് പ്രതിജ്ഞയെടുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA