ഇന്തോനീഷ്യയില്‍ സമുദ്രത്തിനടിയിൽ നിഗൂഢ ഉറവ; കണ്ടെത്തിയത് സമുദ്രനിരപ്പില്‍ നിന്ന് 200 അടി താഴ്ചയിൽ!

Divers Discover a Magical Bubbling Underwater Spring on The Ocean Floor
SHARE

സമുദ്രത്തിലേക്ക് വെള്ളമെത്തുന്നത് ഉറവകളിലൂടെയാണോ? ഒരു തരത്തില്‍ ചിന്തിച്ചാല്‍ അതെ. ഉറവകള്‍ അരുവികളാകുകയും, അരുവികള്‍ തോടുകളാവുകയും അവ നദികളായും നദികള്‍ കടലായും മാറുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ സമുദ്രത്തിലേക്ക് നേരിട്ടു ജലമെത്തിക്കുന്ന ഉറവകളുണ്ടോ. ഉണ്ടെന്നു തെളിയിക്കുന്നതാണ് ഇന്തോനേഷ്യയിലെ കടലിനടിയില്‍ നിന്നു പുറത്തു വരുന്ന പുതിയ ദൃശ്യങ്ങൾ. കടലിന്‍റെ അടിത്തട്ടില്‍ മണ്ണിനടിയില്‍ നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്‍റിലും മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്.

ഇത്രയധികം കുമികള്‍ പുറത്തു വരുന്നതിനാല്‍ തന്നെ സമുദ്രത്തിന് അടിയില്‍ നിന്ന് പുറത്തേക്ക് വരുന്നത് ശക്തമായ ഉറവ തന്നെയാണെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വർധിപ്പിക്കുന്നു. 

കുമിളകള്‍ക്കു പിന്നില്‍

അടിത്തട്ടില്‍ നിന്ന് പുറത്തേക്കു വരുന്ന ഉറവയ്ക്കൊപ്പം കാണപ്പെടുന്ന ആയിരക്കണക്കിന് കുമിളകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നതാണ് അടുത്ത ചോദ്യം. ഉത്തരം വളരെ ലളിതമാണ്. ഉറവയ്ക്കൊപ്പം മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ് ഈ കുമിളകളായി കാണപ്പെടുന്നത്. അതായത് പുറത്തേക്ക് വരുന്ന ഉറവയ്ക്കൊപ്പം വലിയ അളവില്‍ കാര്‍ബണ്‍ ഡയോക്സൈഡും ഇവിടേക്കെത്തുന്നു എന്നര്‍ത്ഥം.

ഇതും പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. കാനഡിയിലെ കരമേഖലയില്‍ ഈ പ്രതിഭാസം ധാരാളമായി കാണപ്പെടുന്നതിനാല്‍ ആ പ്രദേശത്തിന്‍റെ പേര് തന്നെ സോഡാ സ്പ്രിങ്സ് എന്നാണ്. ഇതിനു സമാനമായ സോഡാ സ്പ്രിങ് അഥവാ കാര്‍ബണേറ്റ് വാട്ടര്‍ തന്നെയാണ് ഇന്തോനീഷ്യയിലും കടലില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇതിന്‍റെ സ്രോതസ്സ് ഒരു പക്ഷെ പണ്ടെങ്ങോ നിർജീവമായി ഇല്ലാതായ അഗ്നിപര്‍വതങ്ങളില്‍ ഒന്നാകാമെന്നും ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഗവേഷകരെ ഈ ഉറവയിലേക്കും കാര്‍ബണ്‍ ഡയോക്സൈഡിലേക്കും ആകര്‍ഷിക്കുന്നത് ഇവയുടെ ഉറവിടത്തിന്‍മേലുള്ള കൗതുകമല്ല. മറിച്ച് ഈ കാര്‍ബണ്‍ ഡയോക്സൈഡ് ഈ മേഖലയിലെ സമുദ്രജീവികളെയും അവയുടെ ആവാസ വ്യവസ്ഥയേയും എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താനുള്ള ത്വരയാണ്.

വെര്‍ഡെ ഐലന്‍ഡ് പാസ്സേജ്

ഇന്തോനീഷ്യയിലെ തെക്കന്‍ ദ്വീപസമൂഹങ്ങള്‍ക്കിടയിലെ സമുദ്രമേഖലയായ വെര്‍ഡലെ ഐലന്‍ഡ് പാസ്സേജിലാണ് ഈ  ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഈ ഉറവ കണ്ടെത്തിയ പ്രദേശം സമുദ്ര ജീവികളാല്‍ സമ്പന്നമാണ്. വലിയൊരു  പവിഴപ്പുറ്റ് ശൃംഖലയും ഈ പ്രദേശത്തുണ്ട്. സമുദ്രത്തിനടിയിലെ നിത്യഹരിത വനമേഖലയെന്നാണ് പവിഴപ്പുറ്റുകളെ പൊതുവെ വിളിക്കുന്നത്. അത്രയധികം സമ്പന്നമാണ് പവിഴപ്പുറ്റുകളിലെ ജൈവവ്യവസ്ഥ. 

ഉറവ്യ്ക്കൊപ്പം പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഈ പ്രദേശത്തെ ജൈവവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠനം നടത്തുകയാണ് ഗവേഷകരിപ്പോള്‍. ഇതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. മനുഷ്യരുടെ ഇടപെടല്‍ മൂലം കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗോളതാപനവും വർധികുമ്പോള്‍ സമുദ്രത്തിലെയും കാര്‍ബണിന്‍റെ അളവ് വർധിക്കും. ഈ സമയത്ത് സമുദ്രത്തിലെ ജൈവവ്യവസ്ഥ ഈ മാറ്റത്തോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ശാസ്ത്രലോകം ഉറ്റു നോക്കുന്നത്.

ഈ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് വെര്‍ഡെ ഐലന്‍ഡ് പാസ്സേജില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ സാന്നിധ്യം ഇപ്പോള്‍ ഉണ്ടായതല്ല മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങളായി മേഖലയിലുള്ളതാണ്. അത് കൊണ്ട് തന്നെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്സൈഡ് എങ്ങനെ ജൈവവ്യവസ്ഥയെ ബാധിക്കുന്നു എന്നത് ഈ മേഖലയിലെ തുടര്‍ പഠനങ്ങളിലൂടെ വ്യക്തമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തു വരുന്ന മേഖലയില്‍ ഈ വാതകത്തിന്‍റെ സാന്നിധ്യം അന്തരീക്ഷ അളവിലും 200 ഇരട്ടിയാണ്. എന്നാല്‍ ഇവ സമുദ്രജലത്തില്‍ ലയിക്കുന്നതോടെ വൈകാതെ ചുറ്റുപാടുമുള്ള സമുദ്രമേഖലയിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവുമായി ഒരു പരിധി വരെ പൊരുത്തപ്പെടുന്നു. എന്നാല്‍ അപ്പോഴും ലോകസമുദ്ര ശരാശരിയേക്കാള്‍ മുകളിലാണ് ഈ മേഖലയിലെ കാര്‍ബണിന്‍റെ സാന്നിധ്യമെന്ന് ഗവേഷകര്‍ പറയുന്നു. 

English Summary: Divers Discover a Magical Bubbling Underwater Spring on The Ocean Floor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA