സൂര്യനില്ലാതെ ഒരു വർഷം; അനുഭവപ്പെട്ടത് ശൈത്യകാലത്തിനു സമാനമായ കാലാവസ്ഥ, കാരണം?

HIGHLIGHTS
  • യൂറോപ്പില്‍ വേനലില്ലാ വര്‍ഷം സൃഷ്ടിച്ചത് അഗ്നിപര്‍വത സ്ഫോടനം
  • വര്‍ഷം മുഴുവന്‍ യൂറോപ്പില്‍ അനുഭവപ്പെട്ടത് ശൈത്യകാലത്തിനു സമാനമായ കാലാവസ്ഥ
Europe
SHARE

ഒരു വര്‍ഷം മുഴുവന്‍ സൂര്യനില്ലാതെ ജീവിക്കേണ്ടിവരികയെന്നത് അത്ര സുഖകരമായ അനുഭവം ആയിരിക്കില്ല. കൊടും തണുപ്പായിരിക്കും ഈ അവസ്ഥ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ആഘാതങ്ങളിലൊന്ന്. സമാനമായ ഒരു അവസ്ഥയ്ക്കാണ് യൂറോപ്പ് 1816 ല്‍ സാക്ഷ്യം വഹിച്ചത്. ഇതിനു കാരണമായതാകട്ടെ ഇന്തോനീഷ്യയിലെ ഒരു അഗ്നിപര്‍വത സ്ഫോടനവും. 1500 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനമായിരുന്നു അന്ന് ഇന്തേനീഷ്യയിലെ ലസര്‍ സുഡ്ര ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ടംബോറ അഗ്നിപര്‍വതത്തിലുണ്ടായത്.

അഗ്നിപര്‍വത സ്ഫോടനം

volcano

ആധുനിക മനുഷ്യന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനത്തിനാണ് ഇന്തോനീഷ്യ സാക്ഷ്യം വഹിച്ചത്. 1815 ഏപ്രില്‍ 10 ന് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്  കൂറ്റന്‍ സുനാമി ഇന്തോനീഷ്യന്‍ തീരത്ത് രൂപപ്പെട്ടു. ഈ സുനാമിയില്‍ ഏതാണ്ട് 40000 മുതല്‍ 60000 വരെ ആളുകള്‍ അന്ന് കൊല്ലപ്പെട്ടതായാണ് കരുതുന്നത്. അന്നത്തെ ചരിത്രം എഴുതപ്പെട്ടത് യൂറോപ്പ്  കേന്ദ്രീകരിച്ചായതിനാല്‍ അഗ്നിപര്‍വത സ്ഫോടനം ഇന്തോനീഷ്യയില്‍ സൃഷ്ടിച്ച ആഘാതത്തേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചരിത്രത്തില്‍ കാണാനാകുക ഇതേ സ്ഫോടനം ഏതാണ്ട് 9 മാസങ്ങള്‍ക്ക് ശേഷം യൂറോപ്പിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്.

സൂര്യനില്ലാ യൂറോപ്പ്

1815 ലാണ് ടംബോറ അഗ്നിപര്‍വതത്തില്‍ സ്ഫോടനമുണ്ടായതെങ്കിലും ഈ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും പുകയുമെല്ലാം യൂറോപ്പിനെ മൂടുന്നത് 1816 ലെ ശൈത്യകാലത്താണ്. ഈ അവസ്ഥ പിന്നീട് ഏതാണ്ട് 6 മാസത്തേക്കു തുടര്‍ന്നു. അതായത് അടുത്ത ശൈത്യകാലത്തിന്‍റെ തുടക്കം വരെ പുകയും ചാരവുമെല്ലാം ചേര്‍ന്നു മൂടിക്കെട്ടിയ അന്തരീക്ഷം സൃഷ്ടിച്ചതോടെ ആ വര്‍ഷം സൂര്യവെളിച്ചം യൂറോപ്പിലേക്കെത്തിയില്ല. ഇതോടെ വര്‍ഷം മുഴുവന്‍ യൂറോപ്പില്‍ അനുഭവപ്പെട്ടത് ശൈത്യകാലത്തിനു സമാനമായ കാലാവസ്ഥയായിരുന്നു.

ഏറ്റവും രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങള്‍ ആ വര്‍ഷം അനുഭവപ്പെട്ടത് യൂറോപ്പിലാണെങ്കിലും വടക്കേ അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഈ അഗ്നിപര്‍വത സ്ഫോടനം മൂലമുള്ള അന്തരീക്ഷ മാറ്റങ്ങള്‍ അന്ന് ദൃശ്യമായിരുന്നു. മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് അക്കൊല്ലത്തെ ആഗോള താപനില തന്നെ ഏതാണ്ട് ഒന്നര ഡിഗ്രി സെല്‍ഷ്യസ് വരെ കുറവായിരുന്നു എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഉത്തരാർധത്തില്‍ തന്നെ വടക്കന്‍ മേഖലകളില്‍ ശൈത്യകാലത്തിന് സമാപമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നതെങ്കില്‍ മറ്റ് പ്രദേശങ്ങളില്‍ മഴയുടെ അളവില്‍ കാര്യമായ വർധനവുണ്ടായി.

കെട്ടുകഥകളും ഫ്രാങ്കന്‍സ്റ്റെയ്നും

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ളവയാണ് സയന്‍സ് ഫിക്ഷനുകള്‍. ഇങ്ങനെ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിന്‍റെ തന്നെ തുടക്കത്തിന് കാരണമായ നോവലാണ് മേരി ഷെല്ലിയുടെ ഫ്രങ്കന്‍സ്റ്റെയ്ന്‍. ഈ നോവലെഴുതാന്‍ കഥാകൃത്തിന് പ്രേരണയായത് പതിവില്ലാത്ത വിധം ഇരുണ്ട് മൂടിക്കെട്ടി നിന്ന യൂറോപ്പിലെ അന്തരീക്ഷമായിരുന്നു. അക്കാലത്ത് ഗവേഷകര്‍ക്ക് പോലും എന്തു കൊണ്ടാണ് ഇത്തരം ഒരു കാലാവസ്ഥ യൂറോപ്പിനു മുകളില്‍ രൂപപ്പെട്ടതെന്ന ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്യഗ്രഹ ജീവികളും ദൈവകോപവും ഉള്‍പ്പടെയുള്ള പല കെട്ടു കഥകള്‍ക്കും അന്നത്തെ അന്തരീക്ഷ മാറ്റം കാരണമായിരുന്നു.

1883 ല്‍ ഉണ്ടായ മറ്റൊരു അഗ്നിപര്‍വത സ്ഫോടനവും സമാനമായ മാറ്റം യൂറോപ്പില്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴേക്കും യൂറോപ്പ് കൈവരിച്ച ശാസ്ത്ര പുരോഗതി ആ വര്‍ഷത്തെ കാലാവസ്ഥാ മാറ്റത്തിനുള്ള കാരണം കണ്ടെത്താന്‍ സഹായിച്ചു. ഇതോടെയാണ് സമാനമായ അവസ്ഥ യുണ്ടായ 1816 ലും അഗ്നിപര്‍വത സ്ഫോടനം തന്നെയാകണം കാരണമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA