ADVERTISEMENT

ചിന്നാർ വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളുടെ പലായനം ആരംഭിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി മേഖലയായ മറയൂരിൽ നിന്നാണു കഴിഞ്ഞ ദിവസം ചിത്രശലഭങ്ങളുടെ പലായനം ആരംഭിച്ചത്. ഡാർക്ക് ബ്ലൂ ടൈഗർ, ബ്ലൂ ടൈഗർ, കോമൺ ക്രോ, പേൾ ടൈഗർ തുടങ്ങിയവയാണു കൂട്ടത്തോടെ പലായനം ചെയ്തത്. ഇതിൽ ഏറിയ പങ്കും ബ്ലൂ ടൈഗറാണ്. 

തമിഴ്നാടിന്റെ അതിർത്തി പ്രദേശവും ചൂടേറിയതുമായ ചിന്നാർ കരിമുട്ടി ഭാഗങ്ങളിൽ നിന്നു തണുപ്പുള്ള സമീപത്തെ നാഷനൽ പാർക്കിലെ ചോലവനങ്ങളും പുൽമേടുകളും ലക്ഷ്യമാക്കിയുള്ള ഇവയുടെ പലായനം 4 മണിക്കൂറോളം നീണ്ടു നിന്നു. ഇണ ചേരുന്നതിന് അനുയോജ്യമായ കാലാവസ്ഥ തേടിയാണ് ഇവർ സാധാരണയായി പലായനം ചെയ്യുന്നത്. 

പശ്ചിമഘട്ടത്തിൽ ഏകദേശം 44 തരം ചിത്രശലഭങ്ങൾ ഈ വിധം പലായനം ചെയ്യാറുണ്ട്. ഈ യാത്രയ്ക്കിടയിൽ അവ കൂട്ടത്തോടെ ചില മരങ്ങളിലും ചെടികളിലും വിശ്രമിക്കാറുണ്ട്. ഇത്തരം കൂട്ടത്തോടെയുള്ള ചിത്രശലഭങ്ങളുടെ പലായനത്തിനു പ്രകൃതിയിൽ പലതും നിർവഹിക്കാറുണ്ട്. ഭക്ഷ്യശൃംഖലയിൽ പ്രധാന കർമം നിർവഹിക്കുന്നതിനോടൊപ്പം വ്യാപകമായ പരാഗണവും പ്രകൃതിയിൽ സംഭവിക്കുന്നു. ശലഭങ്ങൾ കൂട്ടത്തോടെ എത്തിയാൽ ആ വർഷം നല്ല മഴ ലഭിക്കുമെന്നാണു മറയൂർ മലനിരകളിലെ ആദിവാസികളുടെ വിശ്വാസം.

ആദിവാസികളുടെ വിശ്വാസത്തിനു ശാസ്ത്രീയവശമുണ്ടെന്നു പരിസ്ഥിതി നിരീക്ഷകരും പറയുന്നു. കാടുകളിലെ കടുത്ത മഴയെ അതിജീവിക്കാനായാണു കൂട്ടമായി ഇവ സമതല പ്രദേശങ്ങളിലേക്കു പറക്കുന്നത്. 2005 ലാണ് ചിന്നാറിലെ ശലഭ ദേശാടനം പഠനവിധേയമാക്കിയത്. ഡോ. കൃഷ്ണ മേഘകുണ്ടേ നടത്തിയ നിരീക്ഷണത്തിൽ 3 ദിവസം കൊണ്ട് 1,75,000 ശലഭങ്ങൾ കടന്നുപോയതായി രേഖപ്പെടുത്തിയിരുന്നു.

English Summary: Blue tigers pull crowd to Chinnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com