ADVERTISEMENT

അപൂർവസസ്യങ്ങളുടെ കലവറയായി കണ്ണൂർ ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ് കുട്ടികളുടെ ജൈവവൈവിധ്യപാർക്ക്. വ്യത്യസ്തങ്ങളായ അറുനൂറിലധികം  സസ്യങ്ങളും 91 തരം ചിത്രശലഭങ്ങളും, 54 പക്ഷിവർഗങ്ങളും ഇവിടെയുണ്ട്. കോട്ടൂർ പന്നിയോട്ടു മൂലയിലാണ് കൂറ്റൻ മരങ്ങളും കുറ്റിച്ചെടികളും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ കുട്ടിവനം. പ്രകൃതിയെ സംരക്ഷിക്കാനും, പഠിക്കാനും  കുട്ടികൾ സ്വന്തമായി നട്ടുനനച്ച മനോഹരമായ പാഠശാലയാണിത്.

ശ്രീകണ്ഠപുരം പഞ്ചായത്തിന്റെ 2007 08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവവൈവിധ്യ പാർക്ക് തുടങ്ങിയതു മുതൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് സ്‌കൂളിലെ എൻഎസ്എസ് യൂനിറ്റാണ്. നാല് ഏക്കർ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ അധ്യാപകരും വിദ്യാർഥികളുമെത്താത്ത ഇടങ്ങളോ ഇവരുടെ സ്പർശമേൽക്കാത്ത ജൈവ സമ്പത്തോ ഇന്നില്ല. അധ്യാപകനായിരുന്ന  ടി.എം. രാജേന്ദ്രനാണ് 12 വർഷം മുൻപ് ജൈവവൈവിധ്യ ഉദ്യാനം എന്ന ആശയവുമായി മുന്നോട്ട് വന്നത്.

അന്ന് പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന 4 ഏക്കർ  വൈവിധ്യങ്ങളുടെ ലോകത്തിനായി തുറന്ന് കൊടുക്കുകയായിരുന്നു. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ ആദ്യ വർഷം തന്നെ ആരംഭിച്ചു. പരമ്പരാഗത രീതിയിലുള്ള ട്രഞ്ചിങ് സംവിധാനം ഇവിടെ ഒരുക്കി. പാലക്കാടൻ ആദിവാസികളുടെ ശാസ്ത്രീയ ജലസംഭരണ രീതിയും ആരംഭിച്ചു. കുന്നിൻ ചെരിവ് തട്ടുകളായി തിരിച്ചാണ് ചെടികൾ നട്ടു പിടിപ്പിച്ചത്.

അപൂർവവും അന്യം നിന്നു പോയതുമായ ചെടികൾക്കാണ് പാർക്കിൽ പ്രാമുഖ്യം നൽകിയത്. ഒരേ തരത്തിലുള്ള രണ്ട് ചെടികൾ വീതമാണ് പാർക്കിലുള്ളത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന സസ്യജൈവ വൈവിധ്യം പൂർണ്ണമായും സംരക്ഷിച്ചായിരുന്നു നിർമാണം. പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജ്, കൽപറ്റയിലെ ഡോ. എം.എസ്. സ്വാമിനാഥൻ കാർഷിക ജൈവവൈവിധ്യ പഠന കേന്ദ്രം, വയനാട്ടിലെ പെരിയ എന്നിവിടങ്ങളിൽ നിന്നാണ് ചെടികൾ കൊണ്ടുവന്നത്. 

ഒരു നക്ഷത്രം, ഒരു മരം

പഴച്ചെടികൾ, വള്ളിച്ചെടികൾ, മുളകൾ, പൂച്ചെടികൾ, വന്മരങ്ങൾ തുടങ്ങി കറുകപ്പുല്ലിനു വരെ ഈ പാർക്കിൽ സ്ഥാനമുണ്ട്. സസ്യങ്ങളിലെ വൈവിധ്യം പലതരം ചിത്രശലഭങ്ങളേയും പക്ഷികളേയും പാർക്കിലേക്ക് ആകർഷിച്ചു. ചെറുപ്രാണികൾ, നിശാശലഭങ്ങൾ, തുമ്പികൾ തുടങ്ങിയവയെല്ലാം ഇവിടെ ധാരാളമായുണ്ട്. 

നാൽപാമരം, ദശമൂലം, ദശപുഷ്പം എന്നീ വിഭാഗത്തിൽപ്പെട്ട ഒട്ടുമിക്ക ചെടികളും പാർക്കിൽ ഉണ്ട്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുന്നിലും മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പേര്, ശാസ്ത്രനാമം, കുടുംബം എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ഒരോ നക്ഷത്രങ്ങളിലും ജനിക്കുന്നയാൾ ഒരു നിശ്ചിതമരം വെച്ചു പിടിപ്പിക്കണമെന്നുണ്ടായിരുന്നു. 

27 ജന്മനക്ഷത്രങ്ങൾക്ക് അനുയോജ്യമായ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഒരു നക്ഷത്ര വനവും ഇവിടെ ഒരുക്കിയിട്ടുണ്്. സന്ദർശകർക്കായി പണ്ട് കാലത്ത് ഒരോ നക്ഷത്രങ്ങളിലും ജനിക്കുന്നയാൾ ഒരു നിശ്ചിതമരം വെച്ചു പിടിപ്പിക്കണമെന്നുണ്ടായിരുന്നു. 27 ജന്മനക്ഷത്രങ്ങൾക്ക് അനുയോജ്യമായ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഒരു നക്ഷത്ര വനവും ഇവിടെ ഒരുക്കിയിട്ടുണ്്.സന്ദർശകർക്കായി സന്ദർശകർക്കായി കല്ലുകൾ പാകിയ നടപ്പാതയുമുണ്ട്. 

പൂവാംകുരുന്നില

എല്ലാ വർഷവും ഇവിടെ ജൈവവൈവിധ്യ പഠന സർവേകൾ നടത്തി ഇതിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ വിപുലീകരിക്കാറുണ്ട്.കൂടാതെ കുട്ടികൾക്കായി പ്രകൃതിപഠന ക്യാംപുകൾ, വനയാത്ര തുടങ്ങിയവ ഇവിടെ നടത്താറുണ്ട്. ജൈവവൈവിധ്യ പഠനത്തിനായി ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയ ഫീൽഡ് ഗൈഡുകൾ തയാറാക്കി പ്രസിദ്ധീകരിച്ചു.

ഓരില എന്ന പേരിൽ മൂന്നു വാള്യങ്ങളിലായാണ് ഫീൽഡ് ഗൈഡ് തയാറാക്കിയത്. ജൈവവൈവിധ്യ പാർക്കിനെക്കുറിച്ചുള്ള 'പൂവാംകുരുന്നില' എന്ന ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. വിവിധയിനം ചിത്രശലഭങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനത്തിലെ പ്രധാന ആകർഷണം. ഇവിടെത്തെ ശലഭങ്ങളെ നിരീക്ഷിച്ച് സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്  ഒരു കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പാർക്കിൽനിന്ന് നിരീക്ഷിച്ചു രേഖപ്പെടുത്തിയ 89 ചിത്രശലഭങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.

ഓരോ ശലഭത്തിന്റെയും വർണചിത്രം, മലയാളം,ഇംഗ്ലിഷ് പേര്, ശാസ്ത്രീയനാമം, ആദ്യമായി ശലഭത്തെ വിവരിച്ച ശാസ്ത്രജ്ഞൻ, വർഷം, ശലഭത്തിന്റെ ലാർവ ഭക്ഷണമാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയ നാമം എന്നീ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ വി.സി.ബാലകൃഷ്ണൻ എഴുതിയ 'ശലഭോദ്യാനങ്ങൾ എങ്ങനെ വളർത്തിയെടുക്കാം' എന്ന ലേഖകനവും ചിത്രശലഭങ്ങളുടെ ജീവിതചക്രം, ജീവിതരീതി എന്നിവയെ സംബന്ധിച്ച് ശലഭനിരീക്ഷകനായ ഗിരീഷ് മോഹൻ എഴുതിയ ലേഖനവും പുസ്തകത്തിലുണ്ട്. കഴിഞ്ഞ വർഷം വനം മന്ത്രി കെ.രാജുവാണ് കൈപുസ്തകത്തിന്റെ  പ്രകാശനം നടത്തിയത്.

English Summary: Biodiversity park-sreekandapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com