പസിഫിക്കിനടിയില്‍ മറഞ്ഞ നിഗൂഢ ഭൂഖണ്ഡത്തിന്‍റെ ഉദ്ഭവ രഹസ്യം; അമ്പരന്ന് ഗവേഷകർ!

Geologists Finally Reveal The Forces That Forged Earth's Sunken Continent Zealandia
SHARE

മൂന്ന് വര്‍ഷം മുന്‍പാണ് പസിഫിക്കിനടിയില്‍ നിഗൂഢതയില്‍ മറഞ്ഞു കിടന്നിരുന്ന സീലാന്‍ഡിയ എന്ന വന്‍കര ഗവേഷകര്‍ കണ്ടെത്തിയത്. കടലിനടിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഒരു വന്‍കരയ്ക്കു വേണ്ട എല്ലാ പ്രത്യേകതകളും സീലാന്‍ഡിയയ്ക്കുണ്ടായിരുന്നു എന്നതാണ് ഗവേഷരെ അദ്ഭുപ്പെടുത്തിയ കാര്യം. ദശാബ്ദങ്ങളായി നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് സീലാന്‍ഡിയ ഒരു വന്‍കര തന്നെയാണെന്ന കാര്യം ശാസ്ത്രലോകം ഉറപ്പിച്ചത്. ഇപ്പോഴാകട്ടെ സീലാന്‍ഡിയയുടെ ഉദ്ഭവത്തിലേക്കു നയിച്ച കാരണങ്ങളെ സംബന്ധിച്ചും ഗവേഷകര്‍ ഏകദേശ ധാരണയിലെത്തിയിരിക്കുകയാണ്. 

സീലാന്‍ഡിയയുടെ ഉദ്ഭവം

കടലിനടിയിലെ വന്‍കര എന്നു സൂചിപ്പിക്കുന്നതു തന്നെയാണ് സീലാന്‍ഡിയ എന്ന പേര്. പസിഫിക്കിന്‍റെ തെക്കുപടിഞ്ഞാറ് മേഖലയിലായി ഏതാണ്ട് അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് സീലാന്‍ഡിയ വ്യാപിച്ചു കിടക്കുന്നത്. ഭൂമിയിലെ ഭൂപാളികളുടെ വിതരണത്തെ കാര്യമായി സ്വാധീനിച്ച രണ്ട് ടെക്ടോണിക് പ്രതിഭാസങ്ങളാണ് ക്രമേണ സീലാന്‍ഡിയയുടെ ഉദ്ഭവത്തിലേക്ക് നയിച്ചതെന്നാണു കരുതുന്നത്. ആദ്യത്തേത് സീലാന്‍ഡിയ എന്ന് ഇന്നറിയപ്പെടുന്ന മേഖല ഓസ്ട്രേലിയയില്‍ നിന്നും അന്‍റാര്‍ട്ടിക്കില്‍ നിന്നും വിഘടിച്ചു പോരുന്നതിനു കാരണമായി. രണ്ടാമത്തേത് സീലാന്‍ഡിയയെ ഇന്നത്തെ രൂപത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റിങ് ഓഫ് ഫയറിന്‍റെ രൂപപ്പെടിലിലേക്ക് നയിച്ചു.

സീലാന്‍ഡിയയെ അതിന്‍റെ പേരിലും രൂപത്തിലും മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത് സീലാന്‍ഡിയയുടെ ഇപ്പോഴത്തെ ഘടന തന്നെയാണ്. നിലവിലെ അംഗീകരിക്കപ്പെട്ട ആറ് ഭൂഖണ്ഡങ്ങളുടെയും പകുതിയോളം പ്രദേശങ്ങൾ സമുദ്രനിരപ്പിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതോ വലിയൊരളവു വരെ സമുദ്രനിരപ്പിനടിയിലോ ആണ്. എന്നാല്‍ സീലാന്‍ഡിയയുടെ കാര്യത്തില്‍ ഈ ഭൂഖണ്ഡം ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ശരാശരി 1 കിലോമീറ്ററാണ് സീലാന്‍ഡിയയുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ആഴം.

1972 ലാണ് സീലാന്‍ഡിയയില്‍ ആദ്യത്തെ പര്യവേഷണം നടത്തുന്നത്. ഓസ്ട്രേലിയയ്ക്കും, ന്യൂസീലന്‍ഡിനും, ന്യൂ കാന്‍ഡിലോണിയയ്ക്കും ഇടയിലുള്ള പ്രദേശത്തായിരുന്നു ഈ പര്യവേഷണം നടത്തിയത്. എന്നാല്‍ അക്കാലത്ത് ഇത് മറ്റൊരു ഭൂഖണ്ഡമായി കണക്കാക്കിയിരുന്നില്ല എന്നു മാത്രം. ദിനോസറുകളുടെ കാലത്താണ് സീലാന്‍ഡിയും ഓസ്ട്രേലിയയും അടങ്ങുന്ന ഭൂഭാഗം വലിയ വന്‍കരയായിരുന്ന ഗോഡ്വാന ലാന്‍ഡില്‍ നിന്ന് അടര്‍ന്നു മാറിയതെന്നാണു കരുതുന്നത്. ഈ മേഖലയിലാണ് തുടര്‍ന്ന് ടാസ്മാനിയന്‍ സീ എന്നു വിളിക്കുന്ന സമുദ്രമേഖല രൂപപ്പെട്ടതെന്നും ഗവേഷകര്‍ കരുതുന്നു. 

പസിഫിക് റിങ് ഓഫ് ഫയര്‍

ഒട്ടനവധി ഭൂചലനങ്ങള്‍ സീലാന്‍ഡിയയുടെ രൂപപ്പെടലിനു കാരണമായിട്ടുണ്ടെങ്കിലും സീലാന്‍ഡിയയെ ഇന്നത്തെ രൂപത്തിലെത്തിച്ചത് പസിഫിക് റിങ് ഓഫ് ഫയറിന്‍റെ സ്വാധീനമാണെന്നു ഗവേഷകര്‍ കരുതുന്നു. പസിഫികിന്‍റെ ഒരറ്റം മുതല്‍ അടുത്ത അറ്റം വരെ നീളുന്ന അഗ്നിപര്‍വത നിരയാണ് റിങ് ഓഫ് ഫയര്‍. സ്ഥിരമായി ഭൂചലനങ്ങള്‍ ഉണ്ടാവുകയും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ മൂലം ഭൂവിസ്തൃതിയില്‍ സ്ഥിരമായി മാറ്റം വരുന്ന മേഖല കൂടിയാണിത്.  ഇങ്ങനെ വന്ന മാറ്റങ്ങള്‍ തന്നൊയാണ് സീലാന്‍ഡിയയുടെ കരമേഖലയുടെ അതിര്‍ത്തി രൂപപ്പെടുത്തിയതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

2017 മുതല്‍ സീലാന്‍ഡിയയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകം തുടരുന്നുണ്ട്. ഇന്‍റര്‍നാഷണല്‍ ഓഷ്യന്‍ ഡിസ്കവറി പ്രോഗ്രാം എന്ന കൂട്ടായ്മയാണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോഡീസ് റെസല്യൂഷന്‍ എന്ന കപ്പലില്‍ 32 ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം ഇപ്പോഴും സീലാന്‍ഡിയയെ കുറിച്ചുള്ള രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണത്തിലാണ്. 

English Summary: Geologists Finally Reveal The Forces That Forged Earth's Sunken Continent Zealandia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA