കൊടുങ്കാടിനു നടുവിലെ അജ്ഞാത നഗരം.; പര്യവേഷകരെ ഞെട്ടിച്ച് കാട്ടിലെ ‘ലോസ്റ്റ് വൈറ്റ് സിറ്റി’

Lost City in the Honduran Rain Forest
SHARE

ഹോണ്ടുറസിലെ ജനങ്ങളുടെ ഓർമയിൽ ഇന്നുമുണ്ട് നൂറ്റാണ്ടുകൾ കൈമാറിയെത്തിയ ഒരു കഥയുടെ അവശിഷ്ടങ്ങൾ. വൈറ്റ് സിറ്റിയിലെ കുരങ്ങു ദൈവത്തിന്റെ കഥയാണത്. കൊടുങ്കാടിനു നടുവിലായിരുന്നു വൈറ്റ് സിറ്റിയെന്ന അജ്ഞാത നഗരം. അതിന്റെ കൃത്യമായ സ്ഥാനം പക്ഷേ ഇന്നും ആർക്കുമറിയില്ല. പേരുപോലെത്തന്നെ ആ നഗരത്തിന്റെ ദൈവം ഒരു ഭീമൻ കുരങ്ങനായിരുന്നു. മനുഷ്യരായിരുന്നു അവന്റെ ഇരകൾ. പുരുഷന്മാരെ അവൻ വെറുതെവിട്ടു, പക്ഷേ മനുഷ്യസ്ത്രീകളെ പിടികൂടി കൊന്നു തിന്നു. പലരെയും തടവിൽ പാർപ്പിച്ചു. 

വൈറ്റ് സിറ്റിയിൽ ജനിച്ച കുട്ടികളെല്ലാം പാതി മനുഷ്യരും പാതി കുരങ്ങുമായിരുന്നെന്നും കഥകളിൽ പറയുന്നു. കാടിനു നടുവിലെ ഈ അജ്ഞാത നഗരത്തിന്റെ പഴങ്കഥയ്ക്ക് പതിനാറാം നൂറ്റാണ്ടോളം പഴക്കമുണ്ട്. എന്നാൽ പുരാവസ്തു ഗവേഷകർ ഇതിനെ വെറുമൊരു കഥയായി തള്ളിക്കളയാൻ തയാറായിട്ടില്ല. വൈറ്റ് സിറ്റി സ്ഥിതി ചെയ്യുന്നുവെന്നു പറയപ്പെടുന്ന മഴക്കാട്ടിൽ നിന്നു ലഭിച്ച തെളിവുകൾ തന്നെ ഉദാഹരണം. ഒരിക്കൽ നടത്തിയ പര്യവേഷണത്തിൽ കുരങ്ങിന്റെ തലയുള്ള രാജാവിന്റെ വിഗ്രഹം കൂടി ലഭിച്ചതോടെ ഇതുവരെ കേട്ടത് വെറുമൊരു കഥയല്ലെന്നും ഏകദേശം ഉറപ്പായി. 

സ്പാനിഷ് പടത്തലവനായ ഹെർമൻ കോർട്ടസ് പതിനാറാം നൂറ്റാണ്ടിന്റെ തന്റെ പടയോട്ടത്തിനിടെ വെറ്റ് സിറ്റിയെപ്പറ്റി കേട്ടതായി സൂചനകളുണ്ട്. ഹോണ്ടുറസിൽ ഗ്രാമങ്ങളും നഗരങ്ങളും നിറഞ്ഞ, അതീവ സമ്പന്നമായ ഒരു പ്രദേശം, അതിനെപ്പറ്റി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിവ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഹെർനസ് രേഖപ്പെടുത്തിയത്. എന്നാൽ അതു കണ്ടെത്താൻ മാത്രം പറ്റിയില്ല. വൈമാനികനായ ചാൾസ് ലിൻഡ്ബെർഗ് 1927ൽ കിഴക്കൻ ഹോണ്ടുറസിലെ മഴക്കാടുകൾക്കു മുകളിലൂടെ പറക്കുമ്പോൾ ഒരു ‘വൈറ്റ് സിറ്റി’ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

അക്കാദമിക പരമായി വൈറ്റ് സിറ്റിയെപ്പറ്റി ആദ്യ പരാമർശം നടത്തുന്നത് ഗവേഷകനായ എഡ്വേഡ് കോൺസ്മിയസാണ്. നഗരത്തിലെ കെട്ടിങ്ങളും മറ്റും നിർമിക്കാൻ വെളുത്ത കല്ലുകൾ ഉപയോഗിച്ചതിനാലായിരുന്നു ആ പേര് വീണതെന്നും അദ്ദേഹം പറയുന്നു. പിന്നെയും പലരും പലകാലത്തായി വൈറ്റ് സിറ്റി കണ്ടെത്തിയതായി അവകാശപ്പെട്ടു. എന്നാൽ കൃത്യമായി സ്ഥലം എവിടെയാണെന്ന് ആർക്കും പറയാനുമായില്ല. നിധിയൊളിഞ്ഞിരിക്കുന്ന കൊടുങ്കാട്ടിലെ അജ്ഞാത നഗരത്തെപ്പറ്റി മാധ്യമങ്ങളിലും വാർത്ത നിറഞ്ഞു. അതോടെ 1990കളിൽ പര്യവേഷക സംഘത്തിന്റെ കുത്തൊഴുക്കായിരുന്നു ഹോണ്ടുറസിലേക്ക്. 

Lost City in the Honduran Rain Forest

പിന്നീട് സർക്കാർ–എൻജിഒ തലങ്ങളിലും പര്യവേഷക സംഘങ്ങളെ നിയോഗിച്ചു. അത്തരമൊരു എൻജിഒ സംഘത്തിന്റെ മുന്നിലാണ് ഇത്തവണ മറ്റൊരു അദ്ഭുതം സംഭവിച്ചത്. വൈറ്റ് സിറ്റിയുടെ തന്നെ ഭാഗമെന്നു കരുതുന്ന സിറ്റി ഓഫ് ദ് ജാഗ്വാറിലായിരുന്നു ഇവരുടെ ഗവേഷണം. പുരാവസ്തുക്കൾ കാര്യമായൊന്നും ലഭിച്ചില്ല. അതിനാൽത്തന്നെ ആർക്കിയോളജിസ്റ്റുകൾ നിരാശരായിരുന്നു. പക്ഷേ കൂട്ടത്തിലൊരു ബയോളജിസ്റ്റുണ്ടായിരുന്നു– ട്രോൻഡ് ലാർസൻ. അദ്ദേഹത്തിന്റെ കണ്ണ് അദ്ഭുതം കൊണ്ടു പുറത്തേക്കു തള്ളിയ അവസ്ഥയിലായിരുന്നു. ലോകത്തു നിന്നു തന്നെ എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയിരുന്നെന്നു കരുതിയിരുന്ന നൂറുകണക്കിന് മൃഗങ്ങളെയാണ് വൈറ്റ് സിറ്റി പ്രദേശത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്. 

ചില മൃഗങ്ങളും സസ്യങ്ങളും അപൂർവങ്ങളിൽ അപൂർവമായിരുന്നു, ചിലത് ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്തവയും. ഇന്നേവരെ മനുഷ്യസ്പർശം ഏൽക്കാതിരുന്നതിനാലാണ് ജൈവസമ്പത്തിന് യാതൊരു കേടുപാടുകളും സംഭവിക്കാതിരുന്നത്. വിർജിനിയ ആസ്ഥാനമായുള്ള കൺസർവേഷൻ ഇന്റർനാഷനൽ എന്ന എൻജിയോയുടെ പര്യവേഷണത്തിന്റെ ഭാഗമായി ലാർസനും സംഘവും കാട്ടിലേക്കെത്തിയത് ഹെലികോപ്ടറിലായിരുന്നു. സഹായത്തിന് പട്ടാളവും. കാട്ടിലൊളിച്ചു താമസിക്കുന്ന ഹോണ്ടുറസിലെ കുപ്രസിദ്ധ ലഹരിമരുന്നു മാഫിയ സംഘത്തിന്റെ ഭീഷണിയുള്ളതിനാലായിരുന്നു സൈനിക കാവൽ. സെൻട്രൽ അമേരിക്കയുടെ സമ്പന്നമായ ജൈവമേഖലയെ സംരക്ഷിക്കേണ്ട ആവശ്യകതയിലേക്കു കൂടിയായിരുന്നു എന്തായാലും ലാർസനും സംഘവും വന്നിറങ്ങിയത്. 

180 സ്പീഷീസില്‍പ്പെട്ട ചെടികൾ, 250 തരത്തിൽപ്പെട്ട പ്രാണികൾ, 198 തരം പക്ഷികള്‍, പുതിയ ഇനം മത്സ്യങ്ങൾ തുടങ്ങിയവയെയാണ് പര്യവേഷണത്തിനിടെ കണ്ടെത്താനായത്. കൂട്ടത്തിൽ കണ്ടെത്തിയ പെയ്ൽ–ഫെയ്സ്ഡ് ബാറ്റിനെ 75 വർഷമായി ഹോണ്ടുറസിൽ കാണാനില്ലായിരുന്നു. ചുവന്ന കണ്ണുള്ള മരത്തവളകൾ, പ്രത്യേകതരം കണ്ണുള്ള അണലി തുടങ്ങിയവയെയും കണ്ടെത്തി. ചില ജീവികളെയെല്ലാം ഹോണ്ടുറസിൽ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടും, വനനശീകരണവും വേട്ടയാടലും മറ്റും കാരണവും പലതും ഇല്ലാതാവുകയായിരുന്നു. ജൈവവ്യവസ്ഥ ഇപ്പോഴും ഒരു പോറലുമേൽക്കാതെ സംരക്ഷിക്കപ്പെടുന്ന മധ്യ അമേരിക്കയിലെ അപൂർവം ഇടങ്ങളിലൊന്നെന്നാണ് ഗവേഷകർ നിലവിലെ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. പ്രദേശം ഏറ്റെടുത്തു സംരക്ഷിക്കാനും കൂടുതൽ ഗവേഷണം നടത്താനുമാണ് സർക്കാർ തീരുമാനം. അതോടൊപ്പം തന്നെ ആരും വൈറ്റ് സിറ്റിയെ മറന്നിട്ടില്ല– ആ അജ്ഞാത നഗരത്തിന്റെയും തെളിവുകൾ തേടി ഗവേഷകർ യാത്ര തുടരുകയാണ്...

English Summary: Lost City in the Honduran Rain Forest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA