എലികളെ വേട്ടയാടുന്ന കൊലയാളി കുരങ്ങുകൾ; അമ്പരന്ന് ശാസ്ത്രലോകം!

Killer Rat-Eating Monkeys
Killer Rat-Eating Monkey.Image Credit: Anna Holzner
SHARE

പൂച്ചകളാണ് എലികളുടെ വര്‍ഗ ശത്രുക്കൾ. എവിടെയെങ്കിലും എലിയുടെ ശല്യം അധികമായാല്‍ അവിടങ്ങളില്‍ പൂച്ചയെ വളര്‍ത്തുന്ന പതിവു പോലുമുണ്ട്. എന്നാല്‍ മലേഷ്യയിലെ എണ്ണപ്പന തോട്ടങ്ങളിൽ കാണപ്പെടുന്ന പിഗ് ടെയില്‍ഡ് മകാക്വേ ഇനത്തില്‍ പെട്ട കുരങ്ങന്‍മാര്‍ ഈ പരമ്പരാഗത സങ്കല്‍പം തിരുത്തിക്കുറിക്കുകയാണ്. കാരണം മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങളില്‍ എലികളെ വേട്ടയാടിപ്പിടിച്ചു കൊന്നു തിന്നുന്നത് പൂച്ചകളല്ല മറിച്ച് ഈ കുരങ്ങന്‍മാരാണ്.

പന്നിവാലുള്ള കുരങ്ങന്‍മാര്‍

നേര്‍ത്ത നീളം കുറഞ്ഞ പന്നികളുടേതിനു സമാനമായ വാലുകളാണ് മലേഷ്യയിലെ ഈ കുരങ്ങന്‍മാര്‍ക്ക് പിഗ് ടെയില്‍ഡ് മങ്കീസ് എന്ന പേരു സമ്മാനിച്ചത്. എന്നാല്‍ വാലില്‍ മാത്രമല്ല ഭക്ഷണ കാര്യത്തിലും ഈ കുരങ്ങുകള്‍ മറ്റ് വിഭാഗങ്ങളില്‍ നിന്ന് സാരമായ വ്യത്യാസമുള്ളവരാണെന്നാണ് ഇവയെ നിരീക്ഷിച്ചതിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത്. സാധാരണ എണ്ണപ്പന തോട്ടങ്ങളില്‍ കാണുന്ന കുരങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ കായ്കള്‍ കുറച്ചും മാംസം കൂടുതലും ഭക്ഷിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Killer Rat-Eating Monkeys
Killer Rat-Eating Monkeys.Image Credit: Anna Holzner

ലോകത്തെ എല്ലാ കുരങ്ങ് വര്‍ഗവും പ്രധാനമായും സസ്യാഹാരമാണ് കഴിക്കുന്നതെങ്കിലും ചെറിയ പല്ലികളെയും ഓന്തുകളെയും പ്രാണികളെയുമൊക്കെ ഇവ ഇടയ്ക്ക് ആഹാരമാക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് എലിയെ പോലെ സാമാന്യം വലുപ്പമുള്ള ഒരു ജീവിയെ കുരങ്ങുകള്‍ ഭക്ഷണമാക്കുന്നതായി കണ്ടെത്തുന്നത്. ആഫ്രിക്കയിലും മറ്റും ചിമ്പാന്‍സികള്‍ കുരങ്ങിനെ പോലും തിന്നുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. പക്ഷേ മലേഷ്യയിലെ ഈ കുരങ്ങുകള്‍ക്ക് എലികളുടെ മാംസം നിത്യേനയുള്ള ഭക്ഷണത്തിന്‍റെ ഭാഗമാണ്.

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും

ഏതായാലും കുരങ്ങുകളുടെ ഈ എലികളെ തിന്നാനുള്ള ആവേശം രണ്ട് തരത്തിലാണ് എണ്ണപ്പനതോട്ടങ്ങള്‍ക്ക് ഗുണകരമാകുന്നത്. ഒന്നാമതായി എലികള്‍ മൂലമുള്ള വിള നാശം വ്യാപകമായി കുറഞ്ഞു. പനകള്‍ വഴി മുകളിലേക്ക് അനായാസമെത്താമെന്നതിനാല്‍ എലികള്‍ എണ്ണക്കുരു വ്യാപകമായി പലലയിടത്തും തിന്നു നശിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ പന്നിവാല്‍ കുരങ്ങന്‍മാര്‍ എലികളെ തിന്നു തുടങ്ങിയതോടെ ഇവ കാണപ്പെടുന്ന തോട്ടങ്ങളില്‍ ഇപ്പോള്‍ എലികള്‍ മൂലമുള്ള വിളനാശത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

കൂടാതെ മറ്റൊരു അനുകൂല സാഹചര്യം കൂടി ഇതിനിടയില്‍ രൂപപ്പെട്ടു. കുരങ്ങന്‍മാര്‍ എണ്ണക്കുരു തിന്നുന്നത് കുറഞ്ഞതാണ്  എണ്ണത്തോട്ടം ഉടമകള്‍ക്കുണ്ടായ മറ്റൊരു ലാഭം. ഇപ്പോള്‍ ഒരു തോട്ടത്തില്‍ നിന്ന് വര്‍ഷത്തില്‍ ഒരു കുരങ്ങിന്‍കൂട്ടം ഭക്ഷിക്കുന്നത് 12 ടണ്ണോളം മാത്രം എണ്ണക്കുരുക്കളാണ്. ആകെ കുരങ്ങന്‍മാര്‍ കഴിക്കുന്ന അളവെടുത്താലും അത് ഉൽപാദിപ്പിക്കുന്നതിന്‍റെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വരൂ. ഇങ്ങനെ കുരങ്ങന്‍മാര്‍ എണ്ണക്കുരു കഴിക്കുന്നത് കുറഞ്ഞതിന് കാരണവും എലികളെ ഭക്ഷിക്കാന്‍ തുടങ്ങിയതാണ്.

കുരങ്ങന്‍മാര്‍ എലികളെ വേട്ടയാടാന്‍ തുടങ്ങിയത് തോട്ടമുടകള്‍ക്ക് ശരാശരി ഹെക്ടറിന് 112 ഡോളറിന്‍റെ അധിക ലാഭമാണ് ഓരോ വിളവെടുപ്പിലും ഉണ്ടാക്കുന്നത്. കൂടാതെ ഇപ്പോഴത്തെ എലിവേട്ടയുടെ തോത് കണക്കാക്കിയാല്‍ വര്‍ഷത്തില്‍ 3000 എലികളുടെ വീതം കുറവ് ഓരോ തവണയും ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 2016 മുതല്‍ നടത്തിയ നിരീക്ഷണത്തനൊടുവിലാണ് കുരങ്ങന്‍മാരുടെ എലിവേട്ട സംബന്ധിച്ച കണ്ടെത്തലും പഠനവും അന്നാ ഹോല്‍സ്നെര്‍, നദിന്‍ റൂപെര്‍ട്ട് എന്നീ ഗവേഷകര്‍ പൂര്‍ത്തിയാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA