അപ്രത്യക്ഷമായത് ആയിരക്കണക്കിന് സസ്യങ്ങള്‍; വംശനാശം സംഭവിക്കുന്നത് 500 ഇരട്ടി വേഗത്തില്‍; കാരണം?

plants
SHARE

ആധുനിക കാലത്ത് വംശനാശം സംഭവിച്ച സസ്യങ്ങളുടെ എണ്ണമെടുത്താൽ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ബൊട്ടാണിസ്റ്റുകള്‍ പറയുക 150 ന് താഴെ വിഭാഗങ്ങളുടെ പേരായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചു നടത്തിയ കൂടുതല്‍ വിശദമായ പഠനങ്ങള്‍ മുന്‍ കണക്കുകള്‍ പൂര്‍ണമായും തെറ്റാണെന്നു  തെളിയിക്കുകയാണ്. പ്രതിക്ഷിച്ചതിലും മൂന്നിരട്ടിയാണ് ഇരുപത് ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലായി വംശനാശം സംഭവിച്ച സസ്യങ്ങളുടെ എണ്ണമെന്ന് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നു. ഒരു പക്ഷേ പഠനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ വംശനാശം സംഭവിച്ച സസ്യങ്ങളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആധുനിക സസ്യശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന കാള്‍ ലിന്യൂസ് 1753 ല്‍ സസ്യവര്‍ഗങ്ങളെ പല വിഭാഗങ്ങളാക്കി തിരിച്ചിരുന്നു. ഇതിനു ശേഷം മാത്രം ഈ പട്ടികയില്‍ നിന്ന് 571 സസ്യവിഭാഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചുവെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.1900 ന് ശേഷം ഒരു വര്‍ഷത്തില്‍ മൂന്ന് എന്ന തോതില്‍ സസ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഈ തോത് പ്രതീക്ഷിച്ചിരുന്ന സസ്യവംശനാശത്തിന്‍റെ വേഗത്തേക്കാള്‍ ഏതാണ്ട് 500 ഇരട്ടി അധികമാണ്. 

എന്തു കൊണ്ടാണ് സസ്യങ്ങളുടെ ഈ വംശനാശ തോതിലുണ്ടായ ഭീമമായ വർധനവ് ശ്രദ്ധയില്‍ പെടാതെ പോയതെന്ന ചോദ്യത്തിന് ബൊട്ടാണിസ്റ്റായ മരിയ വൊറോണ്‍ട്സോവയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ഗവേഷകര്‍ സസ്യ അന്ധതയിലായിരുന്നു എന്നാണ് മരിയ പറയുന്നത്. മൃഗങ്ങളും മറ്റു ജന്തുക്കളും ഗവേഷകരുടെ ശ്രദ്ധ മുഴുവന്‍ നേടിയപ്പോള്‍ കുറേ നാളത്തേക്ക് സസ്യങ്ങള്‍ അവരുടെ കണ്ണില്‍ നിന്ന് മറഞ്ഞു നിന്നു. ഇതിനു കൊടുക്കേണ്ടി വന്ന വിലയും ചെറുതായിരുന്നില്ല. ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത ആയിരക്കണക്കിന് സസ്യങ്ങളാണ് ഈ കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്.

സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ച് ഐയുസിഎന്‍ അഥവാ ഇന്‍റാര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വലിയ പാളിച്ചകളുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഐയുസിഎന്‍ കഴിഞ്ഞ രണ്ട് പതിറ്റാാണ്ടിനിടെ വംശനാശം സംഭവിച്ച സസ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 122 വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തയിയത്. എന്നാല്‍ ഇവയില്‍ 48 എണ്ണം ഇതിനകം വീണ്ടും കണ്ടെത്തി. അതുകൊണ്ട് തന്നെ ഇവയെ വംശനാശം സംഭവിച്ചവയുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. 

അതേസമയം തന്നെ ഐയുസിഎന്നിന്‍റെ പട്ടികയില്‍ ഇല്ലാത്ത 491 സസ്യങ്ങള്‍ക്ക് കൂടി വംശനാശം സംഭവിച്ചിട്ടുണ്ട്. ഇവയെ ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിക്കുകയും വേണമെന്ന് പഠനം നടത്തിയ ഗവേഷക സംഘം ആവശ്യപ്പെടുന്നു. യുകെയിലെ ക്യൂ ഗാര്‍ഡന്‍സ് എന്ന സ്ഥാപനത്തിലെ ഗവേഷകര്‍ 3 പതിറ്റാണ്ടായി നടത്തിയ പര്യവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഇപ്പോഴത്തെ ഈ പട്ടിക. ഇതുവരെ ഈ വിവരങ്ങള്‍ ക്യൂ ഗാര്‍ഡന്‍സ് പ്രസിധീകരിച്ചിരുന്നില്ല. 

വംശനാശം ഏറ്റവുമധികം നടക്കുന്ന മേഖലകള്‍

ലോകത്ത് ഏറ്റവുമധികം ജൈവവൈവിധ്യമുള്ളത് ഭൂമധ്യരേഖയ്ക്കും സമശീതോഷ്ണ മേഖലയ്ക്കും മധ്യേയുള്ള പ്രദേശങ്ങളിലാണ്. ഈ മേഖലയിലാണ് സസ്യങ്ങള്‍ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മെഡിറ്ററേനിയന്‍ മേഖലയാണ് സസ്യങ്ങളുടെ വംശനാശത്തിന്‍റെ കാര്യത്തില്‍ ഭൂമധ്യരേഖാപ്രദേശങ്ങള്‍ക്കു തൊട്ടു പുറകിലുള്ളത്. ഹവായ്, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളാണ് സസ്യങ്ങളുടെ വംശനാശത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 

English Summary: Plants Are Going Extinct at Least 500 Times Faster Than if Humans Weren't Around

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA